2026 നവംബര്‍ 2 | തിങ്കള്‍
1202 തുലാം 16 | ആയില്യം
◾ ദില്ലിയെ വിറപ്പിച്ച് 'ചലോ ദില്ലി'. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തിയ 'ചലോ ദില്ലി' പ്രതിഷേധ മാര്‍ച്ച് ജനസാഗരമായി രാജ്യതലസ്ഥാനത്തെ വിറപ്പിച്ചു. ഗ്യാനേഷിനെതിരായ പ്രതിഷേധം രാം ലീലാ മൈതാനത്താണ് പറഞ്ഞിരുന്നതെങ്കിലും രാജാജി മാര്‍ഗ് മുതല്‍ രാം ലീല വരെ നടന്നത് ഇന്ത്യാ സഖ്യ നേതാക്കളുടെ ശക്തി പ്രകടന റാലിയായിരുന്നു. ആവേശകരമായ മഹാറാലിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ സമാപനമായി. ഇന്ത്യാ സഖ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിച്ച് മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, എം എ ബേബി, ഡി രാജ, കേരള മുഖ്യമന്ത്രി വി ഡി സതീശന്, തെലങ്കാന-ഹിമാചല്‍ മുഖ്യമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എം പിമാര്‍ തുടങ്ങി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ജനസാഗരം തലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ചു.
◾ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിച്ച ഗ്യാനേഷ് കുമാറിന് ജയിലില്‍ പോകേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി. 2024 ന് ശേഷം 13 കോടി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും പറഞ്ഞ രാഹുല്‍ ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങള്‍ ആര് എസ് എസ് പിടിച്ചടക്കിയെന്നും ചൂണ്ടിക്കാട്ടി. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
◾ കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കുമായി വന്‍കിട നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന് . 'കേരള മോഡല്‍' വികസനത്തിന് നിലവില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾ കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് സ്കൂള്‍ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിര്‍ദേശിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പിന്‍വലിച്ചു. അധ്യാപകരുടെയും സ്കൂള്‍ മാനേജര്‍മാരുടെയും പ്രതിഷേധം കനത്തതോടെ മന്ത്രി എന്‍. ഷംസുദ്ദീന് ഇടപെലിനെത്തുടര്ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. പരിഷ്കരിച്ച സര്‍ക്കുലര്‍, ഉന്നതതല കൂടിയാലോചനയ്ക്കുശേഷം പുറത്തിറക്കും.
◾ ആലപ്പുഴ ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
◾ ചേരനല്ലൂര്‍ വാഹനാപകടക്കേസിലെ പ്രതിയായ 17-കാരന്റെ പിതാവായ ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് പരാതി. അപകടം നടന്നത് മുതല്‍ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ജഡ്ജി ശ്രമിച്ചതായി സംശയങ്ങളുണ്ടെന്ന് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ചേരനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു
◾ രാംലീല മൈതാനത്ത് ഇന്നലെ നടന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയുടെ മുന്‍നിരയില്‍ കേരളത്തിന്റെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യം. മുഖ്യമന്ത്രി വി ഡി സതീശന്, എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്, ജോസ് കെ മാണി, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള നേതാക്കളാണ് സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
◾ മുന്‍മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്. പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല, കണ്ണൂരില്‍ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് ചെയ്തു.
◾ കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാന്‍ അനുവദിച്ച ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഹാജര്‍ ഇല്ലെന്നും, മതിയായ ഹാജറില്ലാത്തവരെ പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്നുമാണ് വി സിയുടെ നിലപാട്.ഇതിനിടെ വിദ്യാര്‍ത്ഥികള്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും നിരാഹാര സമരം തുടങ്ങാനും തീരുമാനിച്ചു
◾ മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം. മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോല്‍പ്പിക്കാന്‍ ആകില്ലെന്നും, വി ഡി സതീശനെ വിസ്മയത്തോടെയാണ് കേരളം കേള്‍ക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.
