2026 ഒക്ടോബര്‍ 30 | വെള്ളി
1202 തുലാം 13 | മകയിരം
◾ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരിക്കാന്‍ അടുത്ത മാസം മുതല്‍ മാര്‍ച്ചു വരെ 164.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ യുണിറ്റിന് ശരാശരി 8 രൂപ നിരക്കില്‍ 131.26 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെ എസ് ഇ ബിക്ക് അനുമതി ലഭിച്ചത്.
◾ ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടു കേസില്‍ പിഎസ് സി ചെയര്മാന് ഡോ. എം.ആര്. ബൈജു അറസ്റ്റിലായേക്കും. തുടര്‍ച്ചയായി രണ്ടാം ദിവസവും ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രേഖകളും തെളിവുകളും മുന്നില്‍വച്ചു ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അധികാരമുണ്ടെന്നു ന്യായീകരിച്ചെന്നാണു വിവരം.
◾ സംസ്ഥാനത്തെ മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളവും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ നിയമസഭ ഒറ്റക്കെട്ടായി പാസാക്കി. മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചു. ഇതിനു മുന്‍പ് 2018 ലാണ് ശമ്പള വര്‍ധന നടപ്പാക്കിയത്. എം എല്‍ എമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയില്‍ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയില്‍ നിന്ന് 1.33 ലക്ഷമാകും. മണ്ഡല അലവന്‍സുകളും യാത്രാ ബത്തയും ഇന്ധന കൂപ്പണ്‍ തുകയും കൂട്ടും. എം എല്‍ എമാര്‍ക്ക് ഒരു പി എയെക്കൂടി അധികമായി അനുവദിക്കണമെന്ന സ്പീക്കറുടെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. ബില്‍ പാസാക്കിയതോടെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
◾ തദ്ദേശ ജനപ്രതിനിധികള്‍ക്കും ഓണറേറിയം ഉടന്‍ തന്നെ കൂട്ടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. അടുത്തവര്‍ഷം ജനുവരി മുതല്‍ പുതിക്കിയ ഓണറേറിയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ സബ്മിഷന് രേഖാ മുലം നല്കിയ മറുപടിയിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
◾ കായിക മേളയിലെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്നു പ്രചാരണം നടത്തിയതിന് അറസ്റ്റിലായ കായിക അധ്യാപകന് ജിജോ ജെയിംസിനെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ ജിജോ ജെയിംസിനെ നേരത്തെ സസ്പെന്‍സ് ചെയ്തിരുന്നു.
◾ വിവിധ മയക്കുമരുന്നു കേസുകളില്‍ പിടിച്ചെടുത്തതും കോടതി നശിപ്പിക്കാന്‍ ഉത്തരവിട്ടതുമായ എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കള്‍ മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ തിരുവനന്തപുരം സ്വദേശി അനസ് എസ് തൗഫിക്ക് എന്ന മുപ്പതുകാരനാണ് പിടിയിലായത്.
◾ വാറന്റ് പ്രതിയെ പിടികൂടാന്‍ എക്സൈസ് സംഘം വീടുമാറി കയറിയതു വിവാദമായി. മലപ്പുറം എടപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി ഫെര്‍ണാണ്ടസ് ഗാര്‍ഡനിലെ വാടക വീട്ടിലാണ് കട്ടപ്പനയില്‍നിന്ന് എത്തിയ എക്സൈസ് സംഘം ഭീകരാവസ്ഥയുണ്ടാക്കിയത്. കൊള്ളസംഘമാണെന്നു തെറ്റിദ്ധരിച്ച് വീട്ടിലുണ്ടായിരുന്ന യുവതി അലമുറയിട്ടു കരഞ്ഞ് കുഴഞ്ഞുവീണു. സമീപവാസികള്‍ ഓടിയെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. അബദ്ധം പിണഞ്ഞതു മനസിലാക്കി എക്സൈസ് സംഘം മുങ്ങി. നൈറ്റ് ഡ്യൂട്ടിക്കു പോയിരുന്ന ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി.
