2026 നവംബര്‍ 10 | ചൊവ്വ
1202 തുലാം 24 | വിശാഖം
◾ ദീപാവലിക്ക് പിന്നാലെ ദില്ലിയില്‍ വായുമലിനീകരണം അപകടകരമായ അവസ്ഥയില്‍. പലയിടത്തും മലിനീകരണതോത് 400 കടന്നു. ഇന്നലെ രാവിലെ ഡല്‍ഹിയിലെ മിക്ക ഭാഗങ്ങളും കറുത്ത പുകയും മൂടല്‍മഞ്ഞും കാരണം മൂടിക്കെട്ടിയ നിലയിലായിരുന്നു. 2021-ന് ശേഷം വായുനിലവാരം ഏറ്റവും മോശമായ ദീപാവലിവേളയാണിതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. അന്തരീക്ഷത്തില്‍ പുക പടര്‍ന്നത് വിമാനസര്‍വീസുകളെ ബാധിച്ചു.
◾ അറസ്റ്റ് ചെയ്യപ്പെട്ട് 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയിലായാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്വാഭാവികമായി സസ്പെന്‍ഷനിലാകുമെന്ന് സുപ്രീം കോടതി. ഇപ്രകാരം കസ്റ്റഡിയിലാകുന്നവര്ക്കെതിരേ പ്രത്യേകം സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
◾ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. സര്‍ക്കാരിന് മാത്രമായി ഇത് സാധിക്കില്ല. എന്‍.ജി.ഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണം. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന് അടക്കമുള്ള കടുത്ത നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ഫയലുകളില്‍ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രി വി ഡി സതീശന് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. നിരവധി പേരുടെ ജീവിതപ്രശ്നമാണെന്നും ഫയലുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് പ്രത്യേക ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
◾ സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച മുന്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിന്റെ നടപടി സര്‍ക്കാര്‍ റദ്ദാക്കി. സിയാലിന്റെ മൂന്നാമത്തെ ബാറിന് ലൈസന്‍സ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. കമ്മീഷണര്‍ അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല.
◾ ജി.എന്‍.എ. വഴി തല്ക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി. നല്കിയ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെപ്പറ്റി തനിക്ക് അറിവില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി, വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും ഏത് വകുപ്പിലും ആവശ്യാനുസരണം ഇടപെടാന്‍ അദ്ദേഹത്തിന് അധികാരമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ ശബരിമല നെയ്യ് ക്രമക്കേടിനിടെ മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. രണ്ടു ദിവസത്തിനുള്ളില്‍ പതിനായിരം ലിറ്റര്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.
◾ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വോളണ്ടിയര്‍ കോര്‍ വരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രായമായവരെ സന്ദര്‍ശിക്കുന്നതാണ് പദ്ധതി. കെയര്‍ ഗീവേഴ്സ് കോഴ്സ് തുടങ്ങാനുള്ള സിലബസ് അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി വിഡി സതീശന് അറിയിച്ചു. നഴ്സിങ്ങിന് തൊട്ടുതാഴെ വരുന്ന ഒരു വര്‍ഷത്തെ കോഴ്സായിരിക്കും ഇത്.
◾ സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന് തുടരും. കെ കെ ജയചന്ദ്രനെ പുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും വി ശിവന്‍കുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
◾ കൊച്ചിയില്‍ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര, വ്യവസായ മന്ത്രിമാര്‍. റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാര്‍ഹമെന്ന് ചെന്നിത്തല. റാലിയുടെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നു കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.. റാലി മാറ്റാന്‍ തയ്യാറായ യൂത്ത് ലീഗ് നടപടി മാതൃകാപരമെന്നാണ് ആഭ്യന്തര മന്ത്രി ചെന്നിത്തല പ്രതികരിച്ചത്.
