എറണാകുളം: പറക്കടവ് പഞ്ചായത്തിലെ മള്ളുശ്ശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ ഗ്ലാസ് റൂഫ് തകർന്നുവീണ് മൂന്ന് കുട്ടികൾക്കും വാർഡ് മെമ്പർക്കും പരിക്കേറ്റു. രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വാർഡ് മെമ്പർ മേരി റാഫേലിനും പരിക്കുണ്ട്.
ഒരാഴ്ച മുൻപാണ് സ്കൂൾ വരാന്തയിൽ സ്ഥാപിച്ച ഗ്ലാസ് റൂഫിന്റെ പണി പൂർത്തിയായത്. ഇന്ന് രാവിലെ 9.50 ഓടെ, അസംബ്ലിക്ക് തൊട്ടുമുൻപാണ് അപകടം സംഭവിച്ചത്. ഗ്ലാസ് റൂഫ് തകർന്ന് ചില്ലുകൾ തെറിച്ചാണ് കുട്ടികൾക്ക് നിസാര പരിക്കേറ്റത്. പരിക്കേറ്റ കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചു.
നിർമ്മാണത്തിൽ ഗുരുതര അപാകതയുണ്ടായിരുന്നുവെന്ന് വാർഡ് മെമ്പർ ആരോപിച്ചു. രണ്ട് ചില്ലുകൾ നേരത്തെ തന്നെ പൊട്ടിയിട്ടുണ്ടായിരുന്നുവെന്നും നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകാൻ ഇരിക്കെയാണ് അപകടമുണ്ടായതെന്നും വാർഡ് മെമ്പർ പ്രതികരിച്ചു.
നിർമ്മാണത്തിൽ അപാകതയുണ്ടെന്ന ആരോപണം രക്ഷിതാക്കളും നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗ്ലാസ് റൂഫ് തകർന്നുവീണത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.