◾ വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ലൈസന്‍സുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, വനപ്രദേശങ്ങള്‍ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയന് അഭിപ്രായപ്പെട്ടു.
◾ നെടുമ്പാശേരി വിമാനത്താവള റോഡില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് മൂന്ന് പേര് മരിച്ച കേസില്‍ കൂടുതല്‍ പരിശോധന. കാര്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. അപകടം നടക്കുമ്പോള്‍, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന.
◾ എഫ്സിആര്‍എ ഭേദഗതി പരിഗണിക്കുന്ന ജെപിസി കൊച്ചിയില്‍ നടത്തുന്ന സിറ്റിങ്ങില്‍ കേരളത്തിലെ പ്രധാന സഭകള്‍ക്ക് ക്ഷണമില്ല. പരാതി നല്കാന് കൊച്ചിയിലെ സിറ്റിംഗില്‍ പങ്കെടുപ്പിക്കാതെ, മേഘാലയയിലെ ഷില്ലോങ്ങിലേക്കു വരണമെന്നാണ് ജെപിസി നിര്‍ദേശിച്ചത്. ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ആന്റോ ആന്റണി എംപി. കേരളത്തിലുള്ള സഭകളെ കേരളത്തില്‍ തന്നെ കേള്‍ക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
◾ ജര്‍മന്‍ ഫുട്ബോളിന്റെ പ്രൊഫഷണല്‍ പരിശീലനം ഇന്നും നാളേയും കൊച്ചിയില്‍. രാവിലെ പനമ്പിള്ളി നഗറിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'ബുണ്ടസ്ലിഗ - സി ഫുട്ബോള്‍ വീക്ക്' സി എന്റര്ടെയ്ന്മെന്റും ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗയും ചേര്‍ന്ന് ഈരിസ് എഫ്സി കേരളയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസവും ക്യാമ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ വിദഗ്ധ പരിശീലകര്‍ യുവതാരങ്ങള്‍ക്ക് പരിശീലനം നല്‍കും.
◾ ആഭ്യന്തരവകുപ്പ് നടത്തുന്ന തുടരന്വേഷണങ്ങള്‍ക്കും പുനരന്വേഷണങ്ങള്ക്കുമെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്. മുന്‍ സര്‍ക്കാരിന്റെ കാലത്തുനടന്ന ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവും കണ്ണൂരിലെ വീണാ ജോര്‍ജ് ആക്രമണ കേസും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സേനയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് സംഘടന ചൂണ്ടിക്കാട്ടി.
◾ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പില്‍ വീണ്ടും വീഴ്ച. അഞ്ചാം സെമസ്റ്റര്‍ ബി.എ ഹിസ്റ്ററി പരീക്ഷയിലാണ് ആറാം സെമസ്റ്ററിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ മാറി നല്‍കിയത്. ചോദ്യപേപ്പറില്‍ ആകെയുണ്ടായിരുന്ന 20 ചോദ്യങ്ങളും പൂര്‍ണ്ണമായി മാറിയാണ് നല്‍കിയിരുന്നത്.
◾ കൊച്ചി സിനഗോഗ് തീവയ്പ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. എബിന് ബാബുപോള്‍ പ്രതിയായ കേസില്‍ കേരള പൊലിസ് യു എ പി എ ചുമത്തിയിരുന്നു. എബിന് വിദേശികളുമായി ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിലാണ് പ്രതി തീയിട്ടത്.
◾ കള്ളിക്കാട് ചെക്ക് പോസ്റ്റില്‍ യൂണിഫോമില്‍ മദ്യലഹരിയില്‍ ബോധം കെട്ട് കിടന്നുറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് ഷീന്‍രാജ് പിടിയില്‍. ലക്കുകെട്ട് ഉറങ്ങിയതുമൂലം ചെക്ക് പോസ്റ്റില്‍ ഒരു പരിശോധനയും നടന്നില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് എത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ ഷീന്രാജിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി.
