തിരുവനന്തപുരം ∙ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസിൽ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ വകുപ്പുതല നടപടിയിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങുന്നു. സസ്പെൻഷൻ അടക്കം പരിഗണനയിലുണ്ട്. ഇതിനു മുന്നോടിയായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ നിയമോപദേശം തേടി. നടപടിയെടുക്കും മുൻപ് അജിത്കുമാറിൽനിന്നു ഡിജിപി വിശദീകരണം തേടും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്.
ബവ്കോ എംഡിയായ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. അതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ നടപടിയുണ്ടാകുമെന്നാണു സൂചന. അജിത്കുമാറിന്റെ ഓഫിസിൽ ജോലിചെയ്തിരുന്ന 2 ഗ്രേഡ് എസ്ഐമാരുടെ അനധികൃത ഇടപെടലും കേസന്വേഷിച്ച എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും വകുപ്പുതല നടപടി വരും.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച സുരക്ഷാസംഘത്തെ കേസിൽനിന്നു രക്ഷിക്കാൻ അജിത്കുമാർ വഴിവിട്ട് ഇടപെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഡിജിപിയുടെ പക്കലുണ്ട്. ഇത് ആഭ്യന്തര മന്ത്രിക്കു കൈമാറിയിട്ടില്ല. നിയമോപദേശം കൂടി ഉൾപ്പെടുത്തി, വകുപ്പുതല നടപടി സംബന്ധിച്ച ശുപാർശ സഹിതമാകും ഡിജിപി റിപ്പോർട്ട് കൈമാറുക.
എത്ര ഉന്നതരായാലും നടപടിയുണ്ടാകുംപിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ രക്ഷാപ്രവർത്തനമെന്ന പേരിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ കുറ്റക്കാർ എത്ര ഉന്നത ഉദ്യോഗസ്ഥരായാലും നടപടിയുണ്ടാകും. നിരപരാധികളെ തല്ലിച്ചതച്ചവരെ സംരക്ഷിച്ചതാണോ ഡിജിപിയാകാനുള്ള യോഗ്യത? കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. - കെ.സി.വേണുഗോപാൽ എംപി, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി