കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകൾ നാളെ, ഒക്ടോബർ 2ന്, കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മെത്രാഭിഷേക ശുശ്രൂഷകൾ ആരംഭിക്കുക. വിവിധ സഭകളെ പ്രതിനിധീകരിച്ച് അമ്പതിലധികം മെത്രാന്മാർ ചടങ്ങിൽ പങ്കെടുക്കും.
മെത്രാഭിഷേക ശുശ്രൂഷകൾക്ക് കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം അതിരൂപതയുടെ സഹായമെത്രാനായാണ് മോൺ. തോമസ് ആനിമൂട്ടിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹ കാർമികത്വം വഹിക്കും. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പും, കെ സി ബി സി പ്രസിഡന്റുമായ ഡോക്ടർ വർഗീസ് ചക്കാലക്കൽ സന്ദേശം നൽകും. തുടർന്ന് മാർ തോമസ് ആനിമൂട്ടിൽ വി. കുർബ്ബാന അർപ്പിക്കും. തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകും.
ജനപ്രതിനിധികൾ, രാഷ്ട്രീയ / സാംസ്കാരിക പ്രമുഖർ, വൈദികർ, സന്യസ്തർ, അതിരൂപതയിലെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, യുവജനങ്ങൾ, എന്നിവരുൾപ്പെടെ നാലായിരത്തോളം പേർ ശുശ്രൂഷകളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
പൗരോഹിത്യ ശുശ്രൂഷയിൽ മൂന്ന് പതിറ്റാണ്ടിലേറെ
1962 ജനുവരി 13ന് കണ്ണൂർ ജില്ലയിലെ പയ്യാവൂരിലാണ് തോമസ് ആനിമൂട്ടിൽ ജനിച്ചത്. പയ്യാവൂരിലെ പ്രാഥമിക, ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മൈസൂരിൽ സർവകലാശാല പഠനം നടത്തി. കോട്ടയം സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം മംഗളൂരുവിലെ സെന്റ് ജോസഫ് സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1989 ഏപ്രിൽ 13ന് വൈദികനായി അഭിഷിക്തനായി.
തുടർന്ന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ദ ഹോളി ക്രോസിൽ കാനൻ നിയമത്തിൽ ഉപരിപഠനം നടത്തി. 1993ൽ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടി. പുളിഞ്ചാൽ ഇടവക വികാരി, അതിരൂപതാ മെത്രാന്റെ സെക്രട്ടറി, അതിരൂപതാ ചാൻസലർ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, കാത്തലിക് നഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യയുടെ സഭാ ഉപദേഷ്ടാവ്, ഉഴവൂർ-കടുത്തുരുത്തി മേഖലകളിലെ വികാരി ഫൊറോന തുടങ്ങിയ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
2003 മുതൽ 2008 വരെ അമേരിക്കയിലെ സീറോ മലബാർ സഭയുടെ സെന്റ് തോമസ് ദ അപ്പോസ്തൽ രൂപതയിലും പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചു. 2025 മുതൽ കോട്ടയം അതിരൂപതയുടെ പ്രോ-പ്രോട്ടോസിഞ്ചല്ലൂസ് ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഓഗസ്റ്റ് 27ന് നിയമനം
2026 ഓഗസ്റ്റ് 27നാണ് സീറോ മലബാർ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ മാർപാപ്പയുടെ മുൻകൂർ അനുമതിയോടെ, ഫാ. തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ത്രോയിന (Troina) സ്ഥാനിക രൂപതയുടെ മെത്രാൻ എന്ന പദവിയും അനുവദിച്ചിട്ടുണ്ട്.
മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കെ, കോട്ടയം അതിരൂപതയുടെയും വിശ്വാസിസമൂഹത്തിന്റെയും വലിയ പ്രതീക്ഷയോടെയാണ് നാളത്തെ ചടങ്ങിനെ വരവേൽക്കുന്നത്. പുതിയ ഉത്തരവാദിത്വത്തിലേക്ക് പ്രവേശിക്കുന്ന മോൺ. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു അധ്യായമായി മാറും.
പാർക്കിങ് ക്രമീകരണം
മെത്രാഭിഷേക ശുശ്രൂഷയിൽ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരുടെയും, വിശിഷ്ട വ്യക്തികളുടെയും, വാഹനങ്ങൾ ബി സി എം കോളേജിന്റെയും, സെൻറ് ആൻസ് സ്കൂളിന്റെയും മുൻവശത്തെ ഗ്രൗണ്ടുകളിൽ പാർക് ചെയ്യാം. വൈദികരുടെ വാഹനങ്ങൾ കെ സി മാമ്മൻ മാപ്പിള ഹാളിനു സമീപത്തുള്ള ജറുസലേം മാർത്തോമാ ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വിവിധ സ്ഥാപനങ്ങളിൽ നിന്നും, ഇടവകകളിൽ നിന്നും സംഘമായി വാഹനങ്ങളിൽ എത്തുന്നവർക്ക് എം ഡി സ്കൂൾ ഗ്രൗണ്ട്, മാർ ഏലിയാ കത്തീഡ്രൽ പരിസരം, കെ സി മാമ്മൻ മാപ്പിള ഹാളിന്റെ ഗ്രൗണ്ട് ഫ്ലോർ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. വലിയ വാഹനങ്ങൾ ക്രിസ്തുരാജ കത്തീഡ്രലിനു സമീപം ആളുകളെ ഇറക്കിയതിനു ശേഷം ശാസ്ത്രി റോഡിലെയും, കോടിമത ഭാഗത്തെയും സൗകര്യപ്രദമായ ഇടങ്ങളിൽ പാർക്ക് ചെയ്യാം.