◾ കരമന കാലടി കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രവീന്ദ്രന് നായരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
◾ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയുടെ സുഹൃത്ത് മേനോന്‍പാറ പാറക്കുഴി മാര്ട്ടിന് ഇഗ്നേഷ്യസ് അറസ്റ്റിലായി.
◾ കൊല്ലത്തുനിന്ന് ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകളെ തമിഴ്നാട്ടില്‍നിന്നുള്ള ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ ആക്രമിച്ചെന്നു പരാതി. കുളച്ചല്‍ തീരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. വലകള്‍, ജിപിഎസ് ഉപകരണങ്ങള്‍ തുടങ്ങിയ സാമഗ്രികള്‍ നശിപ്പിച്ചു.
◾ സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ച തുക സ്വീകരിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. അലവന്‍സുകള്‍ നേമം മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതായി എ കെ ശശീന്ദ്രന് പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ കാര്യക്ഷമമായി ഇടപെടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യാ സഖ്യം നേതാക്കള്‍ ഇന്ന് മൂന്നരയ്ക്ക് പ്രതീകാത്മകമായി വിചാരണ ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക്സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. ഞായറാഴ്ച രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയില്‍ പത്തു ലക്ഷത്തോളം പേരെ അണിനിരത്താനാണ് ഇന്ത്യ സഖ്യം കക്ഷി നേതാക്കളുടെ നീക്കം.
◾ വിദ്യാര്‍ത്ഥി യൂണിയന് ആകാമെന്ന് അംഗീകരിച്ചതോടെ ജാമിയ മിലിയയിലെ സമരം അവസാനിച്ചു. ജാമിയയിലെ വിദ്യാര്‍ത്ഥി യൂണിയന് ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15 നകം പൂര്‍ത്തിയാക്കും. 2027 ജൂലൈ 16 ന് ശേഷം വരുന്ന 6 ആഴ്ച്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത അച്ചടക്ക നടപടികള്‍ പിന്‍വലിക്കും. ഹാരിസ് ബീരാന് എംപിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം.
◾ ഡല്‍ഹിയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഡിസംബര്‍ 22-ലേക്ക് നീട്ടി. സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ അപേക്ഷ പരിഗണിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീരിക്കുന്നതു മാറ്റിവച്ചത്. ഡിസംബര്‍ 15 വരെ പരാതികള്‍ പരിഹരിക്കും. അന്തിമ പട്ടിക ഇന്നു പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
◾ കര്‍ണാടകയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ഒളിക്യാമറ വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് കര്‍ണാടക പോലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്കി. സിദ്ധരാമയ്യയ്ക്കെതിരെ പ്രചരിച്ച വീഡിയോ പൂര്‍ണ്ണമായും വ്യാജമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്താന്‍ തയ്യാറാക്കിയതാണെന്നും കണ്ടെത്തി.
◾ തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലില്‍നിന്ന് 17 തടവുകാര്‍ ചാടിപ്പോയ സംഭവത്തില്‍ ജയില്‍ ഡിജിപി സന്ദീപ് റോയ് റാത്തോഡിനെ തമിഴ്നാട് സര്‍ക്കാര്‍ മാറ്റി. എഡിജിപി കെ.ശങ്കറിന് പകരം ചുമതല നല്കി. അതേസമയം ജയില്‍ ചാടിയ മുഴുവന്‍ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടി.
◾ പ്രതിഷേധ വേദി പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹിയിലെ ജന്തര്‍ മന്തറിനെ കേന്ദ്ര സര്‍ക്കാര്‍ ബിനാലെ വേദിയാക്കി. സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തര്‍ മന്തര്‍ വേദിയാവുക. സി ജെ പി സമര പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 12 ന് പൊലീസ്, ജന്തര്‍ മന്തറിനെ സമര വിമുക്ത കേന്ദ്രമാക്കി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയില്‍ കുത്തബ് മിനാറടക്കം മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളാകും.
