താംപ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ താംപയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കരിങ്കുന്നം നിവാസികളുടെയും പ്രവാസികളുടെയും സൗഹൃദവും കൂട്ടായ്മയും വിളിച്ചോതിയ “കരിങ്കുന്നം സംഗമം 2026” സെപ്റ്റംബർ 13-ന് നടന്നു.
വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച സംഗമത്തിൽ ശ്രീ ജോസ് ചക്കുങ്കൽ സ്വാഗത പ്രസംഗം നടത്തി. കരിങ്കുന്നത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ബന്ധങ്ങൾ പ്രവാസലോകത്തും ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഗമം.
ശ്രീ ജയിംസ് ഇല്ലിക്കൽ, ശ്രീ മാത്യു മുണ്ടിയാങ്കൽ, ശ്രീ ജയിംസ് വടക്കേക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കരിങ്കുന്നവുമായി ബന്ധപ്പെട്ട ഓർമ്മകളും സൗഹൃദങ്ങളും പങ്കുവെച്ച സംഗമം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സംഗമത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു. കുടുംബസമേതം പങ്കെടുത്തവരുടെ സജീവ സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ സാബു തെക്കേക്കുറ്റ് നന്ദി അറിയിച്ചു.
കരിങ്കുന്നംകാരുടെ പ്രിയങ്കരനായ ശ്രീ സലിം കുഴിപറമ്പിലിന്റെ ഉടമസ്ഥതയിലുള്ള “Curry Mango” റെസ്റ്റോറന്റാണ് സംഗമത്തിൽ പങ്കെടുത്തവർക്കായി സ്നേഹവിരുന്ന് ഒരുക്കിയത്. വിഭവസമൃദ്ധമായ വിരുന്നും സൗഹൃദസംഗമവും ചേർന്ന് കരിങ്കുന്നം സംഗമം 2026-ന് മനോഹരമായ സമാപനം നൽകി.
അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കരിങ്കുന്നം സ്വദേശികളെ ഒരുമിപ്പിക്കുകയും നാട്ടിൻപുറത്തെ സൗഹൃദങ്ങളും ബന്ധങ്ങളും പുതുക്കിപ്പണിയുകയും ചെയ്യുന്ന ഇത്തരം സംഗമങ്ങൾ പ്രവാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്ന് സംഘാടകർ പറഞ്ഞു.
.