സർക്കാർ സേവനങ്ങൾക്കായി ഫോമുകൾ പൂരിപ്പിച്ചും നീണ്ട വരികളിൽ കാത്തുനിന്നും മടുത്തോ? എന്നാൽ ഇനി ആ ബുദ്ധിമുട്ട് വേണ്ട. നിങ്ങളുടെ സ്മാർട്ട്ഫോൺ വഴി ഇവയെല്ലാം ഇപ്പോൾ എളുപ്പത്തിൽ ചെയ്യാം. പണമടയ്ക്കാനും പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കാനും പിഎഫ് അക്കൗണ്ട് വിവരങ്ങൾ അറിയാനും ആരോഗ്യ വിവരങ്ങൾ കൈകാര്യം ചെയ്യാനും സഹായിക്കുന്ന സർക്കാർ പുറത്തിറക്കിയ ചില ആപ്പുകൾ പരിചയപ്പെടാം.
1. ഡിജിലോക്കർ : പ്രധാന രേഖകളെല്ലാം ഒറ്റ ആപ്പിൽ
ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഇൻഷുറൻസ് രേഖകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാനും എളുപ്പത്തിൽ ഉപയോഗിക്കാനും ഡിജിലോക്കർ സഹായിക്കുന്നു. ഇതിലെ രേഖകൾക്ക് നിയമപരമായ സാധുതയുള്ളതിനാൽ പലയിടത്തും ഒറിജിനൽ രേഖകൾ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. വിദ്യാർത്ഥികൾക്കും ജോലി അന്വേഷിക്കുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഇത് വളരെ ഉപകാരപ്രദമാണ്.
2. ഭീം : യുപിഐ ഇടപാടുകൾക്ക് ഏറ്റവും ലളിതം
ലളിതമായ ഒരു യുപിഐ ആപ്പാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഭീം ആപ്പ് മികച്ച ഓപ്ഷനാണ്. പണം അയക്കാനും സ്വീകരിക്കാനും, ക്യുആർ കോഡ് സ്കാൻ ചെയ്യാനും, കടകളിൽ പണമടയ്ക്കാനും, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും ഈ സർക്കാർ ആപ്പ് വഴി സാധിക്കും. യുപിഐ നെറ്റ്വർക്ക് വഴി പ്രവർത്തിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും ഇടപാടുകൾ നടത്താം.
3. ഉമംഗ് : നൂറുകണക്കിന് സേവനങ്ങൾ ഒറ്റ ആപ്പിൽ
ഓരോ സർക്കാർ വകുപ്പുകൾക്കുമായി വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് പകരം, നിരവധി സേവനങ്ങൾ ഒറ്റയിടത്ത് ലഭ്യമാക്കുന്ന ആപ്പാണ് ഉമംഗ്. ഇപിഎഫ്ഒ സേവനങ്ങൾ, പെൻഷൻ വിവരങ്ങൾ, കറണ്ട്- വാട്ടർ ബില്ലുകൾ അടയ്ക്കൽ, ഗ്യാസ് ബുക്കിംഗ്, പാസ്പോർട്ട് സേവനങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ ചെയ്യാം
4. ആഭ : ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ
സർക്കാരിന്റെ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ ഭാഗമായി ഒരു വ്യക്തിഗത ഡിജിറ്റൽ ഹെൽത്ത് ഐഡി സൃഷ്ടിക്കാൻ ആഭ ആപ്പ് സഹായിക്കുന്നു. പദ്ധതിയുടെ ഭാഗമായിട്ടുള്ള ആശുപത്രികൾക്കും ഡോക്ടർമാർക്കും നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും. തുടർച്ചയായി ചികിത്സ തേടുന്നവർക്കും പല ആശുപത്രികൾ സന്ദർശിക്കുന്ന രോഗികൾക്കും ഈ ആപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
5. എംആധാർ : ആധാർ സേവനങ്ങൾ വിരൽത്തുമ്പിൽ
ആധാർ കാർഡിന്റെ ഡിജിറ്റൽ രൂപം ഫോണിൽ കൊണ്ടുനടക്കാൻ എംആധാർ ആപ്പ് സഹായിക്കും. ആധാർ സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനും, വിവരങ്ങൾ പുതുക്കാനും, ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ കണ്ടെത്താനും ഇതിലൂടെ കഴിയും.
തിരിച്ചറിയൽ രേഖ ആവശ്യമുള്ള എവിടെയും ഡിജിറ്റൽ ആധാർ ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കും.