◾ വടക്കന്‍ പറവൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാല്‍ 56കാരന്റെ കാല് മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുള്‍ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. അതേസമയം അബ്ദുല്‍ ജബ്ബാറിനെ രാത്രി തന്നെ കോട്ടയത്തേക്ക് റഫര്‍ ചെയ്തിരുന്നുവെന്ന് ആശുപത്രി റിപ്പോര്‍ട്ട്. അവിടേക്ക് പോകാനാകില്ലെന്നായിരുന്നു മറുപടി. സ്വന്തം റിസ്കില്‍ വീട്ടിലേക്ക് പോകുന്നതായി എഴുതി നല്‍കിയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
◾ പിഎം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്. ഇതുവരെ സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് എല്ലാവര്ക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാന്‍ കേരളത്തിന് അര്‍ഹതയും യോഗ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
◾ തിരഞ്ഞെടുപ്പിലുണ്ടാകുന്ന തോല്‍വിയില്‍ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. പകരം 'ഞാന്‍ എന്ത് ചെയ്തു' എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എം.വി. രാഘവന് വലിയൊരു മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തെരുവ് ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം നേതാവ് എം.എ. ബേബി വിമര്‍ശിച്ചു.
◾ മുഖ്യമന്ത്രി വി ഡി സതീശന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പഴയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ആള് പിടിയില്‍. വെമ്പായം സ്വദേശി ഷംനാദിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വി ഡി സതീശന് ഉപേക്ഷിച്ച മൊബൈല്‍ നമ്പര്‍ അപേക്ഷ നല്കി സ്വന്തമാക്കിയ പ്രതി, ഈ നമ്പര്‍ ഉപയോഗിച്ച് നിരവധി പേരെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
◾ പതിനാറുകാരിയെ സ്പാകളിലെത്തിച്ച് നിരവധി പേര് പീഡിപ്പിച്ച സംഭവത്തില്‍ സ്പാകളില്‍ നടത്തിയ റെയ്ഡുകളില് നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിമാന്‍ഡിലുള്ള എട്ട് പ്രതികളെ കൂടാതെ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം എസ്.ഐ.ടി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
◾ തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയ അഞ്ചുപേര്‍ ഇന്നലെ മുങ്ങിമരിച്ചു. നാല് വിദ്യാര്‍ഥിനികളും ഒരു വനിതാ വാര്‍ഡനുമാണ് മുങ്ങിമരിച്ചത്.
◾ മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഡി കെ ശിവകുമാര്‍. തമിഴ്നാട് മുഖ്യമന്ത്രി സുപ്രീംകോടതി ഉത്തരവ് കണ്ടില്ലേ എന്ന് ഡികെ ചോദിച്ചു. ഉദ്യോഗസ്ഥര്‍ ജോസഫ് വിജയ്യെ കാര്യങ്ങള്‍ ധരിപ്പിക്കും എന്നാണ് പ്രതീക്ഷ. മോദിക്ക് വിജയ് കത്തെഴുതിയ വിഷയത്തിലാണ് പരാമര്‍ശം. ഡാം നിര്‍മാണം കര്‍ണാടകത്തിന്റെ അധികാര പരിധിയില്‍പ്പെട്ട കാര്യമാണ്. തമിഴ്നാടിന് നല്കുന്ന വെള്ളത്തില്‍ കുറവ് വരുത്തില്ല. വേണമെങ്കില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാമെന്നും ഡികെ പറഞ്ഞു.
◾ കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ദിമാഗി നക്സല്‍' പരാമര്‍ശത്തിനെതിരെ രൂക്ഷ മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസ്താവനകളില്‍ രാജ്യത്തെ ജവാന്മാര്ക്ക് വിശ്വാസമില്ലെന്നും ജവാന്മാരുടെ മുഖം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആരാണ് രാജ്യദ്രോഹികള്‍, ആരാണ് വിദേശശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.
◾ ഉത്തര്‍പ്രദേശില്‍ 1.27 കോടി ഹിന്ദു വോട്ടര്‍മാരെ എസ്ഐആറില്‍ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്. നുഴഞ്ഞുകയറ്റക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ഒഴിവാക്കി എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ആരോപിച്ചത്.
◾ ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' (ഖുശിയോം കി ഈദ്) എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
◾ എഥനോള്‍ പെട്രോള്‍ വിവാദം വിശദമായി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം മന്ത്രാലയം ഇതിനായി ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ പെട്രോള്‍ പമ്പുകളില്‍ നടത്തിയ പരിശോധനയില്‍ 30 ശതമാനത്തിന് മുകളില്‍ വരെ പെട്രോളില്‍ എഥനോള്‍ കണ്ടെത്തിയ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.
