2026 നവംബര്‍ 27 | വെള്ളി
1202 വൃശ്ചികം 11, തിരുവാതിര
◾ പയ്യന്നൂര്‍ മുന്‍ എം.എല്‍.എ. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കേസെടുത്ത് പോലിസ്. കലാപാഹ്വാനവും ക്രിമിനല്‍ ഭീഷണിയുമടക്കമുള്ള വകുപ്പുചേര്‍ത്ത് പയ്യന്നൂര്‍ പോലീസാണ് കേസെടുത്തത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. പ്രസംഗം മുഴുവന്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
◾ കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയില്‍ കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡി.വൈ.എഫ്.ഐ പൊലീസില്‍ പരാതി നല്കി. പ്രസംഗത്തിനിടെ നടത്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്ന പരാമര്‍ശം ഭീതി പരത്തുന്നതാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
◾ കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയെന്നും അങ്ങനെ ഒരു മുഖ്യമന്ത്രി നടത്താന്‍ പാടുണ്ടോയെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. ഇത് കേട്ട് ചില പൊലീസുകാര്‍ ചാടി ഇറങ്ങിയിട്ടുണ്ട്. എസ്എഫ്ഐക്കാരുടെ വീട്ടില്‍ പൊലീസ് കയറിയിറങ്ങുകയാണ്. ആവേശത്തില്‍ ഇറങ്ങുന്ന പൊലീസുകാര്‍ കോഴിക്കോടിന്റെ പഴയ സമര ചരിത്രം ഓര്‍ക്കണമെന്നും എല്ലാകാലവും യുഡിഎഫ് സര്ക്കാരായിരിക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
◾ ഗ്രൂപ്പ് പോര് പരിധിവിട്ടാല്‍ വാഹനം പഞ്ചറാകുമെന്ന മുന്നറിയിപ്പുമായി രമേശ് പിഷാരടി എം.എല്‍.എ. ഗ്രൂപ്പ് പോര് പരിധിവിട്ട കാലങ്ങളില്‍ ജനങ്ങള്‍ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തി താല്‍ക്കാലിക ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇടതുപക്ഷത്തിന് അനുകൂലമായിരുന്ന പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാക്കി മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാഫിക്കാണെന്നും അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് ഷാഫി കേരളത്തില്‍ മന്ത്രിയാകുമായിരുന്നുവെന്നും രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
◾ ഷാഫി പറമ്പിലിന് അനുകൂലമായി കണ്ണൂരിന് പിന്നാലെ പാലക്കാട്ടും ഫ്ലെക്സുകള്‍. പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്‍ഡ് സമീപത്താണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാടിന്റെ ഹൃദയത്തിലാണ് ഷാഫി, നോവിച്ചാല്‍ നോക്കിയിരിക്കില്ല എന്നുമാണ് ഫ്ലെക്സിലെ കുറിപ്പുകള്‍ വിശദമാക്കുന്നത്.
◾ ഷാഫി പറമ്പിലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാജ്മോഹന്‍ ഉണ്ണിത്താന്. വിവാദങ്ങള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ലെന്നും, പരിപാടികളുമായി തിരക്കിലാണെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. എല്ലാം പിന്നീട് പറയാമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
◾ ചക്കക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ഫലം കണ്ടില്ല. ആന, വൈകീട്ട് മൂന്നരയോടെ ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാര്ട്ടിംഗിന് അനുകൂലമായ സാഹചര്യം ആയിരുന്നില്ല. ഏലക്കാട്ടില്‍ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം 5 മണിയോടെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ദൗത്യം ഇന്നും തുടരും.
◾ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാല്‍ കെ.പി.സി.സി.ക്ക് കത്തുനല്‍കി. നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ മെയിലായാണ് കത്തയച്ചത്. പദ്മജയ്ക്കു പിന്നാലെ ബി.ജെ.പി. വിട്ട പദ്മിനി തോമസും കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്തെത്തി നേരിട്ട് കത്ത് കൈമാറിയിട്ടുണ്ട്.
◾ തൃത്താല പരുതൂര്‍ സ്കൂളിലെ വെടിവയ്പ്പില്‍ ഒന്‍പതാം ക്ലാസുകാരന് അനുകരിച്ചത് തമിഴ് സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. റീല്‍സും സിനിമയും കണ്ട് കൂട്ടുകാരുടെ മുന്പില് ആളാവാനായിരുന്നു ശ്രമം. തോക്ക് എവിടെ നിന്ന് വാങ്ങിച്ചതാണെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കാനാണ് പൊലീസ് തീരുമാനം.
◾ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം. സര്‍വകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പി.എസ്.സി മുഖേന നടത്തുന്നത്.