◾ സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതി എഴുത്തച്ഛന് പുരസ്കാരം എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണന്. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
◾ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകര്‍ക്കെതിരായ നടപടിക്കെതിരെ ഇടത് അധ്യാപകസംഘടനകള്‍. സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്നും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് ആവശ്യം. ഇളവുകള്‍ മരവിപ്പിച്ചത് ആയിരത്തോളം അധ്യാപകരെ ബാധിക്കും.
◾ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്മാന് ആര് പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ നീക്കം. ഇതിനായി ക്രൈം ബ്രാഞ്ച് ഉടന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്.
◾ അടൂര്‍ പൊലീസ് സ്റ്റേഷന് അതിക്രമത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമെന്നും സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡി ജി പി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.
◾ പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്സി സെക്രട്ടറി ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. ചെയര്മാന് കൂട്ടിയാലോചന നടത്താറില്ലെന്നും ചെയര്‍മാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
◾ സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് യുവജനങ്ങളെ അണിനിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മരണം സംഭവിച്ചാലും സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ എസ് വളര്‍മതി പറഞ്ഞു.
◾ വയനാട് എസ്എഫ്ഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് വധഭീഷണി ഉണ്ടെന്നും, നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ജോ.സെക്രട്ടറി സായന്ത്. പുല്‍പ്പള്ളിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദര്‍ശും കേന്ദ്ര കമ്മിറ്റി അംഗവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നും സായന്ത് പറയുന്നു.
◾ ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്റെയും സവിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിക്കും.
◾ കുടുംബദോഷങ്ങള്‍ മാറുന്നതിനായി പൂജകള്‍ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന് ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
◾ പാര്‍ട്ടിയെ അടിമുടി തിരുത്താന്‍ സിപിഎം സര്‍വേ. പ്രവര്‍ത്തനശൈലിയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായിട്ടാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വിപുലമായ സര്‍വേ ആരംഭിച്ചത്. നേതാക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടുന്നതിനായി 83 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മുറസു ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റ് ആയി തെക്കന്‍ ആന്ധ്രയില്‍ കരതൊടും. വടക്കന്‍ തമിഴ്നാട്ടില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്കൂളുകള്‍ക്ക് അവധി. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
◾ പ്രതിപക്ഷത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടത്തെ കോണ്‍ഗ്രസ് തകര്‍ത്തു. വീണ്ടും അഞ്ച് വര്‍ഷം കൂടെ പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കണമെന്നും അമിത് ഷാ. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ 'മോക്ക് പാര്‍ലമെന്റില്‍' ഇരിക്കാമെന്നും ഒരിക്കലും അദ്ദേഹത്തിന് ആ പദവി ലഭിക്കാന്‍ പോകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു.
◾ ബി.ജെ.പി വോട്ടുകള്‍ മോഷ്ടിക്കുകയാണെന്നും ജനാധിപത്യത്തെ തകര്‍ത്ത് ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ നിന്ന് ഒരു കോടിയിലധികം വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച അവര്‍ ചീഫ് ഇലക്ഷന് കമ്മീഷണറെ 'വാനിഷ് കുമാര്‍' എന്നും വിശേഷിപ്പിച്ചു.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ച് ഐസ നേതാവ് നേഹ ബോറ. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും ഇലക്ഷന് കമ്മീഷന്റെ നടപടികള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്നും അവര്‍ ആരോപിച്ചു.
◾ ചലോ ദില്ലി റാലിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഉത്സവകാലത്ത് ദില്ലിയിലെ വ്യാപാരം തടസ്സപ്പെടുത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ജെ പി നദ്ദയും നിതിന്‍ നബീനും ആരോപിച്ചു.
