2026 നവംബര്‍ 16 | തിങ്കള്‍
1202 തുലാം 30 | തിരുവോണം
◾ എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വളര്‍മതിയെ അറിയിച്ചു. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളര്‍മതിയെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു.
◾ റോഡ് സുരക്ഷ വലിയൊരു മിഷന് ആണെന്നും കേരളത്തിന് റോഡ് സംസ്കാരം ഉണ്ടാകണമെന്നും മുഖ്യമന്ത്രി വിഡി സതീശന്. വാഹനത്തിന്റെ കളറില്‍ അല്ല കാര്യമെന്നും അപകടകരമായ ഡെക്കറേഷന്‍സ് ആണ് പ്രശ്നമെന്നും വിഡി സതീശന് പറഞ്ഞു. റോഡ് അപകടങ്ങള്‍ക്ക് പ്രധാന കാരണം ഹ്യൂമന്‍ എറര്‍ ആണെന്നും റോഡില്‍ പലരും നടക്കുന്നത് വീട്ടില്‍ നടക്കുന്നത് പോലെയാണെന്നും നമ്മുടെ സുരക്ഷ മറ്റൊരാളുടെ കയ്യില്‍ അല്ലെന്നും പരിപാടിയില്‍ പങ്കെടുത്ത മമ്മൂട്ടി പറഞ്ഞു.
◾ വൈദ്യുതി ലൈനിന്റെ സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ പതിമൂന്ന് വയസുകാരനായ മകന് ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ മീന്‍പിടിക്കാന്‍ പോയ ജുനൈദ് പോസ്റ്റിലെ പൊട്ടിക്കിടന്ന സ്റ്റേ കമ്പിയില്‍ പിടിച്ചപ്പോള്‍ ഷോക്കേല്‍ക്കുയായിരുന്നു. സ്റ്റേ കമ്പി വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്.
◾ തിരൂരങ്ങാടി ചെറുമുക്കില്‍ 13-കാരന് ജുനൈദ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം സംഭവത്തില്‍ മാപ്പുപറഞ്ഞ് കെ.എസ്.ഇ.ബി. കുട്ടിക്ക് ജീവന് നഷ്ടപ്പെടാനിടയായത് സങ്കടകരമാണെന്നും ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ഇതില്പൊതുജനസമക്ഷം മാപ്പ് പറയുന്നെന്നും കെഎസ്ഇബിയുടെ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
◾ ചാലയിലെ സ്വര്‍ണ കവര്‍ച്ചയില്‍ മുഖ്യസൂത്രധാരനായ ചാല പഴയശാലയിലെ ആറ്റുകാല്‍ ഗോള്‍ഡ് സില്‍വര്‍ ടെസ്റ്റിംഗ് സ്ഥാപനമുടമയും വൈഷ്ണവി ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനുമായ മഹാരാഷ്ട്ര സ്വദേശി അമുല്‍ അശോക്, ഗൂഢാലോചനയില്‍ പങ്കാളിയായ സുഹൃത്ത് ദിലീപ് എന്നിവരെ ഫോര്‍ട്ട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. അതേസമയം 250 പവന് സ്വര്‍ണം നഷ്ടമായ നന്ദകുമാറിന്റെ വൈഷ്ണവി ജുവലറിയുടെ എതിര്‍വശത്തുള്ള മാളവിക ജൂവലറി ഉടമ ജയറാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. കൊള്ളയ്ക്ക് പിന്നില്‍ സ്വര്‍ണക്കച്ചവടക്കാരുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
◾ പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളിയിലെ പ്രവേശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളുമായി ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യുഹാനോന്‍ മര് ദീയസ്കോറസ്. തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് മണര്‍കാട് പ്രവേശിക്കരുതെന്ന് പറഞ്ഞത്. സഭ ഒന്നായാല്‍ സ്വര്‍ഗം സന്തോഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് ശേഷമുണ്ടായത് സമാധാനമില്ലാതാവുന്ന കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശ്ശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട് തള്ളിയ സംഭവത്തില്‍ പുനരന്വേഷണം ദേവസ്വം ആവശ്യപ്പെട്ടിരുന്നുവെന്നും ദേവസ്വം പ്രതിനിധികള്‍ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നുവെന്നും തിരുവമ്പാടി ദേവസം സെക്രട്ടറി കെ ഗിരീഷ് കുമാര്‍. പൂരത്തിന് എന്ത് സംഭവിച്ചു എന്ന് മാധ്യമങ്ങള്‍ക്കടക്കം അറിയാം. അക്കാര്യങ്ങളെല്ലാം ആഭ്യന്തര മന്ത്രി പരിശോധിച്ചതില്‍ സന്തോഷമെന്നും കെ ഗിരീഷ് കുമാര്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് ഭരണചക്രം ചലിക്കുന്നത് ചില കാര്യങ്ങളില്‍ മാത്രമാണെന്ന് മുതിര്‍ന്ന ആര്‍എസ്പി നേതാവ് എ എ അസീസ്. സര്‍ക്കാര്‍ വന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ബോര്‍ഡ്, കോര്‍പ്പറേഷനുകളുടെ കാര്യത്തില്‍ ഒന്നും നടന്നിട്ടില്ല. ലീഗിന് ചില സ്ഥാനങ്ങള്‍ നല്‍കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ എ അസീസ് പറഞ്ഞു.