◾ കാസര്‍കോട് കുമ്പളയില്‍ ഫേസ്ക്രീം മാര്‍ക്കറ്റിംഗ് ഓഫീസ് പൂട്ടിയ നിലയില്‍. ഡിഗ്മ മാര്‍ക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസ് ഉപകരണങ്ങളും ബോര്‍ഡും ഉള്‍പ്പെടെ മാറ്റി. മലപ്പുറത്ത് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോള് യൂണിറ്റും അന്വേഷണം തുടങ്ങി.
◾ കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് പിന്‍വലിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍വ്വകലാശാല നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ ചൊവ്വാഴ്ച ഉത്തരവ് പറയും. വിദ്യാര്‍ത്ഥികളുടെയും വൈസ് ചാന്‍സിലറുടേയും വിശദമായ വാദം കഴിഞ്ഞ രണ്ട് ദിവസത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.
◾ ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസില്‍ ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്. ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവും മദ്യം പിടിച്ചെടുത്ത് വീടിന്റെ ഉടമയുമായ ലില്ലിയുടെ ഭര്‍ത്താവ് കാടയില്തട്ടില് ജോസിനെ വിളിച്ചു വരുത്തിയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൊഴി എടുത്തത്.
◾ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസിയുടെ വീടിന് തീവെച്ചയാള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് തൊട്ടില്‍പ്പാലം ചൂരണിയിലെ പുളിമൂട്ടില്‍ മാത്യൂസിന്റെ വീടിന് തീയിട്ട പഞ്ഞിക്കല്‍ ബിജു എന്ന കുര്യനെ 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ തിരുവനന്തപുരത്ത് കനത്ത മഴ. ഇന്നലെ പെയ്ത തീവ്രമഴയില്‍ കിഴക്കേകോട്ട, തമ്പാനൂര്‍, മണക്കാട്, വഞ്ചിയൂര്‍ ഉള്‍പ്പെടെയുള്ള നഗരപ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്റെ കിഴക്കേകോട്ടയിലെ മഴമാപിനിയില്‍ ഒരു മണിക്കൂറില്‍ 91 മി.മീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ദിവസം അവധി അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി വിജയ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
◾ ചെന്നൈയിലെ പ്രമുഖ വ്യവസായി വര്ധമാന് ജെയിനും ഭാര്യ രാധികയും ചേര്‍ന്ന് തിരുപ്പതി തിരുമല വെങ്കിടേശ്വരക്ഷേത്രത്തില്‍ 208 കോടി രൂപയിലേറെ വിലവരുന്ന 121 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചു. ആന്ധ്രപ്രദേശ് തിരുമലക്ഷേത്രത്തിലേക്ക് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ തുകയുടെ കാണിക്കയാണ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ കൈമാറിയത്.
◾ കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ്സ് ടീച്ചറും പ്രധാന അധ്യാപകനും ചേര്‍ന്ന് തല്ലി ചതച്ചെന്ന് പരാതി. പുറത്തും കാലുകളിലും ചൂരല്‍ കൊണ്ട് അടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾ ഭരണഘടനാ ദിനത്തില്‍ എസ്ഐആര്‍ വിരുദ്ധ സമരം സജീവമാക്കി പ്രതിപക്ഷ സംഘടനകള്‍. കോണ്‍ഗ്രസ് രാജ്യവ്യാപകമായി ഭരണഘടനാ സംരക്ഷണ മാര്‍ച്ച് നടത്തി. എസ്ഐആര്‍ വിരുദ്ധ കൂട്ടായ്മയും സംയുക്ത കിസാന്‍ മോര്‍ച്ചയും ജന്തര്‍ മന്ദറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംവിധാന്‍ ഗൗരവ് ദിവസ് സംഘടിപ്പിച്ചായിരുന്നു ബിജെപി മറുപടി.
◾ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നാം തീയതി വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചു. മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഈ ദിവസങ്ങളില്‍ ചര്‍ച്ചയായേക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. ദളിത്, പിന്നാക്ക, ന്യൂനപക്ഷേ ക്ഷേമത്തില്‍ ഊന്നിയാണ് പ്രകടന പത്രിക. സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും ലക്ഷ്യം വെച്ചാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്.
◾ ചീഫ് ഇലക്ഷന് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് മുംബൈയിലെ ദാദറിലുള്ള ശിവാജി പാര്‍ക്കില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ, സഹ-കണ്‍വീനര്‍ ആശുതോഷ് റാങ്ക എന്നിവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മുംബൈ പോലീസ്. നേരത്തെ സിജെപി നേതാവ്സൗരവ് ദാസിനെതിരെയും ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
◾ ബി.ആര്. അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്താനായി മീററ്റിലേക്ക് പോകുന്നതിനിടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ തടഞ്ഞെന്ന് സി.ജെ.പി. സഹ കണ്‍വീനര്‍ സൗരവ് ദാസ്. ഭരണഘടനാ ദിനത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ സമ്മതിച്ചില്ലെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
◾ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതിയ്ക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി. രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളോട് കൂടിയ മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
◾ ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്രതിരോധ സംവിധാനമായ 'ഭാര്‍ഗവാസ്ത്ര'യുടെ വികസന പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒരേസമയം, നിരവധി ഡ്രോണുകള്‍ കൂട്ടമായി ആക്രമിക്കുന്ന സാഹചര്യങ്ങളെ നേരിടാന്‍ ഈ സംവിധാനത്തിന് കഴിയും.