◾ രാംലീല മൈതാനത്ത് സംഘടിപ്പിച്ച മഹാറാലി പരാജയമായിരുന്നുവെന്ന് ബിജെപി. പത്ത് ലക്ഷം പേര് അണിനിരക്കുമെന്നാണ് രാഹുല്‍ ഗാന്ധി അവകാശപ്പെട്ടത്. എന്നാല്‍ മൈതാനത്തിന്റെ 40 ശതമാനം ഭാഗവും കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പരിഹസിച്ചു.
◾ രാംലീല മൈതാനത്ത് നടക്കുന്ന 'ദില്ലി ചലോ' പ്രക്ഷോഭത്തിനിടെ, വോട്ടര്‍ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കിലോമീറ്ററിലധികം നീളമുള്ള കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
◾ ഹൈദരാബാദില്‍ ഐ.വി.എഫ്, ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന അന്തര്‍സംസ്ഥാന അണ്ഡക്കടത്ത് മാഫിയ സംഘത്തെ പോലീസ് പിടികൂടി. ബെഗംപേട്ടിലെ പ്രകാശ് നഗര്‍, എരഗഡ്ഡ, സരൂര്‍നഗര്‍, ഗോപാലപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും 43 സ്ത്രീകളെ രക്ഷപ്പെടുത്തുകയും ചെയ്തു
◾ ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് എതിരെ കലാപം. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്ന് 25 എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ തുടര്‍നടപടി എന്നാണ് മുന്നറിയിപ്പ്.
◾ റഷ്യ-യുക്രെയ്ന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സിവിലിയന്‍ കപ്പലുകള്‍ സംരക്ഷിക്കുക, കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി പുനഃസ്ഥാപിക്കുക, ഊര്‍ജ്ജ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നീ വിഷയങ്ങളില്‍ റഷ്യ, യുക്രെയ്ന്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് അറിയിച്ചു.
◾ ബ്രിട്ടന്റെ റോയല്‍ നേവിയെയും റോയല്‍ എയര്‍ഫോഴ്സിനെയും ഭീകര സംഘടനകളായി ഇറാന് പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ആര്.എ.എഫ് ഫെയര്‍ഫോര്‍ഡ് വ്യോമസേനാ താവളത്തിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ ഇറാന് പങ്കുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേര്ണാം ആരോപിച്ചതിന് പിന്നാലെയാണ് ഈ നടപടി.
◾ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ, ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാന്‍ അമേരിക്ക സജ്ജമാണെന്ന് മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. 'പിക്ആക്സ് മൗണ്ടന്‍' പോലുള്ള ആണവ കേന്ദ്രങ്ങളില്‍ പത്തു മിനിറ്റിനുള്ളില്‍ ആക്രമണം പൂര്‍ത്തിയാക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
◾ മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കന്‍ തീരത്ത് ഞായറാഴ്ച രാവിലെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഏകദേശം 350 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
◾ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വീണ്ടും സൈനികാക്രമണമുണ്ടായാല്‍ അതിരുകളില്ലാതെ തിരിച്ചടിക്കുമെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നല്കി.
◾ ഡി.ആര്.കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ അയ്യായിരം കടന്നു. രോഗം സ്ഥിരീകരിച്ചവര്‍ 10,300 ആയി. 26 പ്രവിശ്യകളില്‍ എട്ടെണ്ണവും ഇപ്പോള്‍ രോഗബാധിതമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
◾ സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ സ്വന്തം മൈതാനത്ത് കാലിക്കറ്റ് എഫ്.സി.യോട് 6-2 നാണ് മലപ്പുറത്തിന്റെ തോല്‍വി. ജയത്തോടെ കാലിക്കറ്റ് സൂപ്പര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറ് കളിയില്‍ 14 പോയന്റാണ് ടീമിന്റെ സമ്പാദ്യം. എട്ട് പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. 11 പോയന്റോടെ കൊച്ചിയാണ് രണ്ടാമത്.
