ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റാനുള്ള കേരള (Alteration of Name) ബിൽ, 2026 ലോക്സഭ പാസാക്കി. ഇന്ന് നടന്ന ലോക്സഭാ നടപടികളിലാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ കാര്യമായ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.
മലയാളത്തിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നായിരിക്കെ, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിലും ഭരണഘടനാപരമായ രേഖകളിലും ‘Kerala’ എന്ന പേര് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പേര് മാറ്റാനുള്ള നടപടികൾ ആരംഭിച്ചത്.
2024 ജൂൺ 24-ന് കേരള നിയമസഭ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭയും പേര് മാറ്റാനുള്ള നിർദേശത്തിന് അംഗീകാരം നൽകി.
തുടർന്ന് രാഷ്ട്രപതിയുടെ നിർദേശപ്രകാരം കേരള നിയമസഭ വിഷയം പരിഗണിക്കുകയും 2026 ജൂലൈയിൽ പേര് മാറ്റാനുള്ള ബില്ലിലെ വ്യവസ്ഥകൾ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
ലോക്സഭയുടെ അംഗീകാരത്തോടെ പേര് മാറ്റ നടപടിയിൽ നിർണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. ഇനി ഭരണഘടനാപരമായ തുടർനടപടികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നായി മാറും.