◾ സുപ്രീംകോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലം കുറ്റസമ്മതമാണെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. എസ്ഐആര്‍ തുടങ്ങാന്‍ ആര് അനുമതി നല്‍കിയെന്നതിന് പോലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയില്‍ രേഖയില്ലെന്നും ഫോം 6 ല്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമായെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹര്‍ജിയില്‍ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ കക്ഷിചേരാന്‍ അപേക്ഷ നല്കി. അര്‍ഹരായ വോട്ടര്‍മാര്‍ പുറത്താകാനുള്ള സാധ്യതയും യുവാക്കളും തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
◾ ഇന്ത്യാ സഖ്യത്തിന്റെ മോക്ക് പാര്‍ലമെന്റിനെ പ്രതിരോധിക്കാന്‍ ബിജെപി പിന്തുണയോടെ 'സിറ്റിസണ്‍ ഫോര്‍ ഡെമോക്രസി' സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസ് എംപിമാരുടെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാനാണ് നീക്കം.
◾ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് 35 കോടിയോളം രൂപ കാണാതായതായി പരാതി. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
◾ കാറിന്റെ അലാം ശബ്ദം കേട്ട് അസ്വസ്ഥനായ അയല്ക്കാരന് അഭിഭാഷകയുടെ കാറിന് തീയിട്ടു. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. അഭിഭാഷകയായ പുഷ്പ ഭട്ടിന്റെ കാര്‍ തീയിട്ട അയല്‍വാസി ശിഖര്‍ ഗോഹെലിനെ അറസ്റ്റു ചെയ്തു.
◾ ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ തൂക്കുസഭ. പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മുന്നണിക്കു ലഭിച്ചത് 53 സീറ്റ്. ജൂത പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്കും 19 സീറ്റും ലഭിച്ചു. 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 61 സീറ്റുകള്‍ വേണം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ രാജ്യം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍.
◾ അമേരിക്കയില്‍ എച്ച്-1ബി വിസ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട 'ഡെഫറന്‍സ് നയം' അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങി. നിലവിലെ നയമനുസരിച്ച്, ഒരു ജീവനക്കാരന്റെ വിസ മുന്‍പ് നല്കിയ അനുമതി മുന്‍നിര്‍ത്തി എളുപ്പത്തില്‍ നീട്ടി നല്‍കുന്നതാണ് പതിവ്. വിസ പുതുക്കുന്ന ഓരോ ഘട്ടത്തിലും അപേക്ഷകള്‍ വീണ്ടും സമഗ്രമായി പരിശോധിക്കാനാണ് നീക്കം. ഗ്രീന്‍ കാര്‍ഡിനായി ദീര്‍ഘകാലമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി ജീവനക്കാരെയും മറ്റ് പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നീക്കം.
◾ യുക്രൈനിലെ റെയില്‍വേ സ്റ്റേഷനിലേക്ക് റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. നിപ്രോ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് ഡ്രോണ്‍ പതിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.
◾ സമാധാന നിര്‍ദേശങ്ങളുമായി അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ.ഡി വാന്‍സിന്റെ കത്ത് ലഭിച്ചെന്ന് ഇറാന്. തങ്ങള്‍ മുന്നോട്ടുവച്ച ഏഴ് ഇന പദ്ധതി അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടു പോകില്ലെന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ, യെമനില്‍ സൗദി വ്യോമാക്രമണത്തില്‍ നിരവധിപ്പേര്‍ മരിച്ചെന്ന് ഹൂത്തികള്‍ പറയുന്നു. ഹോര്‍മൂസില്‍ ഒമാനിലെ ഖസബ് തീരത്തോട് ചേര്‍ന്ന് ഉരുവിന് തീ പിടിച്ചു മുങ്ങി. അതേസമയം ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 114 ഡോളറെന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.
◾ 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ വിദര്‍ഭയ്ക്ക് 146 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 265 റണ്‍സിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥര് ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകര്‍ത്തത്. വിദര്‍ഭ ആദ്യ ഇന്നിങ്സില്‍ 411 റണ്‍സാണ് നേടിയത്.
