ഇന്ന് ഭാരതീയ സംസ്കാരത്തിൽ ഏറെ വിശേഷപ്പെട്ട ദിനമായ അക്ഷയ തൃതീയ ആചരിക്കപ്പെടുന്നു. “അക്ഷയം” എന്നത് ഒരിക്കലും ക്ഷയിക്കാത്തത്, നശിക്കാത്തത് എന്നർത്ഥം വരുന്നതാണ്. അതുകൊണ്ടുതന്നെ ഈ ദിവസം ആരംഭിക്കുന്ന എല്ലാ ശുഭകാര്യങ്ങളും നിത്യസമൃദ്ധിയും ഐശ്വര്യവും നൽകുമെന്നാണ് വിശ്വാസം.
പുരാണങ്ങളനുസരിച്ച്, ഇന്ന് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജയന്തിയും കൂടിയാണ്. കൂടാതെ മഹാഭാരതം എഴുതാൻ വേദ വ്യാസനും ; ഗണേശയും ഒരുമിച്ച് തുടക്കം കുറിച്ച ദിനമായും ഈ ദിവസം വിശേഷിപ്പിക്കപ്പെടുന്നു. ദ്രൗപതിയ്ക്ക് ശ്രീകൃഷ്ണൻ അക്ഷയപാത്രം നൽകിയ ദിനമായും ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്.
. വിവാഹം, ഗൃഹപ്രവേശം, പുതിയ സംരംഭങ്ങൾ തുടങ്ങിയവക്ക് തുടക്കം കുറിക്കാൻ ഏറ്റവും അനുയോജ്യമായ ദിവസമായും അക്ഷയ തൃതീയയെ കണക്കാക്കുന്നു.
കേരളത്തിലും അക്ഷയ തൃതീയ ദിനത്തിൽ ക്ഷേത്രദർശനത്തിനും ദാനധർമ്മ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് അന്നദാനം, വസ്ത്രദാനം തുടങ്ങിയ സേവനങ്ങൾ നടത്തി പുണ്യം സമ്പാദിക്കുന്ന ദിനമായി പലരും ഇതിനെ കാണുന്നു.
സമൂഹത്തിൽ ഐക്യവും സമൃദ്ധിയും വളർത്തുന്ന സന്ദേശമാണ് അക്ഷയ തൃതീയ നൽകുന്നത്. മനുഷ്യർ തമ്മിലുള്ള സ്നേഹവും പങ്കുവെയ്ക്കലും അനന്തമായ ഫലങ്ങൾ നൽകുമെന്ന ബോധ്യപ്പെടുത്തുന്ന ഈ ദിനം, ആത്മീയമായും സാമൂഹികമായും ഏറെ പ്രസക്തമാണ്.
എല്ലാ വായനക്കാർക്കും അക്ഷയ തൃതീയ ആശംസകൾ