◾ ഷെയ്ഖ് ഹസീന നല്കിയ പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരസിച്ചു. ഹസീനയുടേത് ഒരു 'നാടകം' മാത്രമാണെന്ന് വിശേഷിപ്പിച്ച ബംഗ്ലാദേശ് സര്‍ക്കാര്‍, .തീവ്രവാദികള്‍ക്ക് പാസ്പോര്‍ട്ട് നല്‍കില്ലെന്നും പറഞ്ഞു. ഇതിനൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം ഹസീനയെ ബംഗ്ലാദേശിന് കൈമാറാന്‍ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.
◾ ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വമ്പന്‍ റാലി. ഞായറാഴ്ച നടന്ന ഈ പ്രകടനത്തില്‍ രണ്ടു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തെന്ന് സംഘാടകരിലൊരാളായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നെതര്‍ലന്‍ഡ്സ് ഘടകം അവകാശപ്പെട്ടു. .
◾ സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കിടെ ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണും. ഉപാധികള്‍ അംഗീകരിച്ചാല്‍ രണ്ട് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാന്‍ തയാറെന്ന് ഇറാന് അറിയിച്ചു. ഇറാനില്‍ ഇന്നലെ രാത്രിയിലുണ്ടായ സ്ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നില്ല. ഹൂതികള്‍ക്ക് ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് ഇറാനോട് യെമന്‍ ആവശ്യപ്പെട്ടു.
◾ പാകിസ്താനി ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 92 ന്യൂസിലെ അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്സാ (41)നിനേയാണ് ഞായറാഴ്ച റാവല്‍പിണ്ടിയിലെ ഗുല്ഷാനാബാദിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
◾ യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം. മുന്‍കൂര്‍ അനുമതിയില്ലാതെ നിയമവിരുദ്ധമായി യുദ്ധം നയിച്ചു, ഭരണഘടനാപരമായ അധികാരം മറികടന്ന് വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദുറോയെ തടവിലാക്കി, കരീബിയന്‍ കടലില്‍ നിയമനടപടികള്‍ പാലിക്കാതെ ലഹരിമരുന്ന് സംഘങ്ങളെ കൊലപ്പെടുത്തി എന്നീ എട്ട് കുറ്റാരോപണങ്ങള്‍ അടങ്ങിയ പ്രമേയമാണ് സമര്‍പ്പിച്ചത്.
◾ 21-കാരിയായ ആരാധികയെ ബലാത്സംഗം ചെയ്തതിനും മറ്റ് മൂന്ന് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയതിനും ബ്രിട്ടീഷ് നടനും കൊമേഡിയനുമായ റസ്സല്‍ ബ്രാന്‍ഡിന് ജയില്‍ ശിക്ഷ. പത്തുവര്ഷത്തേക്കും ആറുമാസത്തേക്കുമാണ് നടന് ശിക്ഷിക്കപ്പെട്ടത്.
◾ പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍വിഡിയയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. ചൈനീസ് ചാരവനിതയെന്ന് ആരോപിക്കപ്പെടുന്ന അലിസ് ഹുവാങ് എന്ന ബിസിനസ് എക്സിക്യൂട്ടീവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് എന്‍വിഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ ജെന്സന് ഹുവാങ് വെളിപ്പെടുത്തിയതിന് പിന്നാലെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചതിന് പിറകെയാണിത്.
◾ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ സ്മൃതി മന്ദാന ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകും. ഏകദിന ടീമിന്റെ ക്യാപ്റ്റനായതിന് പിന്നാലെയാണ് സ്മൃതി ടെസ്റ്റ് ടീമിനേയും നയിക്കാനൊരുങ്ങുന്നത്.
◾ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെറിറ്റ് വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് തോല്‍വി. മുന്‍നിര താരങ്ങളായ അഞ്ജു ബോബി ജോര്‍ജ്, സൈന നെഹ്വാള്, റാണി രാംപാല്‍, ഡോള ബാനര്‍ജി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായി.
*അമല ആശുപത്രി വാര്‍ത്തകള്‍*
അമല മെഡിക്കല്‍ കോളേജ് റേഡിയേഷന് ഓങ്കോളജി വിഭാഗം അത്യാധുനിക ലീനിയര്‍ ആക്സിലറേറ്റര്‍ റേഡിയേഷന് മെഷീന് ഉപയോഗിച് 14000 ക്യാന്‍സര്‍ രോഗികളുടെ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇടിനോടനുബന്ധിച് നടത്തിയ ഒത്തുചേരലിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു.