◾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയായി മുംബൈ ഇന്ത്യന്‍സ്. സ്പോര്‍ട്ടിക്കോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2.1 ബില്യണ്‍ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. അതായത് ഏകദേശം 20,008.8 കോടി രൂപ. ലീഗിലെ എല്ലാ ടീമുകളുടെയും കുറഞ്ഞ മൂല്യം ഇപ്പോള്‍ 1.5 ബില്യണ്‍ ഡോളറിലധികം വരും.
◾ അനുകൂലമായ രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവന്നതോടെ വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ വന്‍ കുതിപ്പ്. രണ്ടാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ വളര്‍ച്ചയാണ് കൊച്ചി ആസ്ഥാനമായ കമ്പനിക്ക് നേടാനായത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ വരുമാനം 38.2 ശതമാനം ഉയര്‍ന്ന് 1,853 കോടി രൂപയായി. മുന്‍ വര്‍ഷം സമാനപാദത്തിലിത് 1,341 കോടി രൂപയായിരുന്നു. എബിറ്റഡ 53.2 ശതമാനം ഉയര്‍ന്ന് 167 കോടി രൂപയായി. ലാഭം മുന്‍വര്‍ഷം സമാനപാദത്തിലെ 65 കോടി രൂപയില്‍ നിന്ന് 112 കോടി രൂപയായി ഉയര്‍ന്നു. 72.3 ശതമാനം വര്‍ധന. വീഗാര്‍ഡ് ഇലക്ട്രിക്കല്‍സ് സെപ്റ്റംബര്‍ പാദത്തില്‍ 794.25 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷമിത് 562.62 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ് സെഗ്മെന്റ് 319.07 കോടി രൂപയില്‍ നിന്ന് 510.24 കോടി രൂപയായും ഉയര്‍ന്നു.
◾ ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി ഗൂഗിള്‍. ആര്‍ഗോണിനെ അപേക്ഷിച്ച് ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകള്‍ നിര്‍മ്മിക്കാന്‍ കാര്‍ബണിന് സാധിക്കും. ദിവസങ്ങളോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് സങ്കീര്‍ണ്ണമായ കോഡിങ് പ്രശ്നങ്ങള്‍ക്കും സിസ്റ്റം ബഗുകള്ക്കും സ്വയം പരിഹാരം കണ്ടെത്താന്‍ ഈ മോഡലിന് ശേഷിയുണ്ട്. ഗൂഗിളിന്റെ അഭിപ്രായത്തില്‍ ആര്‍ട്ടിഫിഷ്യല്‍ അനാലിസിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് 5.0 ല്‍ 59 സ്കോറുമായി ജെമിനി 4 കാര്‍ബണ്‍ ഒന്നാം സ്ഥാനത്താണ്. കോഡിങ്, ശാസ്ത്രീയ ജോലികള്‍, വെബ് ഡെവലപ്പിങ്, മള്‍ട്ടിമോഡല്‍ എന്നിവയിലുടനീളം മോഡല്‍ മികച്ച പെര്‍ഫോര്‍മെന്‍സ് നല്‍കുന്നുവെന്ന് കമ്പനി പറഞ്ഞു. വ്യാജവിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനും പ്ലഗിന്/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ട്.
◾ ഇന്ത്യന്‍ സിനിമാചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീതചലച്ചിത്രങ്ങളിലൊന്നായ 'ശങ്കരാഭരണം' നവംബറില്‍ റീ റിലീസിന്. മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4കെ അള്‍ട്ര എച്ച്ഡി ദൃശ്യമികവില്‍ 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പുതിയ ഡിജിറ്റല്‍ പതിപ്പ് ഒരുക്കിയിരിക്കുന്നത് ശ്രീലാല്‍ ദേവരാജാണ്. കെ വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ല്‍ പുറത്തിറങ്ങിയ 'ശങ്കരാഭരണം' ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷികബന്ധങ്ങളുടെ ആഴവും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രമാണ്. ജെ വി സോമയാജുലു, മഞ്ജു ഭാര്‍ഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹന് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ വി മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു.