◾ കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് കെപിസിസി സെക്രട്ടറിയും മുന്‍ എം പി രാമറായിയുടെ മകനുമായ സുബ്ബയ്യ റായി പരാതി നല്കി. ഫൈസല്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഡിസിസി ഓഫീസിന്റെ മൂന്നാം നിലയ്ക്ക് വേണ്ടി അന്തരിച്ച രാമറായിയുടെ പേരിടാന്‍ 20 ലക്ഷം നല്കാന് ആവശ്യപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.
◾ പറയുന്ന കാര്യങ്ങള്‍ ഒന്നും അനുസരിക്കാതെ മുന്നോട്ട് പോകുന്നയാളാണ് പികെ ഫൈസല്‍ എന്നും സുബയ്യ റായിയുടെ പരാതി ഗൗരവമുള്ളതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പരാതിയില്‍ അന്വേഷണം നടക്കണം, കുഞ്ഞിക്കണ്ണന്റെ പേരില്‍ കെട്ടിടം പണിയുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി ഒന്നും കൂടിയിട്ടില്ലെന്നു രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
◾ തനിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാസര്‍കോട് ഡിസിസി അധ്യക്ഷന്‍ പി.കെ. ഫൈസല്‍. താന്‍ ഡിസിസി അധ്യക്ഷനായ ശേഷം സുബ്ബയ്യ റായി ഒരൊറ്റ ഡിസിസി യോഗത്തില്‍ പോലും പങ്കെടുത്തിട്ടില്ല. ഒരു ഘട്ടത്തിലും സുബ്ബയ്യറായിയുമായി ആശയവിനിമയം നടത്തിയിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ തെളിവ് കൊണ്ടുവരണമെന്നും സുബ്ബറായിക്കെതിരേ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കുമെന്നും ഫൈസല്‍ പറഞ്ഞു.
◾ കോഴഞ്ചേരി പുതിയ പാലം നാടിന് സമര്‍പ്പിച്ചു. എന്നാല്‍ നിര്‍മ്മാണത്തിന്റെ ക്രെഡിറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ പാലത്തിന്റെ പിതൃത്വത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
◾ പാലക്കാട്ടെ ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോര്‍ഡില്‍ താല്‍ക്കാലിക നിയമനം നല്‍കിയതായി പരാതി. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ബിജെപി നേതാവും മഹിളാമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറിയുമായ അശ്വതി മണികണ്ഠന്റെ സഹോദരി ഐശ്വര്യക്കാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. സംഭവത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാലക്കാട്ടെ ജനപ്രതിനിധിയായ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഈ നിയമനത്തിന് വേണ്ടി ശുപാര്‍ശ ചെയ്തതെന്നാണ് പരാതി. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിക്കാര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് പറഞ്ഞു.
◾ കോഴിക്കോട് ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാം ക്ലാസുകാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരേ പൊലീസ് കേസെടുത്തു. സ്കൂളിലെ അറബിക് അധ്യാപകനായ മുബഷിറിനെതിരേയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. പത്തുവയസ്സുകാരിയെ ചൂരല്‍ കൊണ്ട് തല്ലിച്ചതച്ചെന്നാണ് പരാതി.