◾ സ്വര്‍ണം വാങ്ങുമ്പോള്‍ തൂക്കം, പരിശുദ്ധി, പണിക്കൂലി, ജിഎസ്ടി എന്നിവയെല്ലാം നാം പരിശോധിക്കാറുണ്ട്. അതേ സമയം തന്നെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാള്‍മാര്‍ക്കിങ് ചാര്‍ജും ശ്രദ്ധിക്കണം. 2021ല്‍ സ്വര്‍ണാഭരണങ്ങള്‍ക്കും സ്വര്‍ണത്തില്‍ നിര്‍മിച്ച മറ്റു വസ്തുക്കള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ട സ്വര്‍ണ ഉല്പന്നങ്ങള്ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഹാള്‍മാര്‍ക്കിങ്ങിന്റെ ലക്ഷ്യം.
◾ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയില്‍ പ്രഖ്യാപിച്ച വിലക്കുറവ് പ്രാബല്യത്തില്‍. വ്യാപാരികള്‍ക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് 1,364 കാന്‍സര്‍ മരുന്നുകളുടെ പുതുക്കിയ വിലയാണ് ഇന്ന് മുതല്‍ നിലവില്‍ വന്നിരിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 3,540.38 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്.
◾ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ ചുവടുവെപ്പിനൊരുങ്ങി മാരുതി സുസുക്കി. കമ്പനിയുടെ ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് എംപിവി ഇന്ത്യന്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വാഹന നിര്‍മാതാക്കള്‍. വൈഎംസി എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന പുതിയ ഇലക്ട്രിക് എംപിവി 2027 ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോഞ്ച് തീയതി സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാരയ്ക്ക് അടിത്തറയാകുന്ന ഹാര്‍ടെക്റ്റ്-ഇ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എംപിവിയും നിര്‍മിക്കുക.
◾ സംഗീത സംവിധായകന് അനിരുദ്ധ് രവിചന്ദറിന്റെയും ഐ.പി.എല്‍. ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരന്റെയും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനായി തമിഴ് സിനിമാ താരം രജനീകാന്തും തമിഴ്നാട് മുന്‍മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗ്രീസിലേക്ക് തിരിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടുദിവസമായാണ് വിവാഹ ചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. അതിഥികളുടെ യാത്രയും താമസസൗകര്യങ്ങളും മാരന് കുടുംബമാണ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ ബന്ധു കൂടിയാണ് രജനീകാന്ത്.
◾ പ്രൈമറി തലവേദനകളായ ടെന്‍ഷന്‍ തലവേദന, മൈഗ്രേന്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവ കൂടക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്നതില് ജീവിതശൈലിക്കും ഒരു പങ്കുണ്ട്. ഭക്ഷണരീതി, ഉറക്കപ്രശ്നങ്ങള്‍, അലസജീവിതശൈലി തുടങ്ങിയ പല ഘടകങ്ങളും തലവേദനയുടെ സാധ്യത കൂട്ടും.ഭക്ഷണം ഒഴിവാക്കുന്നതും സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ധാരാളമായി കഴിക്കുന്നതും തലവേദനയ്ക്ക് പ്രേരകമായേക്കാം. ഭക്ഷണപദാര്‍ഥങ്ങളില്‍ കഫീന്‍, മദ്യം, ചോക്ലേറ്റ്, ചീസ്, കൃത്രിമമധുരം, പുളിപ്പിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം മൈഗ്രേനുള്ളവരില്‍ തലവേദനയ്ക്ക് കാരണമായേക്കാം.
