മാലിദ്വീപിൽ സ്കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. മാലിദ്വീപിലെ ഗധു ദ്വീപിൽ ഗഫാ ധാൽ അടോൾ സ്കൂളിലെ അധ്യാപികയും ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യയുമായ സ്മിത എൻ പിള്ളക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്.
ഏപ്രിൽ 12 നായിരുന്നു സംഭവം. ക്ലാസ് എടുത്തു കൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ട സ്മിത പല തവണ വിലക്കിയിട്ടും വിദ്യാർത്ഥി കൂട്ടാക്കിയില്ല. വീഡിയോ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യും എന്ന് പറഞ്ഞതോടെ സ്മിതയുടെ ഫോൺ വിദ്യാർത്ഥി എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നു.
രക്തം വാർന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അധ്യാപകർ ചേർന്ന് ആംബുലൻസിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മാലിദ്വീപ് ഹൈകമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും ഭർത്താവ് ദീപക് പറഞ്ഞു.
സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.