കൊച്ചി∙ നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. അപകടം നടന്നതിനു പിറ്റേന്ന് പ്രതികളിലൊരാളായ ജോയൽ സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പൊലീസ് തെളിവായി കോടതിയിൽ സമർപ്പിച്ചു. പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷനൽ ജില്ലാ കോടതി പരിഗണിക്കുമ്പോഴാണ് ശബ്ദ സന്ദേശം സമർപ്പിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.
പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പറയാനായി പൊലീസ് സമർപ്പിച്ച തെളിവുകളുടെ ഭാഗമായാണ് ഓഡിയോ സന്ദേശവുമുള്ളത്. 1.43 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഒരു ശബ്ദ സന്ദേശം. അപകടം നടന്നതിന് പിറ്റേന്ന് രാവിലെ 9.25ന് ആയിരുന്നു ഇത്. സുഹൈലിന്റെ അടുത്തുനിന്ന് നിനവിനെ കൂട്ടാനായി നെടുമ്പാശേരിയിൽ എത്തിയപ്പോൾ തങ്ങളോട് വിമാനത്താവളത്തിന്റെ അങ്ങോട്ട് വരാൻ സുഹൈൽ പറഞ്ഞെന്ന് ശബ്ദസന്ദേശത്തിലുണ്ട്. അവിടെനിന്ന് തങ്ങൾ ബാറിലേക്ക് പോയെന്നും സുഹൈൽ അതിനകം തന്നെ മദ്യപിച്ചിരുന്നതായും സന്ദേശത്തിൽ പറയുന്നു.
വീണ്ടും ബാറിൽ കയറി മദ്യപിച്ചു. അവിടെനിന്ന് ഇറങ്ങിയപ്പോൾ സുഹൈൽ വലിയ വേഗത്തിലാണ് കാറോടിച്ചതെന്നും സന്ദേശത്തിൽ പറയുന്നു. അതിനിടെ, 3 പേർ പോയ സ്കൂട്ടറിൽ ഇടിച്ചു. മൂന്നു പേരും തെറിച്ചുവീണു. നിനവ് അപ്പോൾ തന്നെ തങ്ങളോട് അവിടെ നിന്ന് പൊയക്കൊള്ളാൻ പറഞ്ഞെന്നും സന്ദേശത്തിൽ പറയുന്നു. ‘മൂന്നുപേരും സംഭവസ്ഥത്തുതന്നെ തീർന്നു. രണ്ട് യുവതികളും ഒരു യുവാവുമാണ്. വിറയൽ ഇപ്പോഴും മാറിയിട്ടില്ല. നിനവ് ഇപ്പോ സ്റ്റേഷനിലാണ്. ജാമ്യം കിട്ടുല്ല. ആ സുഹൈൽ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. നാട്ടുകാരോട് അവൻ പറയുവാ, അവന്റെ വാപ്പ നോക്കിക്കോളുമെന്ന്. നാട്ടുകാര് അത് കേട്ടിട്ട് അടി തുടങ്ങി. നിനവിനും ഇടി കിട്ടി. ലാസ്റ്റ് പൊലീസ് വന്ന് കൊണ്ട് പോയി’– സന്ദേശത്തിൽ സന്ദേശത്തിൽ പറയുന്നു.
അപകട സമയത്ത് താനും അമീനും വണ്ടിക്കകത്ത് ഉണ്ടായിരുന്നെന്നും കയ്യും കാലുമൊക്കെ ഇപ്പോഴും വിറയ്ക്കുന്നുവെന്നും പറയുന്ന ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. അപകടം നടന്നതിനു പിന്നാലെ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിനു പിന്നാലെ നിനവിനെ അറസ്റ്റ് ചെയ്തു. അതിനു ശേഷമാണ് ജോയൽ, അമീൻ എന്നിവരും അറസ്റ്റിലാകുന്നത്. മദ്യപിച്ച് വാഹനമോടിച്ചപ്പോൾ തടയാൻ ശ്രമിച്ചില്ല എന്ന പ്രേരണാകുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും ശക്തമായ വാദമുഖങ്ങൾ കേട്ടശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്. അന്വേഷണസംഘം കേസിൽ നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും ക്ലൈമാക്സ് നേരത്തെ നിശ്ചയിച്ച തിരക്കഥ പോലെയാണെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. എഫ്ഐആറിൽ പ്രതികളുടെ പേരുപോലും ഉൾപ്പെടുത്തിയിരുന്നില്ല. സുഹൈലിന്റെ പേര് വ്യക്തമാക്കാതെയും കൃത്യമായ തെളിവുകളില്ലാതെയുമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ നരഹത്യാ കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഒന്നാം പ്രതി സുഹൈൽ മദ്യപിച്ചിരുന്ന കാര്യം ഒപ്പമുണ്ടായിരുന്ന സഹപ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വാഹനത്തിന്റെ വേഗത കൂട്ടാൻ ഇവർ പ്രോത്സാഹിപ്പിക്കുകയും അമിതവേഗതയിലുള്ള യാത്ര ആസ്വദിക്കുകയും ചെയ്തു. ഇടതുവശത്തുകൂടെ വന്ന് അപായകരമായ രീതിയിലാണ് കാർ അപകടമുണ്ടാക്കിയത്. ഈ അമിതവേഗത സമൂഹമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷൻ വാദത്തിൽ കോടതി നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നു എന്ന കാരണത്താൽ മാത്രം എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസ് ഡ്രൈവർ അമിതവേഗതയിൽ പോയാൽ അതിന് യാത്രക്കാരാണോ ഉത്തരവാദികളെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചാൽ മാരകമായ അപകടമുണ്ടാകുമെന്ന് കൃത്യമായ ബോധ്യമുള്ളതിനാൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അഭിഭാഷകൻ വാദിച്ചു. അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ പ്രതികൾ ശ്രമിച്ചില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ള സുഹൈൽ സമൂഹത്തിന് തന്നെ ഭീഷണിയാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.