തൊടുപുഴ: വാക്കുതർക്കത്തെ തുടർന്ന് ബന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇളംദേശം ആലക്കൽ സി.എ. സലീമിനെയാണ് തൊടുപുഴ SHO K.P. മനേഷിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സഹോദരീപുത്രനും പേരുമ്പിള്ളിച്ചിറ കൈതാനിക്കൽ സ്വദേശിയുമായ കെ.എ. റസലിനാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ സലീമിന്റെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതിനു പിന്നാലെ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സലീം റസലിനെ പിടിച്ചുതള്ളുകയും അടുക്കളയിൽ നിന്ന് വാക്കത്തി എടുത്ത് കൈയിലും വിരലിലും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റസലിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മങ്ങാട്ടുകവലയിൽ ഇറച്ചിവ്യാപാരം നടത്തുന്നയാളാണ് സലീം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.