◾ ടി20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് കീഴടക്കിയ ന്യൂസീലന്‍ഡ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യയെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്. 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 18 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഇന്ത്യ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന രണ്ടു മത്സരങ്ങള്‍ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കിവീസിനായി.
◾ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്ക് തന്റെ നിര്‍മിതബുദ്ധി കമ്പനിയുടെ ഡാറ്റാ സെന്ററുകള്‍ക്ക് സമീപമുള്ള 418 വീടുകള്‍ വിലയ്ക്കുവാങ്ങാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രദേശത്ത് തന്റെ ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.
◾ കൗമാരക്കാരായ ഉപയോക്താക്കള്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഇനി ചാറ്റ്ജിപിടി ഉത്തരം നല്‍കില്ല. ചോദ്യങ്ങള്‍ നിരുപദ്രവകരമാണെന്ന് തോന്നിയാല്‍ പോലും ചോദിക്കുന്നത് കൗമാരക്കാരാണെങ്കില്‍ എഐ ടൂള്‍ അവയോട് മുഖംതിരിക്കും. ചാറ്റ് ജിപിടി അടക്കമുള്ള എഐ ടൂളുകള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു എന്നതടക്കമുള..പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓപ്പണ്‍എഐ കര്‍ശന മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.
◾ മലയാള സിനിമയില്‍ പോലീസ് ത്രില്ലര്‍ വിഭാഗത്തില്‍ പതിവ് ഫോര്‍മാറ്റുകളില്‍നിന്ന് മാറിയുള്ള പരീക്ഷണവുമായി 'ടാരന്റിനോ' എത്തുന്നു. സംഭവങ്ങളുടെ പിന്നിലെ യഥാര്‍ഥ വസ്തുതകളിലേക്ക് എത്താനുള്ള യാത്രയില്‍ അപ്രതീക്ഷിതമായ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളും പ്രധാനമാകുന്ന സിനിമയാണിത്. ദി പ്ലോട്ട് പിക്ചേഴ്സും 'സംഭവം അധ്യായം ഒന്ന്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നല്ല സിനിമ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്വിന് സി ജോണ്സണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എസ്. ജയകൃഷ്ണന്റേതാണ്.
◾ സൂര്യയെ നായകനാക്കി ജിത്തു മാധവന് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന്റെ ട്രെയ്ലര് പുറത്ത്. മാസ് ആക്ഷനും നര്‍മവും ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ട്രെയ്ലര് ചിത്രത്തെ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നറായാണ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രം നവംബര്‍ 6ന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
◾ സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് ഒരുക്കുന്ന ഫാന്റസി ചിത്രം 'കോസ്മിക് സാംസണി'ലെ ആദ്യത്തെ ഗാനം 'ഉലകമേ നോക്ക്' ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നല്കിയ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 27ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
◾ രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയ്ക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ ഡീസല്‍, വിമാന ഇന്ധനം (ATF) എന്നിവയുടെ കയറ്റുമതിക്കുള്ള വിന്ഡ്ഫാള് ഗെയിന്‍ നികുതി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം പെട്രോള്‍ കയറ്റുമതിക്കുള്ള നികുതി പൂര്‍ണമായും ഒഴിവാക്കി. ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കുകള്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
◾ ആഗോള വിപണിയില്‍ എല്‍ എന്‍ ജി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈനയെ പിന്നിലാക്കി ജപ്പാന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയും ചൈനയിലെ സാമ്പത്തിക-വ്യാവസായിക മന്ദതയും മൂലം ആഭ്യന്തര ആവശ്യകതയിലുണ്ടായ കുറവുമാണ് ചൈനയുടെ എല്‍എന്‍ജി ഇറക്കുമതിയെ ബാധിച്ചത്. 2021-ല്‍ ചൈന ഒന്നാമതെത്തിയ ശേഷം നടക്കുന്ന പ്രധാന മാറ്റമാണിത്.
