കൊച്ചി: AMMA അഡ്ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതിയുടെ വിലക്ക്. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശ്വേതാ മേനോന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാൻ നേരത്തെ സൂം മീറ്റിംഗ് കൂടി ശ്വേത മേനോൻ്റെ കമ്മിറ്റിയിലെ ഭാരവാഹികൾ തിരുമാനിച്ചിരുന്നു. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. സൂം മീറ്റിംഗിന് ശേഷമാണ് ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജിവെച്ചത്. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവർ രാജിസന്ദേശം അയക്കുകയായിരുന്നു. ലക്ഷ്മിപ്രിയ, ഉണ്ണി ശിവപാല്‍ എന്നിവര്‍ സൂം മീറ്റിംഗില്‍ പങ്കെടുത്തിരുന്നില്ല.
അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന് നേരത്തെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നായിരുന്നു ശ്വേത ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും ശേ്വത ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 'കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജിവെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നും ശ്വേത പറയുന്നു. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തതെന്നും' ശ്വേത ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിരുന്നു.
നേരത്തെ AMMAയുടെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയും ശ്വേത മോനോനും തമ്മിലുള്ള ടെലഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. എഎംഎംഎ ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് രമേഷ് പിഷാരടിയോട് നടി ശ്വേതാ മേനോന് പറയുന്നുണ്ട്. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കിയെന്നും കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും ശ്വേതാ മേനോന് പറയുന്നുണ്ട്. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം താന്‍ മിണ്ടാതെ ഇരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനും കണക്ക് അവതരിപ്പിക്കാനും അവസരം തരണമെന്നും ശ്വേതാ മേനോന് രമേഷ് പിഷാരടിയോട് ആവശ്യപ്പെടുന്നുണ്ട്. 'ജനറല്‍ ബോഡിയില്‍ അപമാനിച്ചതിന് തെളിവുകളുണ്ട്. ഒരു സ്ത്രീയെ ഏഴ് മണിക്കൂറോളമാണ് സ്റ്റേജില്‍ നിര്‍ത്തി അശ്ലീല വാക്കുകള്‍ പറഞ്ഞത്. കണക്കുകള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ല. മീറ്റിംഗ് തുടങ്ങിയപ്പോള്‍ തന്നെ ബാബുരാജ് ബഹളമുണ്ടാക്കി. നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് ഇതില്‍ വിഷമം പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സ്ഥാപനമായി അമ്മ മാറി. സംഘടനയെ ഓര്‍ത്താണ് ഇത്രയും ദിവസം മിണ്ടാതിരുന്നത്. കുറ്റാരോപിതര്‍ മാത്രം ബഹളമുണ്ടാക്കിയത് എന്തിനാണ്? സിദ്ധിഖിന് മൈക്ക് പിടിച്ചുവാങ്ങാനുളള അധികാരം ആരാണ് നല്‍കിയത്? അനൂപ് ചന്ദ്രന് അടിക്കാന്‍ ഓങ്ങി. എല്ലാത്തിനും തെളിവുണ്ട്. കണക്കുകള്‍ തെളിയിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്' എന്നാണ് ഫോൺ സംഭാഷണത്തിൽ ശ്വേത മേനോൻ പറയുന്നത്.
സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള ആരോപണങ്ങളടക്കം ഉയർന്നതോടെയാണ് സംഘടനയിൽ അതൃപ്തി പുകഞ്ഞത്. പിന്നാലെയായിരുന്നു ശ്വേതയുടെ രാജി പ്രഖ്യാപനം. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജിയെന്നും അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്ട്ടിന് മേനാച്ചേരിപോലുള്ളവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയെന്നുമായിരുന്നു ശ്വേത മുമ്പ് പ്രതികരിച്ചത്. ഇത് മറികടന്നാണ് ഭൂരിപക്ഷ പിന്തുണയില്‍ താന്‍ ജയിച്ചത്. നിര്‍ഭാഗ്യവശാല്‍ മുന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള അവസരം തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉറപ്പാക്കിയെന്നും ശ്വേത ആരോപിച്ചിരുന്നു.