കുടിവെള്ളം മുട്ടി കരിങ്കുന്നം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി രംഗത്ത്
കരിങ്കുന്നം: ഗ്രാമപഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം താറുമാറായ സാഹചര്യത്തിൽ കേരള വാട്ടർ അതോറിറ്റിക്ക് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി ജോണും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് കത്ത് നൽകി.
പമ്പ് ഹൗസിലെ മോട്ടറുകള്‍ തകരാറിലാവുകയും വിതരണ പൈപ്പ് ലൈനുകള്‍ കാലപ്പഴക്കത്താൽ പല ഭാഗങ്ങളിലും പൊട്ടുകയും ചോർച്ചകൾ വ്യാപകമാവുകയും ചെയ്തതോടെ ജലവിതരണം അനിയന്ത്രിതമായിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടർന്ന് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനങ്ങൾ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. വേനൽക്കാലം ശക്തമായതോടെ പ്രശ്നം കൂടുതൽ രൂക്ഷമായ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിന്റെ ഇടപെടൽ. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നത് അടിസ്ഥാനാവകാശമാണെന്നും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
തകരാറിലായ പൈപ്പ് ലൈനുകള്‍ അടിയന്തരമായി പുനരുദ്ധരിക്കണമെന്നും ആവശ്യമായിടങ്ങളിൽ പുതിയ ലൈൻ സ്ഥാപിക്കണമെന്നും, സ്ഥിരപരിഹാരം ലഭ്യമാകുന്നതുവരെ ടാങ്കർ ലോറികൾ വഴി കുടിവെള്ള വിതരണം ഉറപ്പാക്കണമെന്നും പഞ്ചായത്തിന്റെ ആവശ്യത്തിൽ പറയുന്നു. പ്രശ്നത്തിൽ ത്വരിത നടപടി ഉണ്ടായില്ലെങ്കിൽ ഉയർന്നതലത്തിൽ പരാതി നൽകുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും നിർബന്ധിതരാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊട്ടിയ പൈപ്പ് ലൈനുകള്‍ അടിയന്തിരമായി മാറ്റുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുളള ആവശ്യമായ ഇടപെടലുകൾ നടത്തുന്നതായും അറിയിച്ചു. കുടിവെളള കണക്ഷനുകളില്‍ നിന്നും കൃഷിയിടങ്ങളിലേക്കും കിണറുകളിലേക്കും അനധികൃതമായി വെളളം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്ക് 10,000/- രൂപയില്‍ കുറയാതെ പിഴ ഈടാക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.