ഇടുക്കി: കനത്ത മഴയ്ക്കിടെ ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൃഷിയിടത്തിലെ താൽക്കാലിക ഷെഡിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മറിയാമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വട്ടവട മേഖലയിൽ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാൻ ഷെഡിനുള്ളിൽ അഭയം തേടിയതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. അലർട്ട് പിൻവലിക്കുന്നതുവരെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.