◾ കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര് കൊല്ലപ്പെട്ടു. ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താന് പൗരനും ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് പരിക്കേറ്റു.
◾ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഹിമാചലിനെ 67 റണ്‍സിന് തകര്‍ത്ത കേരളം അടുത്ത റൗണ്ടില്‍. കേരളം ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചല്‍ പ്രദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചുറിയും സഞ്ജു സാംസണിന്റെ മികച്ച പ്രകടനവുമാണ് കേരളത്തിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
◾ റൈസിങ് സ്റ്റാഴ്സ് ഏഷ്യാ കപ്പ് സെമിയില്‍ ഇന്ത്യ എ ടീമിനെ എട്ട് വിക്കറ്റിന് കീഴടക്കി ശ്രീലങ്ക എ ടീം ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലങ്കന്‍ ടീം മറികടന്നു. ലസിത് ക്രൂസ്പുള്ളെയുടെയും സിനെത് ജയവര്‍ധനയുടെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ലങ്കയുടെ ജയം അനായാസമാക്കിയത്.
◾ മൗറീസിയോ പോചെറ്റീനോ മുഖ്യ പരിശീലകനായതിന് ശേഷവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തോല്‍വി തുടരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് തോറ്റമ്പിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണിനെതിരെയും തോല്‍വി വഴങ്ങി.
◾ പണപ്പെരുപ്പം വീണ്ടും ഉയരുന്നത് ഭവന വായ്പ എടുത്തവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും വിലവര്‍ധന പണപ്പെരുപ്പത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് പണനയം കൂടുതല്‍ കടുപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമാകുകയാണ്. അങ്ങനെ സംഭവിച്ചാല്‍ പലിശ നിരക്കുകള്‍ ഉയരുകയും ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് ബാധ്യത കൂടുകയും ചെയ്തേക്കാം.
◾ പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാതെ തന്നെ നിലവിലെ കാര്‍ഡില്‍ കൂടുതല്‍ തുക ചെലവഴിക്കാനുള്ള അവസരവുമായി ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും. തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള ഓഫറുകള്‍ ലഭിക്കും. ചിലരുടെ നിലവിലെ പരിധി ഇരട്ടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ തിരിച്ചടവും വായ്പയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളും പരിഗണിച്ചാണ് ബാങ്കുകള്‍ സാധാരണയായി ക്രെഡിറ്റ് പരിധി ഉയര്‍ത്താനുള്ള അര്‍ഹത നിശ്ചയിക്കുന്നത്. ബാങ്കുകളുടെ ആപ്പുകള്‍, എസ്എംഎസ്, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ഓഫര്‍ ലഭ്യമാണോയെന്ന് പരിശോധിക്കാം.
◾ ശക്തമായ കുതിപ്പിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎസ് പലിശനിരക്ക്, ഡോളറിന്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ എന്നിവയാണ് ഇനിയുള്ള വില നിര്‍ണയിക്കുക. ഇന്ത്യയിലെ വിവാഹ സീസണും വിലയില്‍ പ്രതിഫലിച്ചേക്കാം.
◾ യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ട രാജ്യമായി ഇന്ത്യ. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യയില്‍ മാത്രം 34.4 ലക്ഷം വീഡിയോകളാണ് യുട്യൂബ് നീക്കം ചെയ്തത്. മുന്‍ പാദത്തെ അപേക്ഷിച്ച് വീഡിയോകള്‍ നീക്കം ചെയ്തതില്‍ 28 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുട്യൂബ് നീക്കം ചെയ്ത ആകെ വീഡിയോകളുടെ 31 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവയാണെന്നത് രാജ്യത്തെ ഡിജിറ്റല്‍ ഉള്ളടക്ക നിയന്ത്രണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
◾ ജയസൂര്യയെ നായകനാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 'മായന്‍ - ചാപ്റ്റര്‍ 1' സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്കി. 2 മണിക്കൂര്‍ 18 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. 'ബിയോണ്ട് ദി ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.
