പ്രായത്തെയും തോൽപ്പിച്ച ഇതിഹാസത്തിന്റെ ലാസ്റ്റ് ഡാൻസ്...തുടങ്ങിയിടത്ത് തന്നെ അവസാനിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങുന്നത്. ഒരു സബ്സ്റ്റിറ്റ്യൂഷനും തിരിച്ചുവിളിക്കാനാകാത്ത ഡഗ് ഔട്ടിലേക്ക്, പൊട്ടിക്കരഞ്ഞായിരുന്നു മടക്കം. ഒൻപതിനെക്കാളും പത്തിനെക്കാളും ഏഴിനെ വലുതാക്കി, കളിയെ കരുത്തുറ്റതാക്കിയ ഒരാൾ.
ഗോൾനേട്ടത്തിന് ശേഷം കാലുകൾ നിവർത്തി, വിരിച്ചുവച്ച് ഒരാഘോഷമുണ്ടയാൾക്ക്. സൂ... എന്നൊരുമുഴക്കത്തിൽ. 2023ലൊരു മാധ്യമപ്രവർത്തകൻ, ആ ട്രേഡ് മാർക്ക് ആഘോഷത്തെക്കുറിച്ച് റൊണാൾഡോയോട് ചോദിച്ചു. 'ഞാനത് നേടി' എന്നാണ് അർഥമെന്നായിരുന്നു റൊണാൾഡോയുടെ മറുപടി. അഞ്ച് ബലോൻ ദ് ഓർ, യൂറോ കപ്പ്, പ്രീമിയർലീഗിലും, ലാ ലിഗയിലും, ഇറ്റാലിയൻ ലീഗിലും, ഇപ്പോഴിതാ സൗദി പ്രോ ലീഗിലും റോണോ സൃഷ്ടിച്ച വിസ്മയങ്ങൾ. പക്ഷേ ആറാം ലോകകപ്പിലും ആ കിരീടം മാത്രം അകന്നു നിന്നു.
ലോകകപ്പിൽ 2006ൽ തുടങ്ങിയതാണ് ആ കാൽചലനങ്ങൾ. ആ വർഷം സെമികളിച്ചതാണ് വലിയ നേട്ടം. 2010പ്രീക്വാർട്ടറിലും, 14ൽ ഗ്രൂപ്പ് സ്റ്റേജിലും, 18ൽ പ്രീക്വാർട്ടറിലും, 22ൽ ക്വാർട്ടറിലും നിലച്ചുപോയ നീക്കം. തുടർച്ചയായ ആറു ലോകകപ്പിൽ ഗോൾനേട്ടം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച പോർച്ചുഗീസുകാരൻ. ലോകകപ്പിൽ ഗോൾ നേടിയ പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ. പട്ടികയിൽ കൊരുത്തുവയ്ക്കാൻ നേട്ടങ്ങളൊരുപാടുണ്ട്. ദീർഘചതുരത്തെ കാലങ്ങളോളം ത്രസിപ്പിച്ച അയാളുടെ മടക്കത്തിൽ ഒരുവലിയ സൂ... മുഴക്കം അവശേഷിക്കുന്നുണ്ട്.