◾ കയ്പമംഗലത്ത് എംഡിഎംഎ കേസില്‍ നൈജീരിയക്കാര്‍ അടക്കം മൂന്ന് പേര് പിടിയില്‍. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാന്‍ഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരില്‍ നിന്ന് പിടിയിലായത്.
◾ വയോധികന് കാറിടിച്ച് മരിച്ച സംഭവത്തില്‍ കാറോടിച്ച കടത്തൂര്‍ സ്വദേശി ഷാജഹാനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാറിടിച്ചതിന് ശേഷം വാഹനം നിര്‍ത്താതിരുന്ന പ്രതി, കാറിനടിയില്‍ കുരുങ്ങിയ വയോധികനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്.
◾ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തിയെന്ന് പരാതി. പോലീസ് മെസ്സിലേക്ക് ഉള്‍പ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം.
◾ പേരൂര്‍ക്കട ആശുപത്രിയിലെ ബൈസ്റ്റാന്‍ഡര്‍ വാര്‍ഡില്‍ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വിശദീകരണം തേടി. വാര്‍ഡ് അണുവിമുക്തമാക്കാനും അടിയന്തര അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി. രോഗികളുടെ സുരക്ഷയിലും ശുചിത്വത്തിലും വീഴ്ച അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം അറ്റകുറ്റപണിക്കായി ഒരാഴ്ചയായി അടച്ചിട്ടിരുന്ന വാര്ഡാണിതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
◾ കൊയിലാണ്ടി അകലാപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് പുഴയിലേക്ക് വീണ് അഞ്ച് വയസുകാരന് മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് സ്വമേധയാ കേസെടുത്തു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഐസം ആണ് ഒക്ടോബര്‍ 12 ന് നടന്ന അപകടത്തില്‍ മരിച്ചത്.
◾ മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയത് കാമുകിക്ക് വീട് പണിയാനെന്ന് പൊലീസ്. നിഷാന്ത് മോഷണം നടത്തിയത് സുഹൃത്ത് മീനാക്ഷിക്ക് വേണ്ടിയെന്നും കണ്ടെത്തല്‍. ആസൂത്രണത്തിലും മീനാക്ഷിക്ക് പങ്കെന്ന് പൊലീസ് പറയുന്നു. നിഷാന്തിനായി തെരച്ചില്‍ തുടരുകയാണ്.
◾ പശ്ചിമബംഗാളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രത്തന്‍ ഷെയ്ഖ് എന്നയാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷംഅഞ്ചുമാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ് ഇത്.
◾ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ റെയില്‍പാളം സ്ഫോടനത്തില്‍ തകര്‍ത്ത സംഭവത്തില്‍ പാകിസ്ഥാന് ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റില്‍. മഹക്ദീപ് കൗര്‍, ദാവീന്ദര്‍ സിങ് എന്നിവരെയാണ് രാജസ്ഥാന് തീവ്രവാദ വിരുദ്ധ സ്ക്വാഡും ശ്രീ ഗംഗാനഗര്‍ പൊലീസും പഞ്ചാബ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.
◾ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതിന് കോണ്‍ഗ്രസ് 181 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഖ്യകക്ഷികളില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
◾ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമിത്ഷായും കിരണ്‍ റിജിജുവും. രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചു. ഇന്ത്യ വിരുദ്ധ നീക്കങ്ങളാണ് ഭാരത് സമ്മിറ്റ് ചര്‍ച്ച ചെയ്തതത്. എത്ര ശ്രമിച്ചാലും 30 വര്‍ഷത്തേക്ക് നിങ്ങള്‍ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ. ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവിന്റെ ഇന്ത്യ വിരുദ്ധമുദ്രാവാക്യത്തിലാണ് വിമര്‍ശനം.
◾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുമെന്നതാണ് ഇതിലെ പ്രധാന വാഗ്ദാനം. ഈജിപ്ത് സന്ദര്‍ശനത്തിനിടെ കെയ്റോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ജുഹുവില്‍ നടന് ടൈഗര്‍ ഷ്രോഫിനുനേരെ അക്രമികള്‍ വെടിവെച്ച സംഭവത്തെത്തുടര്‍ന്ന്, ബോളിവുഡിലെ നിരവധി പ്രമുഖര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി മുംബൈ പോലീസ്. രണ്ട് ബോളിവുഡ് നടന്മാര്ക്ക് വൈ-പ്ലസ് സുരക്ഷ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ പ്രകോപിതനായി മൈക്ക് വലിച്ചെറിഞ്ഞ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനം. മുഖ്യമന്ത്രി വേദി വിട്ടതിന് പിന്നാലെ പ്രസംഗിക്കാന്‍ തുടങ്ങിയ എംഎല്‍എ ഹരീഷ് സിംഗ് ധാമിയുടെ മൈക്ക് ഓഫാക്കിയതാണ് പ്രകോപന കാരണം.