◾ വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയുമൊക്കെ മൂലം ചെറുപ്പക്കാര്‍ക്കിടയില്‍ ടൈപ്പ് 2 ഡയബറ്റിസ് സ്ഥിരീകരിക്കുന്നതിന്റെ തോത് കൂടുകയാണ്. ബ്ലഡ് ഷുഗര്‍ നില നിയന്ത്രണവിധേയമാക്കി മറ്റ് സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള മരുന്നാണ് പ്രമേഹരോഗികള്‍ക്കു നല്‍കാറുള്ളത്. ഇപ്പോഴിതാ ഭക്ഷണക്രമീകരണവും വ്യായാമവും സംയോജിപ്പിച്ച് ടൈപ്പ് 2 ഡയബറ്റിസ് ഫലപ്രദമായി കുറയ്ക്കാനാവുമെന്ന് പറയുകയാണ് ഗവേഷകര്‍.
*ശുഭദിനം*
*കവിത കണ്ണന്*
'ആരായിത്തീരണം' - ഓരോരുത്തരുടെയും ഭൂതകാലം ചികഞ്ഞാല്‍ ഇങ്ങനെ ഒരു ചോദ്യം നേരിട്ടതായി കാണാം. എങ്കില്‍ ഒരു ചോദ്യം കൂടി വര്‍ത്തമാനത്തില്‍ ബാക്കി നില്ക്കുന്നു. എന്നിട്ട് 'ആരായിത്തീര്‍ന്നു? 'താന്‍ ഗര്‍ഭസ്ഥശിശു ആയിരിക്കേ തന്നെ അച്ഛന് മരിച്ചു. പിറന്ന് ശൈശവം കടക്കും മുമ്പേ അമ്മയുടെ സംരക്ഷവും നഷ്ടപ്പെട്ടു. മുത്തശ്ശിയുടെ ചെറിയ ലോകത്ത് അവന് വളര്‍ന്നു. കാലത്തിനൊത്ത ചെറിയ സ്വപ്നങ്ങള്‍ ആയിരുന്നു അവര്‍ക്ക്. കുട്ടിയെ ഒരു മിടുക്കനായ കൃഷിക്കാരനാക്കണം. - അവന്റെ അച്ഛനെപ്പോലെ. പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരു പാവം കുട്ടികര്ഷകന്. പക്ഷേ കൃഷിയിടത്തില്‍ അവന്റെ മനസ്സ് നിന്നില്ല. ഏറ്റവും പരാജിതനായ ഒരു കൃഷിക്കാരനായി ആ കുട്ടി മാറി. വീണ്ടും സ്കൂളിലേക്ക്, കോളേജിലേക്ക്, ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്. ഇടയ്ക്കൊരിക്കല്‍ തന്റെ അമ്മയുടെ കൃഷി ഭൂമിയിലേക്ക് ഒരു മടങ്ങിവരവ്. ആ വരവില്‍ ലോകത്തിന്റെ ചിന്തയെ പോലും മാറ്റാന്‍ അവനായി. കൃഷിയിടത്തില്‍ താഴേക്കുപതിച്ച ഒരു ആപ്പിള്‍ കഥയിലൂടെ ലോകം അവനെ കണ്ടു. സര് ഐസക് ന്യൂട്ടണ്‍. നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭ. ആരായിത്തീരണം എന്ന് ആരൊക്കെയോ തീരുമാനിക്കുന്നു. പക്ഷെ കാലം നമ്മളെ മറ്റൊന്നാക്കി തീര്‍ക്കുന്നു. പ്രതീക്ഷകളുടെ അമിതഭാരം കളഞ്ഞ് കാലത്തോടൊപ്പം വളരാം. ഏറ്റവും അനുയോജ്യമായ ഒരിടത്ത് കാലം നമ്മെ എത്തിച്ചിരിക്കും. - ശുഭദിനം.
https://chat.whatsapp.com/FCEmSJSdR9k0QlUhiIZisN?s=cl&p=i&mlu=4&ilr=4&iam=2