◾ രമേഷ് വര്‍മ്മ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം 'മഹാവീര്‍ കര്‍ണ്ണ'യുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ഇതിഹാസ യോദ്ധാവായ കര്ണ്ണന് ആയി വേഷമിടുന്ന രാഘവ ലോറന്‍സിന്റെ മാസ് പോസ്റ്റര്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശക്തമായ ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കര്‍ണ്ണന്റെ കഥയ്ക്ക് പുതിയൊരു ദൃശ്യഭാഷ നല്കാന് ഒരുങ്ങുകയാണ് 'മഹാവീര്‍ കര്‍ണ്ണ' എന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം. ഏകദേശം 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന 'മഹാവീര്‍ കര്‍ണ്ണ' തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് എത്തുക. 2027 ല്‍ ചിത്രം ആഗോള തലത്തില്‍ തിയറ്ററുകളിലെത്തും.
◾ രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിക്ക് ഇലക്ട്രിക് വാഹന കയറ്റുമതിയില്‍ പുതിയ റെക്കോഡ്. 2025 ഓഗസ്റ്റില്‍ ആഗോള വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹന കയറ്റുമതി ആരംഭിച്ച കമ്പനി 2026 ഒക്ടോബറോടെ 50,000 യൂണിറ്റുകള്‍ എന്ന നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഇവി കയറ്റുമതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ മാരുതിക്ക് സാധിച്ചു. 2026 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രിക് പാസഞ്ചര്‍ വാഹന കയറ്റുമതിയുടെ ഏകദേശം 93 ശതമാനവും മാരുതി സുസുക്കിയുടെ സംഭാവനയാണ്. മാരുതി സുസുക്കിയുടെ ആദ്യ ആഗോള ബാറ്ററി ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ആണ് വിദേശ വിപണികള്‍ കീഴടക്കുന്നത്. യൂറോപ്പാണ് കമ്പനിയുടെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കയറ്റുമതി വിപണി.
◾ രുചിയുടെ മായാലോകത്ത് നമ്മെ ആകര്‍ഷിക്കുന്ന ജങ്ക് ഫുഡ് ആരോഗ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ഗൗരവ പൂര്‍വമായ ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം.ജങ്ക് ഫുഡ് ചേരുവകളും അവ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളും ലളിതമായും ശാസ്ത്രീയമായും ഇതില്‍ വിശദീകരിക്കുന്നു.കുട്ടികളിലും യുവാക്കളിലും വളര്‍ന്നുവരുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങളെ തിരിച്ചറിയാനും തിരുത്താനും ഈ പുസ്തകം സഹായിക്കും,രുചിക്കപ്പുറം ആരോഗ്യത്തിന് പ്രാധാന്യം നല്‍കാനും വിവേകപൂര്‍വമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യകരമായൊരു ജീവിതശൈലി രൂപപ്പെടുത്താനും പ്രേരിപ്പിക്കുന്ന കൃതി. 'ജങ്ക് ഫുഡ് എന്ന ടൈം ബോംബ്'. ഡോ റഹീനാ ഖാദര്‍. മനോരമ ബുക്സ്. വില 237 രൂപ.
