അപകടത്തിൽ പെട്ട് ധരിച്ചിരുന്ന വസ്ത്രം പൂർണമായും കീറിയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകിയ ചായ വിൽപ്പനക്കാരന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. തൃപ്പൂണിത്തുറ, കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് യുവതിക്ക് സ്വന്തം വസ്ത്രം നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലാണ് അപകടമുണ്ടായത്.
മോശമായ എന്തും ചെയ്യാനും കാണിക്കാനും ആണുങ്ങളും പെണ്ണുങ്ങളും മത്സരിക്കുമ്പോൾ, ഷാജിയെപ്പോലെ ആത്മാഭിമാനമുള്ളവർ ഈ നാട്ടിൽ ഉള്ളത് കൊണ്ടാണ് ഭൂമിയിങ്ങനെ നിലനിൽക്കുന്നതെന്ന് ടീച്ചറും എഴുത്തുകാരിയുമായ റാണി ജോൺ പരുമല ഫെയ്സ്ബുക്കിൽ കുറിച്ചു.
'നമുക്കിങ്ങനെ തന്നെ തുടരാം. സ്ത്രീയുടെ പേരിനു കളങ്കം വരുത്താതെ, അവളുടെ നഗ്നത കാണാതെ, കാണിക്കാതെ തന്നാൽ ആവുന്നത് ചെയ്തു മുന്നേറാം. മറുവശത്ത് നഗ്നത കാണിക്കുന്നവർ കാണിക്കട്ടെ, കാണാൻ ആഗ്രഹമുള്ളവർ കാണട്ടെ. ഷാജി എന്ന പൗരുഷത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ'- റാണി കുറിച്ചു.
ഷാജിയേട്ടാ മലയാളികളുടെ സല്യൂട്ട് എന്ന് ഇംതിയാസ് എന്ന പ്രൊഫൈൽ കമന്റ് ചെയ്യുന്നു. സ്ത്രീയെ ബഹുമാനിക്കുന്ന നല്ല ഒരു സമൂഹത്തെ വളർത്തി എടുക്കാൻ ഇതെല്ലാം ഒരു പാഠമാവട്ടെയെന്ന് ഹരീഷ് അഭിപ്രായപ്പെടുന്നു. ഭാഗ്യം, ചായച്ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ദൃശ്യങ്ങൾ പലരുടെയും മൊബൈലിൽ എത്തുമായിരുന്നേനെ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മധു.
കടകളിൽ ചായ നൽകാനായി സൈക്കിളിൽ എത്തിയതായിരുന്നു ഷാജി. ഈ സമയമായിരുന്നു അപകടമുണ്ടായത്. പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്കാണ് യുവതി വീണത്. പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് ബസ് പിന്നോട്ട് നീക്കി സ്ത്രീയെ രക്ഷപ്പെടുത്തുന്നത്. എന്നാൽറോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. ഇവരെ ഏഴുനേൽപിച്ച ഉടൻ ഷാജി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചു നൽകുകയായിരുന്നു. പിന്നീട് സമീപത്തെ കടയിൽ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. അതേസമയം, പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.