തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ടി സി ജോബ് അവതരിപ്പിച്ചു. 19.03 കോടി രൂപ വരവും, 18.26 കോടി രൂപാ ചെലവും, 77.38 ലക്ഷം രൂപാ മിച്ചവും പ്രതീക്ഷിക്കുന്ന വികാസനോന്മുഖമായ ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭാവന പദ്ധതിക്കും, ക്ഷീര-കാർഷിക മേഖലകൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
പി എം എ വൈ ലