റഷ്യയില്‍നിന്നും ഇറാനില്‍നിന്നും പെട്രോളിയം ഉല്പന്നങ്ങള് വാങ്ങാന്‍ ഇന്ത്യക്കു നല്കിയ ഇളവ് പുതുക്കില്ലെന്ന് അമേരിക്ക. ഇനി അമേരിക്കയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങണമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19 ന് അവസാനിക്കും. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 11ന് അവസാനിച്ചു. ഇറാനിയൻ എണ്ണയുടേത് ഏപ്രിൽ 19ന് അവസാനിക്കും. ഉപരോധങ്ങൾക്കിടയിലും ആഗോള എണ്ണവില നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക 30 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു. ഇത് പ്രകാരം റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഏകദേശം 3 കോടി ബാരൽ റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ ഇളവുകൾ നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം അമേരിക്ക തള്ളുകയായിരുന്നു.
ഫെബ്രുവരിയിൽ യുഎസ് - ഇറാൻ സംഘർഷം രൂക്ഷമായതോടെ എണ്ണവില ബാരലിനു 100 ഡോളറിനു മുകളിൽ പോയിരുന്നു. വിപണി സുസ്ഥിരമാക്കാനാണ് ഇളവുകൾ നൽകിയതെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇളവുകൾക്കെതിരെ അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. റഷ്യയ്ക്ക് തങ്ങളുടെ യുദ്ധം തുടരാൻ വൻതോതിൽ പണം സമ്പാദിക്കാൻ നീക്കം സഹായിക്കുന്നുവെന്ന് സെനറ്റർ ചക്ക് ഷുമർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. റഷ്യ ഈ പണം യുക്രെയ്ൻ യുദ്ധത്തിനായും ഇറാനെ സഹായിക്കാനുമാണ് ഉപയോഗിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ കർശന നിലപാട് വരും ദിവസങ്ങളിൽ ആഗോള ഇന്ധന വിപണിയിലും ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പെട്രോളിന് 18 രൂപയും, ഡീസലിന് 35 രൂപയും നഷ്ടത്തിലാണ് ഇപ്പോൾ വിപണനം ചെയ്യുന്നതെന്ന് കമ്പനികൾ അവകാശപ്പെടുന്നു. ഇലെക്ഷൻ കഴിയുന്നതോടു കൂടി പെട്രോൾ, ഡീസൽ വില വര്ധിക്കുവാൻ സാധ്യത കാണുന്നു.