നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അജീഷ് (26)നെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് അജീഷ് ഇരുവരെയും ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് വിവരം പള്ളി വികാരിയെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നും പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും അടുത്തിടെ ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അജീഷിന് കൈക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തും. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കും. പൊലീസ് അന്വേഷണം തുടരുകയാണ്.