അഭിരാം വധക്കേസ്: പ്രതികൾക്കെതിരെ നിർണായക ഫൊറൻസിക് തെളിവുകൾ; ഒന്നാം പ്രതിയുടെ വസ്ത്രത്തിൽ സംഭവസ്ഥലത്തെ മണ്ണും ഇലകളും
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് ടു വിദ്യാർഥിയായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണായക ശാസ്ത്രീയ തെളിവുകൾ ലഭിച്ചതായി പോലീസ്. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഫൊറൻസിക് സംഘം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും സമാനമായ അവശിഷ്ടങ്ങൾ ഒന്നാം പ്രതിയുടെ വസ്ത്രങ്ങളിൽ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണായകമായത്.
കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് പാന്റ്സ് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തത്. കൊലപാതകം നടന്ന സമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്നതായി കരുതുന്ന പാന്റ്സിൽ മണ്ണ്, ഇലകൾ, ചെടികളുടെ പൂക്കളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ. കൊലപാതകസമയത്ത് ഒന്നാം പ്രതി സ്ഥലത്തുണ്ടായിരുന്നുവെന്നതിന് ഈ കണ്ടെത്തൽ കൂടുതൽ പിന്തുണ നൽകുന്നതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
സുഹൃത്തിനെ വീണ്ടും വിളിക്കാൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചതോടെ കൊലപാതകം
പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഒന്നാം പ്രതിയുടെ മുൻകാമുകിയുമായി അഭിരാമിന്റെ സുഹൃത്തിനുണ്ടായിരുന്ന അടുപ്പമാണ് വൈരാഗ്യത്തിന് കാരണമായത്. സുഹൃത്തിനെ അപായപ്പെടുത്തുകയായിരുന്നു പ്രതികളുടെ ആദ്യ ലക്ഷ്യമെന്നാണ് പോലീസ് കണ്ടെത്തൽ.
ഇതിനായി മൂന്നാം പ്രതിയുടെ മൊബൈൽ ഫോണും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉപയോഗിച്ച് അഭിരാമിനെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനെ ഫോണിൽ വിളിക്കാൻ പ്രതികൾ അഭിരാമിനോട് ആവശ്യപ്പെട്ടു. ഒരുതവണ വിളിച്ചിട്ടും സുഹൃത്ത് എത്താതിരുന്നതോടെ വീണ്ടും വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ഇതിന് വിസമ്മതിച്ച് മടങ്ങാൻ ശ്രമിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് രണ്ടാം പ്രതിയായ ഉമർ ബെൽറ്റ് ഉപയോഗിച്ച് അഭിരാമിന്റെ കഴുത്തിൽ മുറുക്കുകയും ഒന്നാം പ്രതി കഴുത്ത് ഞെരിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പിന്നീട് മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
മൊബൈൽ ഫോണും ബെൽറ്റും ഇനിയും കണ്ടെത്താനായില്ല
കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് ഒന്നാം പ്രതിയുടെ മൊഴി. എന്നാൽ കാട്ടിലാണ് ഉപേക്ഷിച്ചതെന്നാണ് രണ്ടാം പ്രതിയായ ഉമറിന്റെ മൊഴി. പരസ്പരവിരുദ്ധമായ മൊഴികൾ അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്.
പ്രതികൾ ലഹരി ഉപയോഗിച്ച ശേഷമാണോ കൃത്യം നടത്തിയതെന്നും പോലീസ് പരിശോധിച്ചുവരികയാണ്. രണ്ടാം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ഫൊറൻസിക് പരിശോധനയിലെ പുതിയ കണ്ടെത്തലുകൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ തെളിവുകളും മറ്റ് സാഹചര്യത്തെളിവുകളും ശേഖരിച്ച് കുറ്റപത്രം ശക്തമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം