ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി പുതിയ ഇലക്ട്രിക്ക് വാഹനന നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് സർക്കാർ. പുതിയ കരട് നയത്തിൽ പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്ന നിർദേശങ്ങളിലൊന്ന് 2028 ഏപ്രിൽ 1 മുതൽ പുതിയ പെട്രോൾ, ഡീസൽ ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്നതാണ്. ഇതിലൂടെ നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ തോതിൽ വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഡൽഹിയിലെ വായു മലിനീകരണം രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ കർക്കശമായ നടപടികളിലേക്ക് നീങ്ങുന്നത്. ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയം 2030 മാർച്ച് വരെ നിലനിൽക്കും. ഇതോടെ 30 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് കാറുകൾക്ക് നികുതിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
പുതിയ നയത്തിൻ്റെ ആദ്യഘട്ട കരടിൽ ശക്തമായ ഹൈബ്രിഡ് കാറുകൾക്ക് നികുതി ഇളവ് നൽകുന്ന നിർദേശവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അന്തിമ കരടിൽ ഈ വ്യവസ്ഥ ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാർ നൽകുന്ന പ്രോത്സാഹനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും പ്രധാനമായും ഇലക്ട്രിക് വാഹനങ്ങൾക്കായി കേന്ദ്രീകരിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുക, ബാറ്ററി ചാർജിങ് സൗകര്യങ്ങൾ കൂടുതൽ വ്യാപിപ്പിക്കുക, പൊതുഗതാഗത രംഗത്തും വൈദ്യുത വാഹനങ്ങളുടെ വിഹിതം ഉയർത്തുക തുടങ്ങിയ നിർദേശങ്ങളും നയത്തിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്. ആനുകൂല്യങ്ങൾക്കായി ഓൺലൈൻ മുഖേന അപേക്ഷിക്കാൻ പോർട്ടലും സജ്ജമാക്കും.