◾ വീടിന് മുന്നില്‍ നിര്‍ത്തിയ ഡി.ജെ വാഹനത്തിലെ കാതടപ്പിക്കുന്ന സംഗീതത്തിന്റെ തീവ്രതമൂലം നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
◾ ഹോര്‍മൂസില്‍ 20 ലക്ഷം ബാരല്‍ ഇന്ധനവുമായി പോയ കപ്പല്‍ മൈനില്‍ തട്ടി തീപ്പിടിച്ചു. വലിയ സ്ഫോടനമുണ്ടായതിന് പിന്നാലെകപ്പല് മുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.എന്നാല്‍, കപ്പലിന്റെ പേരോ പതാകയോ ഉടമസ്ഥതയോ ജീവനക്കാരുടെ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
◾ ബഹ്റൈന്‍ നേരെ ഇറാന് നടത്തിയ വ്യോമാക്രമണ ശ്രമങ്ങള്‍ പ്രതിരോധ സേന വിജയകരമായി തകര്‍ത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ നീക്കങ്ങളെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രതിരോധം ശക്തമാക്കുമെന്നും ഇറാനാണ് ഇതിന്റെ ഉത്തരവാദിയെന്നും മുന്നറിയിപ്പ് നല്കി.
◾ സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ വ്യാപകമായ മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സൗദി സഖ്യസേന പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയ മൂന്ന് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തു.
◾ ചൈനീസ് ചാരവൃത്തി ആരോപിക്കപ്പെട്ട എന്‍വിഡിയ സ്ഥാപകന്‍ ജെന്സന് ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്ന ആലിസ് ഹുവാങുമായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള മെഗാസ്പീഡിന് യാതൊരുബന്ധവുമില്ലെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ആലീസ് ഹുവാങ് 2025 ഓഗസ്റ്റ് 30-ന് മെഗാസ്പീഡ് വിട്ടതായും നിലവില്‍ കമ്പനിയില്‍ അവര്‍ക്ക് യാതൊരു പങ്കുമില്ലെന്നും കമ്പനി വ്യക്തമാക്കി.
◾ അമേരിക്കയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്ന സംഭവത്തില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാംതവണ അധികാരത്തിലെത്തി രണ്ടുവര്‍ഷം പിന്നിടുന്പോഴാണ് മുന്‍ സര്‍ക്കാരിനെ ട്രംപ് പഴിചാരുന്നത്. ബൈഡന് ഭരണകൂടത്തിന്റെ വ്യോമയാന മാനേജ്മെന്റ് ഒരു വന്‍ ദുരന്തമായിരുന്നുവെന്നും അവര്‍ തൊട്ടതെല്ലാം മോശമായെന്നുമാണ് കുറ്റപ്പെടുത്തല്‍.
◾ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ജനറല്‍ കൗണ്‍സിലിലേക്ക് ഐസ് ഹോക്കി അസോസിയേഷന് സമര്‍പ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അംഗീകാരം നല്കി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷന് പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാഗം പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതി വരണാധികാരി തള്ളി.
◾ ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 22 റണ്‍സിന്റെ ആവേശജയവുമായി അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് ഓള് ഔട്ടായപ്പോള്‍, 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 48.1 ഓവറില്‍ 187 റണ്‍സിന് പുറത്തായി.
◾ ന്യൂസീലന്‍ഡിനെതിരായ രണ്ടാം സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് എതിരില്ലാത്ത മൂന്നു ഗോളിന്റെ തോല്‍വി. ആദ്യ മത്സരത്തില്‍ അഞ്ചുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി.