*ശുഭദിനം*
*കവിത കണ്ണന്*
ഡിസ്നസ്സിയ എന്ന രോഗം കാരണം ആ 16 കാരന് തന്റെ വിദ്യാഭ്യാസ ജീവിതം അവസാനിപ്പിച്ചു. പക്ഷേ അസുഖത്തെക്കുറിച്ച് ഓര്‍ത്തിരിക്കാന്‍ അവന് സമയമുണ്ടായിരുന്നില്ല. കണ്മുന്നില് കാണുന്ന എന്തിലും മുന്നേറാനുള്ള അവസരങ്ങള്‍ അവന് കണ്ടു. തന്റെ 16-ാം വയസ്സില്‍ സ്റ്റുഡന്റ് എന്ന മാഗസിന് ആരംഭിച്ചു. അതിന്റെ 7500 കോപ്പി പ്രിന്റ് ചെയ്തു. 2500 കോപ്പി വിറ്റ് 800 ഡോളര്‍ സമ്പാദിച്ചു. ബാക്കിയുളള കോപ്പികളെല്ലാം സൗജന്യമായി നല്കി. കല ബിസിനസ്സ് ആക്കുക എന്ന ആശയം ഉദിച്ച അയാള്‍ അക്കാലത്ത് ഹിറ്റായിരുന്ന ഗ്രാമഫോണ്‍ ബിസിനസ്സിലേക്ക് കടന്നു. അങ്ങനെ വെര്‍ജിന്‍ റെക്കോര്‍ഡ് ആരംഭിച്ചു. വെര്‍ജിന്‍ റെക്കോര്‍ഡ് ഹിറ്റായപ്പോള്‍ ഒരു മോഹം, ഒരു വിമാനകമ്പനി തുടങ്ങാന്‍. തല്ക്കാലം ഒരു വിമാനം വാടകയ്ക്കെടുത്ത് ഒരു വിമാനക്കമ്പനി ആരംഭിച്ചു. വെര്‍ജിന്‍ അറ്റ്ലാന്റിക്. പക്ഷേ ബ്രിട്ടീഷ് എയര്‍ വെയ്സിനോട് മത്സരിക്കാനാകാതെ ആ വിമാനകമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തനിക്ക് ലാഭം സമ്മാനിച്ചിരുന്ന വെര്‍ജിന്‍ റെക്കാര്‍ഡ് വിറ്റ് അദ്ദേഹം വിമാനക്കമ്പനിയില്‍ നിക്ഷേപിച്ചു. പക്ഷേ വിമാനക്കമ്പനി നഷ്ടത്തിലേക്ക് തന്നെ താഴ്ന്നു പറന്നു. പരസ്യത്തിനായി അദ്ദേഹം മറ്റൊരു തന്ത്രം മെനഞ്ഞു. വെര്‍ജിന്‍ ബലൂണ്സില് അറ്റ്ലാന്റിക് കടല്‍ മുറിച്ച് കടക്കുക. വെര്‍ജിന്‍ ബലൂണ്സിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന 5 പേര് മരിച്ചു. അദ്ദേഹത്തിന് മാരകമായ പൊള്ളലേറ്റ് കടലില്‍ പതിച്ചു. പക്ഷേ ഈ സംഭവത്തിന് ശേഷം 'വെര്‍ജിന്‍ ' എന്ന ബ്രാന്റിനെ ലോകം ശ്രദ്ധിച്ചു. പതുക്കെ പതുക്കെ എയര്‍ലൈന്‍സ് ലാഭത്തിലേക്ക് പറന്നു തുടങ്ങി. വീണ്ടും നിരവധി നിരവധി കമ്പനികള്‍. വെര്‍ജിന്‍ ട്രെയിന്‍, വെര്‍ജിന്‍ റേഡിയോ, ഇപ്പോള്‍ വെര്‍ജിന്‍ സ്പേസ് ടൂറിസവും.... ഇത് ഒരേ സമയം 400 കമ്പനികള്‍ വരെ ഉണ്ടായിരുന്ന സരസനായ കോടീശ്വരന്, റിച്ചാര്‍ഡ് ബ്രാന്റ്സണ്. 'ജീവിതത്തില്‍ ഒരിക്കലും ഞാന്‍ പണത്തെ തേടി പോയിട്ടില്ല, തന്റെ ഹൃദയം മന്ത്രിച്ച വാതിലുകള്‍ മുട്ടുകയാണ് ചെയ്തത്' ബ്രാന്റ്സണ് പറയുന്നു. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടാന്‍ നാം നമ്മിലേക്ക് തന്നെ ഫോക്കസ് ചെയ്താല്‍ മതിയാകും. നമ്മുടെ ബുദ്ധിയ്ക്കപ്പുറം ഹൃദയത്തിന് വേണ്ടി ജീവിക്കാന്‍ എന്നു തുടങ്ങുന്നുവോ വിജയം അവിടെ ആരംഭിക്കുന്നു - ശുഭദിനം.