◾ നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്. ഇതുവരെയായി രാമായണ ആഗോളതലത്തില്‍ 1,755.50 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
◾ ഓണ്‍ലൈനായി വില്‍ക്കുന്ന സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ മിക്കതിലും അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ചേര്‍ക്കുന്നെന്ന് കണ്ടെത്തല്‍. മഹാത്മാഗാന്ധി സര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗം ഡയറക്ടര്‍ ഡോ. മഹേഷ് മോഹന്‍, റിസര്‍ച്ച് സ്കോളര്‍ സ്വാതി കൃഷ്ണ എന്നിവരാണ് പഠനം നടത്തിയത്.
*ശുഭദിനം*
*കവിത കണ്ണന്*
സതേണ്‍ കാലിഫോര്‍ണിയയിലെ സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്സ്. വര്‍ഷം 1964. സിനിമാമോഹവുമായി ആ യുവാവ് പ്രവേശന പരീക്ഷ എഴുതാനെത്തി. പക്ഷെ, അയാള്‍ക്ക് പാസ്സ് മാര്‍ക്ക് പോലും ലഭിച്ചില്ല. അയാള്‍ വീണ്ടും ഒരു വര്‍ഷം കൂടി കാത്തിരുന്നു വീണ്ടും പ്രവേശന പരീക്ഷ എഴുതി. വിധി അപ്പോഴും അയാള്‍ക്കെതിരായിരുന്നു. മൂന്നാം തവണയും അദ്ദേഹം പരീക്ഷ എഴുതിയെങ്കിലും അത്തവണയും ഗ്രേഡ് മോശമായിരുന്നു. സിനിമ പഠിക്കാനോ ഒരു സിനിമ ചെയ്യാനോ പോലും യോഗ്യതയില്ലാത്തവന് എന്നാണ് അയാളെ ഒരു അധ്യാപകന് കളിയാക്കിയത്. ആ സര്‍വ്വകലാശാലയില്‍ നിന്നും തല താഴ്ത്തി അയാള്‍ തിരികെ ഇറങ്ങുമ്പോള്‍ കാലം അയാള്‍ക്കായി കരുതിവെച്ചത് ആരും കണ്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പും ലോകം തന്നെ അയാളെ വിലയിരുത്തിയത് സിനിമയുടെ സര്‍വ്വകലാശാല എന്നായിരുന്നു. ഇത് ലോകം കണ്ട പ്രതിഭാധനനായ സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ കഥ. പഠനവൈകല്യമായിരുന്നു കൊച്ചു സ്റ്റീവിന്റെ പ്രധാന വില്ലന്‍. അക്ഷരങ്ങള്‍ കൂട്ടിവായിക്കാനും മനസ്സിലാക്കാനും അവന് നന്നേ പാടുപെട്ടു. മണ്ടന്‍ വിദ്യാര്‍ത്ഥി എന്ന വിളി സ്കൂള്‍ജീവിതം ഉപേക്ഷിക്കാന്‍ പോലും അവനെ തോന്നിപ്പിച്ചു. വായിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും എഴുതാനും സാധാരണ ആളുകള്‍ എടുക്കുന്നതലും കൂടുതല്‍ സമയമെടുക്കുന്ന ഡിസ്ലെക്സിയ എന്ന രോഗബാധിതനായിരുന്നു അവന്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ അവനെ ആകര്‍ഷിച്ചു. സ്കൂള്‍ ഓഫ് സിനിമാറ്റിക് ആര്‍ട്സില്‍ നിന്നും പുറത്താക്കപ്പെട്ട അയാള്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ഇംഗ്ലീഷ് സാഹിത്യപഠനം ആരംഭിച്ചു. ഈ പഠനകാലത്തില്‍ സ്റ്റുഡിയോയിലെ എഡിറ്റിങ്ങ് ഡിപ്പാര്ട്ടുമെന്റില് സഹായിയായി സ്റ്റീവിന് ജോലി ലഭിച്ചു. അവിടെ വെച്ച് ആംബ്ലിന്‍ എന്നൊരു ഹ്രസ്വചിത്രം ചെയ്യാനുള്ള അവസരം അയാളെ തേടിയെത്തി. ഒട്ടേറെ പുരസ്കാരങ്ങള്‍ ആ ചിത്രം നേടി. 1974 ല്‍ ആദ്യ ചിത്രം ഷുഗര്‍ലാന്റ് എക്സ്പ്രസ്സ്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോകം അറിയപ്പെടുന്ന സിനിമാ സംവിധായകനായപ്പോഴും ഡിസ്ലെക്സിയ എന്ന രോഗത്തിനോട് അദ്ദേഹം പൊരുതി ജയിച്ചുകൊണ്ടേയിരുന്നു. പരിമിതികള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം, പക്ഷേ തോല്‍ക്കാതെ പൊരുതാനുള്ള മനസ്സുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ നമ്മോടൊപ്പം തന്നെയുണ്ടാകും - ശുഭദിനം.