◾ 2029-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകുമെന്ന് ഐസിസി. 2031-ലെ ഏകദിന ലോകകപ്പ് ബംഗ്ലാദേശുമായി സംയുക്തമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക. 2035 വരെയുള്ള പ്രമുഖ ഐസിസി ടൂര്‍ണമെന്റുകളുടെ കലണ്ടറിന്റെ ഭാഗമായാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
◾ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനോടാണ് പോര്‍ച്ചുഗല്‍ തോല്‍വി വഴങ്ങിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിലാണ് പോര്‍ച്ചുഗലിനെ ഡെന്മാര്ക്ക് ഞെട്ടിച്ചത്.
◾ നിക്ഷേപതന്ത്രത്തില്‍ കാര്യമായ മാറ്റം വരുത്തി ചെറുകിട നിക്ഷേപകര്‍. മധ്യനിര, ചെറുകിട ഓഹരികളിലെ നിക്ഷേപവിഹിതം കുറച്ച് വന്‍കിട ഓഹരികളിലേക്ക് കൂടുമാറുകയാണ് റീട്ടെയില്‍ നിക്ഷേപകര്‍. ബി.എസ്.ഇ.യില്‍ ലിസ്റ്റ് ചെയ്ത 4,729 കമ്പനികളിലെ ഓഹരി ഉടമസ്ഥതാവിവരങ്ങള് വിശകലനം ചെയ്താല്‍ രണ്ടാംപാദത്തില്‍ പകുതിയോളം ചെറുകിട കമ്പനികളില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞതായി കാണാം.
◾ നിസ്സാന്‍ ഇന്ത്യയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നു. രണ്ട് എസ്യുവികളും ഒരു എംപിവിയും ഉള്‍പ്പെടുന്ന പരിമിതമായ വാഹനനിരയാണ് കമ്പനിക്കുള്ളത്. ഇതില്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പഴക്കമേറിയതും ദീര്‍ഘകാലമായി വില്പ്പനയിലുള്ളതുമായ മാഗ്നൈറ്റ് തന്നെയാണ് വീണ്ടും കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയത്. 5.69 ലക്ഷം രൂപയാണ് മാഗ്നൈറ്റിന്റെ പ്രാരംഭ വില.
◾ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആശ്വാസമായി നിര്‍ണായക പ്രഖ്യാപനവുമായി ഓപ്പണ്‍എഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കമ്പനികളുടെ വിവരങ്ങള്‍ ഇനി ഇന്ത്യയില്‍ത്തന്നെ പ്രോസസ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഓപ്പണ്‍എഐ. ഇതോടെ ബിസിനസ് സ്ഥാപനങ്ങളുടെ സുപ്രധാന വിവരങ്ങളും എഐ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്പ്യൂട്ടിങ് പ്രക്രിയയും വിദേശ സെര്‍വറുകളിലേക്ക് അയക്കാതെ രാജ്യത്തിനുള്ളില്‍ത്തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇന്‍ഫറന്‍സ് എന്നറിയപ്പെടുന്ന എഐ മോഡലിന്റെ കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങളും ഇനി ഇന്ത്യയില്‍ത്തന്നെ നടക്കും.
◾ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രം 'ഭൗമ'യ്ക്ക് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആദ്യ ഭാഗത്തിലെ ദുരൂഹതകളുടെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
◾ ധ്യാന്‍ ശ്രീനിവാസന്, ഡോ. റോഷന് രാജ്, ഷഹീന് സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മുഴുനീള കോമഡി ഫാമിലി എന്റര്ടെയ്നര് ഡിസംബറില്‍ തിയേറ്ററുകളിലേക്ക്. പൊള്ളാച്ചിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഴുനീള കോമഡി ഫാമിലി എന്റര്ടെയ്നര് ആയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ഹൊറൈസണ്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ അഞ്ചാമത്തെ നിര്‍മ്മാണ സംരംഭമാണ് 'തേവര്'.