◾ കാപ്പിയും പ്രത്യുല്പാദന ശേഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലതരം പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭധാരണത്തെ ബാധിക്കില്ലെന്നാണ് വിവിധ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. 2017ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, സ്ത്രീകള്‍ സ്വാഭാവികമായോ ഫെര്‍ട്ടിലിറ്റി ചികിത്സയിലൂടെയോ ഗര്‍ഭം ധരിക്കാന്‍ എടുത്ത സമയവും കഫീന്‍ ഉപഭോഗവും തമ്മില്‍ ബന്ധമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഉയര്‍ന്ന അളവിലുള്ള കഫീന്‍ ഉപഭോഗം ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അതേ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത്, പ്രതിദിനം 300 മില്ലിഗ്രാം മുതല്‍ 600 മില്ലിഗ്രാം വരെ കഫീന്‍ കഴിക്കുന്നത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കും. കഴിക്കുന്ന കപ്പുകളുടെ എണ്ണത്തേക്കാള്‍ പ്രധാനമാണ് ഓരോ കപ്പിലെയും കഫീന്റെ അളവ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ ഏകദേശം 100 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് കാപ്പിയുടെ ബ്രാന്‍ഡിനെയും തയാറാക്കുന്ന രീതിയെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. കാപ്പിക്ക് പുറമെ ചായ, കോള, എനര്‍ജി ഡ്രിങ്കുകള്‍, ചില ഔഷധങ്ങള്‍ എന്നിവയിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആകെ കഫീന്‍ അളവ് കണക്കാക്കുമ്പോള്‍ ഇവയെല്ലാം പരിഗണിക്കേണ്ടതുണ്ട്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരം, ഗര്‍ഭിണികള്‍ ദിവസേന കഴിക്കുന്ന കഫീന്റെ അളവ് 200 മില്ലിഗ്രാമില്‍ താഴെയായിരിക്കണം. ലോകാരോഗ്യ സംഘടനയാകട്ടെ ഇത് 300 മില്ലിഗ്രാം വരെയാകാമെന്ന് നിര്‍ദേശിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
ധാന്യം നിറച്ച ചാക്ക് വണ്ടിയില്‍ കയറ്റാന്‍ കഴിയാതെ ഒരാള്‍ വിഷമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരന് എത്തിയത്. ''എനിക്കൊരു എളുപ്പവഴി അറിയാം,'' അവന് പറഞ്ഞു. അത് കേട്ട് അയാള്‍ക്ക് ദേഷ്യം വന്നു. ''ഇതുപോലെ എത്ര ചാക്കുകള്‍ ഞാന്‍ കയറ്റിയിരിക്കുന്നു! എനിക്കറിയാത്ത കാര്യമാണോ നീ പഠിപ്പിക്കുന്നത്?'' ചെറുപ്പക്കാരന് ചിരിച്ചുകൊണ്ട് നടന്നുപോയി. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തോന്നി: അവന്റെ ആശയം നല്ലതാണെങ്കിലോ? അയാള്‍ അവനെ തിരികെ വിളിച്ചു ''നിങ്ങള്‍ ചാക്കിന്റെ ഒരുവശത്ത് പിടിക്കൂ, ഞാന്‍ മറുവശത്ത് പിടിക്കാം. നമുക്ക് എളുപ്പത്തില്‍ കയറ്റാം!'' അവര്‍ ഒരുമിച്ച് ചാക്ക് വണ്ടിയില്‍ കയറ്റി. ഒരു പുഞ്ചിരി സമ്മാനിച്ച് ചെറുപ്പക്കാരന് യാത്രയായി. ഓര്‍ക്കുക... പ്രായം കൂടിയതുകൊണ്ട് മാത്രം അറിവ് കൂടണമെന്നില്ല. അനുഭവം വിലപ്പെട്ടതാണ്; പുതിയ ആശയങ്ങളും അതുപോലെതന്നെ. മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകുമ്പോഴാണ് നമ്മുടെ അറിവിന്റെ ലോകം വികസിക്കുന്നത്. അഹങ്കാരം പലപ്പോഴും നല്ല അവസരങ്ങളെപ്പോലും നമ്മില്‍നിന്ന് അകറ്റും. വളരാന്‍ ആഗ്രഹിക്കുന്നവര്‍ പഠിക്കാന്‍ മടിക്കരുത്. കാരണം, അറിവിന് പ്രായപരിധിയില്ല; പഠിക്കാന്‍ തയ്യാറുള്ള മനസ്സിനാണ് യഥാര്‍ത്ഥ വളര്‍ച്ച! - ശുഭദിനം.