ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ വിജയകരം
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ തലവൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധനകളിലാണ് രോഗം സ്ഥിരീകരിച്ചത്. 71 വയസ്സുകാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശ്വാസകോശത്തിൽ കണ്ടെത്തിയ ചെറിയ മുഴ നീക്കം ചെയ്യുന്നതിനായി ഒക്ടോബർ 13-നാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീർണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു.
ലങ് അഡിനോകാർസിനോമ (Lung Adenocarcinoma) എന്ന വിഭാഗത്തിൽപ്പെട്ട അർബുദമാണ് മാർപാപ്പയ്ക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ പരിശോധനകളിൽ രോഗസാധ്യത സംശയിച്ചിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ടിഷ്യു പരിശോധനയിലൂടെയാണ് രോഗനിർണയം സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയയ്ക്കുശേഷം മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്തതായും ആശുപത്രിയിലെ മുറിയിൽ വിശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏകദേശം ഒരാഴ്ച ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 20 വരെ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്.
രോഗത്തിന്റെ തുടർചികിത്സ സംബന്ധിച്ച അന്തിമ തീരുമാനം കൂടുതൽ പരിശോധനകളുടെ ഫലങ്ങൾ ലഭിച്ചശേഷമായിരിക്കും. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ആവശ്യമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർഥനയിലാണ്.