ആരോഗ്യ പ്രേമികൾക്കും കർഷകർക്കും ഒരുപോലെ ആവേശമായി തൊടുപുഴയിൽ അവോക്കാഡോ ഫെസ്റ്റ് ആരംഭിച്ചു. തേനാംകുന്ന് ബൈപാസിൽ മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയും, ഫ്രൂട്സ് വാലി അവോക്കാഡോ ക്ലബും സംയുക്തമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അപു ജോൺ ജോസഫ്, അഡ്വ. റോയ് വാരികാട്ട്, പ്രൊഫ. ഷീല സ്റ്റീഫൻ , കെ. ദീപക് തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിൽ മേള ഉദ്ഘാടനം ചെയ്തു. ഫ്രൂട്സ് വാലി ചെയർമാൻ അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു.
വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയപ്പെട്ടതും പോഷക സമൃദ്ധവുമായ അവോക്കാഡോ പഴങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനൊപ്പം ഇടുക്കിയിലെ കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുകയുമാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. ഫ്രഷ് അവോക്കാഡോ പഴങ്ങൾക്കൊപ്പം അവോക്കാഡോ ഷെയ്ക്, ജ്യൂസ്, ഹെൽത്തി സലാഡ് എന്നിവയും മേളയിൽ ലഭ്യമാണ്.
അടിമാലിയിൽ അവോക്കാഡോ റിസർച്ച് സെന്ററിൽ നിന്നും, ഫ്രൂട്സ് വാലി ക്ലബ്ബിലെ അംഗങ്ങളായ കർഷകരിൽ നിന്നുമാണ് പഴങ്ങൾ നേരിട്ട് സംഭരിക്കുന്നത്. കർഷകരിൽ നിന്നും കിലോയ്ക്ക് 100 രൂപാ നിരക്കിൽ സംഭരിക്കുന്ന പഴങ്ങൾ 139 രൂപയ്ക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പഴം കഴിച്ച ശേഷം അതിന്റെ വിത്ത് തിരികെ നൽകുന്നവർക്ക് 5 രൂപാ ലഭിക്കും. മികച്ച വിത്തുകൾ പാഴാക്കാതെ ശേഖരിക്കാനാണ് ഈ പദ്ധതി. അവോക്കാഡോ സീസൺ അവസാനിക്കുന്നത് വരെ ഫെസ്റ്റ് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ മേളയുടെ ഭാഗമായി മലബാർ കമ്പനിയുടെ ധാന്യ കറി പൗഡറുകൾക്ക് പ്രത്യേക ഡിസ്കൗണ്ട് കൂപ്പണുകളും വിതരണം ചെയ്യുന്നുണ്ട്.