ഇടുക്കി: ശബരിമല തീർത്ഥാടനകാലത്തെ ഡ്യൂട്ടിക്കായി ആംബുലൻസ് ഡ്രൈവർമാരെ നിയോഗിച്ചതോടെ ഇടുക്കി മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതായി പരാതി. ആശുപത്രിയിലെ അടിയന്തര സേവനങ്ങളെ ഇത് ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു.
ആകെയുള്ള 4 ഡ്രൈവർമാരിൽ 2 പേരെയാണ് ശബരിമല ഡ്യൂട്ടിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നിയോഗിച്ചത്.
ആംബുലൻസ് ഡ്രൈവർമാരെ ശബരിമല ഡ്യൂട്ടിക്ക് അയക്കരുതെന്ന് ഡി എം ഓ യോട് നേരിട്ടും, കത്ത് മുഖേനയും മെഡിക്കൽ കോളേജ് സുപ്രണ്ട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. HMC ചെയർമാൻ ആയ ജില്ലാ കളക്ടറേയും പ്രതിസന്ധി വിവരം അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ആകെയുള്ള 4 ഡ്രൈവർമാരിൽ 2 പേർ ശബരിമല ഡ്യൂട്ടിക്കും, 2 പേർ അവധിയിൽ പോകുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിൽ ഡ്രൈവിംഗ് ലൈസൻസുള്ള സെക്യൂരിറ്റി ജീവനക്കാരെ ആംബുലൻസ് ഓടിക്കാൻ ചുമതലപ്പെടുത്തി ഉത്തരവായതായി ആശുപത്രി അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ രോഗികൾക്ക് അവശ്യ സേവനം ലഭ്യമാക്കുന്നതിനാണ് താൽക്കാലിക സംവിധാനമെന്ന് ഡോക്ടർ നവാസ് പറഞ്ഞു.
ആംബുലൻസ് സേവനം അത്യാവശ്യമായ സാഹചര്യങ്ങളിൽ രോഗികളെ സമയബന്ധിതമായി ആശുപത്രികളിലെത്തിക്കേണ്ടത് നിർണായകമാണ്. ഡ്രൈവർമാരുടെ കുറവ് അടിയന്തര രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനും അപകടങ്ങളിൽപ്പെടുന്നവർക്കുള്ള ചികിത്സാ സഹായം എത്തിക്കുന്നതിനും തടസ്സമാകുമെന്നാണ് ആശങ്ക.
ശബരിമല ഡ്യൂട്ടിക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുമ്പോൾ മെഡിക്കൽ കോളേജിലെ അടിയന്തര സേവനങ്ങൾ തടസ്സപ്പെടാത്ത വിധത്തിൽ ബദൽ ക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നു.