വെള്ളിയാഴ്ച രാത്രി പതിനൊന്നര. വീടിന് സമീപത്തുകൂടെ അസാധാരണമായ രീതിയിൽ വെള്ളം ഒഴുകുന്നു. എന്തോ ഉൾവിളി പോലെ ചുവന്നപ്ലാക്കൽ ജോർളി മുറ്റത്തിറങ്ങി. വീടിന് സമീപത്ത് കാനയിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് തടസ്സങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
വെള്ളം ഒഴുകുന്നതിന് തടസ്സം സൃഷ്ടിച്ച് കിടന്ന് പനയുടെ തണ്ട് എടുത്തുയർത്തുമ്പോൾ ഒടിഞ്ഞ് കാലിൽ വീണ് ആഴത്തിൽ മുറിവുണ്ടായി.
ഉടൻതന്നെ അയൽക്കാരും അടുത്ത സുഹൃത്തുക്കളുമായ വരിക്കാനിക്കൽ ടോമി, കുഴിക്കപ്ലാക്കൽ ജോർജ്, മോൻസി എന്നിവർക്കൊപ്പം വാഹനത്തിൽ കയറി ആശുപത്രിയിൽ പോയി പ്രഥമ ചികിത്സ നടത്തി തിരികെ വന്നു.
ഒന്നരയോടുകൂടി വീട്ടിലെത്തിയ അവർ ഭയപ്പെട്ടുപോയി. വീടിനോട് ചേർന്ന് മൺകൂന ചെളി, കല്ല് എന്നിവ ചിതറി കിടക്കുന്നു. വിറകുപുരയും ടോയ്ലറ്റും കിണറും ഒക്കെ തകർന്ന് മൂടിപ്പോയിരിക്കുന്നു. വീടിന് കുഴപ്പമില്ല.
എങ്ങനെയെങ്കിലും വീട്ടിൽ എത്തുവാൻ മണ്ണിനും ചളിക്കും മുകളിലൂടെ അവർ നടന്നുപോയി.
പക്ഷേ അവിടെ വൈദ്യുത ലൈൻ പൊട്ടി കിടക്കുന്നുണ്ടായിരുന്നു. ഭാഗ്യവശാൽ അവരുടെ കാൽ തട്ടിയില്ല.
എന്നാൽ പിന്നാലെ വന്ന വീടിൻ്റെ ഉടമസ്ഥൻ ചുവന്നപ്ലാക്കൽ ജോർളിയുടെ കാലിൽ തട്ടി വൈദ്യുത ലൈനിൽ നിന്നുള്ള എർത്ത് വരികയും പിടഞ്ഞുവീഴുകയും ചെയ്തു. രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരോട് രക്ഷിക്കാൻ അടുത്ത് വരണ്ട എന്നും, ഞാൻ മരിക്കാൻ പോവുകയാണെന്നും പറഞ്ഞ് വിലക്കി.
സെക്കൻഡുകൾ കൊണ്ട് വൈദ്യുതാഘാതം ഏറ്റ ജോർളി മരണത്തോട് പിടഞ്ഞ് അടുക്കുന്ന നിമിഷങ്ങൾ.
പെട്ടെന്നാണ് സുഹൃത്ത് വരിക്കാനിക്കൽ ടോമി മറ്റൊന്നും ആലോചിക്കാതെ മുന്നോട്ട് വന്നത്. തൊട്ടപ്പോൾ ടോമിയ്ക്ക് ചെറുതായി വൈദ്യുതാഘാതം അനുഭവപ്പെട്ടു.
എങ്കിലും പെട്ടെന്ന് തന്നെ ധൈര്യം സംഭരിച്ച് വൈദ്യുതിയേറ്റ് വീണു പിടയ്ക്കുന്ന ജോർളിയുടെ ഉണങ്ങിയ മുണ്ടിൽ പിൻഭാഗത്ത് നിന്നും പിടിച്ചു വലിച്ചുയർത്തി വൈദ്യുത ബന്ധത്തിൽ നിന്ന് മാറ്റി.
തുടർന്ന് സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിച്ചു. കൂട്ടുകാർ ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി ജീവനിലേക്ക് തിരിച്ചുകൊണ്ടുവന്നു.
വൈദ്യുതി വീണു കിടക്കുന്നതിനാൽ നനഞ്ഞ പ്രതലത്തിൽ ഷോട്ട് ഉണ്ടായിരുന്നു എങ്കിലും സ്വന്തം ജീവൻ പണയപ്പെടുത്തി തന്നെയാണ് പ്രിയ കൂട്ടുകാരന് വേണ്ടി ഇത്തരമൊരു സാഹസിക പ്രവർത്തനം ഒരുക്കി ജീവൻ രക്ഷിക്കാൻ ടോമി തയ്യാറായത്.
മലങ്കര ഡാം സൈറ്റിൽ മൂവാറ്റുപുഴ ജലസേചന പദ്ധതി വിഭാഗം ഉദ്യോഗസ്ഥൻ കൂടിയാണ് ടോമി. എള്ളുംപുറം സെൻ്റ് മത്ഥിയാസ് സി എസ് ഐ ദേവാലയത്തിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സേവന സന്നദ്ധത കൈമുതലായുള്ള പ്രിയ ടോമിക്ക് ഒരായിരം അനുമോദനങ്ങൾ....
കടപ്പാട് : ലേഖനം: മനോജ് മേലുകാവ്, മേലുകാവ് ന്യൂസ്