◾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതില്‍ ധാതുക്കള്‍ക്ക് പ്രധാന പങ്കുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ധാതുക്കള്‍ ലഭിക്കുന്നില്ലെന്ന് പലരും തിരിച്ചറിയാറില്ല. ചില ധാതുക്കളുടെ കുറവ് ആരോഗ്യത്തെ ബാധിക്കുകയും വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. ക്ഷീണം, പേശിവലിവ് (muscle cramps) എന്നിവ മുതല്‍ രോഗപ്രതിരോധ ശേഷി, തൈറോയ്ഡ് പ്രവര്‍ത്തനം, എല്ലുകളുടെ ആരോഗ്യം, ഊര്‍ജ്ജ നില എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
◾ ദിവസവും നിലക്കടല കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മ്മശക്തിയെയും സഹായിച്ചേക്കാമെന്ന് പഠനം. ഒരു പിടി നിലക്കടല എന്നത് വെറുമൊരു ലഘുഭക്ഷണം മാത്രമല്ല. ഉപ്പ് ചേര്‍ക്കാത്തതും തൊലിയോടെ വറുത്തതുമായ നിലക്കടല ദിവസവും കഴിക്കുന്നത്, പ്രായമായവരില്‍, പ്രത്യേകിച്ച് ഓര്‍മ്മശക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളില്‍ ഇന്‍സുലിനോടുള്ള പ്രതികരണത്തെ ഗുണപരമായി സ്വാധീനിച്ചേക്കാമെന്ന് ഒരു പുതിയ പഠനം കണ്ടെത്തി.
*ശുഭദിനം*
*കവിത കണ്ണന്*
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ടെലിവിഷനിലൂടെ കാണുന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങ്. ഓസ്കാര്‍ അവാര്‍ഡ് എന്ന അക്കാദമി അവാര്‍ഡ്. പ്രൗഢഗംഭീരമാര്‍ന്ന ആ ചടങ്ങ് നടക്കുന്നു. കാലം 1986. ചുവന്ന പരവതാനിയിലൂടെ ലോക സിനിമയിലെ പ്രഗത്ഭര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ കയറിപ്പോയി. 1986 ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍, അത് അതുവരെയുള്ള അവാര്‍ഡ് നിര്‍ണ്ണയങ്ങളില്‍ നിന്നും വ്യത്യസ്തമാവുകയായിരുന്നു. ചരിത്രമാവുകയായിരുന്നു. 'ചില്‍ഡ്രന്‍ ഓഫ് ലെസ്സര്‍ ഗോഡ് ' എന്ന ചിത്രത്തിലെ അഭിനയത്തിന് മാര്‍ലി ബെത്ത് മാറ്റിലിന് എന്ന നടി ഓസ്കാര്‍ അവാര്‍ഡിന് അര്‍ഹയായി. ആരായിരുന്നു മാര്‍ലി ബെത്ത് മാറ്റിലിന് ? റഷ്യയിലും പോളണ്ടിലുമായി കുടുംബവേരുകള്‍ പടര്‍ന്ന് നിന്ന ഒരു അമേരിക്കന്‍ അഭിനേത്രി; അല്ലെങ്കില്‍ അനേകം സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ലോകമെമ്പാടും നിറഞ്ഞ് നില്ക്കുന്ന ആക്ടിവിസ്റ്റ്. അതുമല്ലെങ്കില്‍ നിരവധി ബെസ്റ്റ് സെല്ലറുകളുടെ എഴുത്തുകാരി. അവര്‍ ഇതെല്ലാമായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കി അവര്‍ കുതിച്ചു. ലോകം അവര്‍ക്കായി ഒരുങ്ങി നിന്നു. ഓസ്കാര്‍ വേദിയില്‍ തന്റെ പേര് അവാര്‍ഡിനര്‍ഹമായി എന്ന് പ്രഖ്യാപിക്കുമ്പോള്‍, ലോകം മുഴുവന്‍ അത് കേട്ടപ്പോള്‍ മാറ്റിലിന് മാത്രം അത് കേട്ടില്ല. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാരകമായ പനിയെതുടര്‍ന്ന് അവര്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെട്ടിരുന്നു. നിശബ്ദയായ ലോകത്ത് നിന്നുകൊണ്ടായിരുന്നു, കലയുടേയും സാമൂഹിക പ്രര്ത്തനങ്ങളുടേയും വലിയ കാഹളം അവര്‍ മുഴക്കിയത്. ഓര്‍ക്കുക, പരിമിതികള്‍ നമ്മള് നിശ്ചയിക്കുന്നതാണ്. നിശ്ചയദാര്‍ഢ്യത്തോടെ പരിമിതികളെ നമുക്ക് മറികടക്കാം - മാറ്റ്ലിനെപ്പോലെ - ശുഭദിനം.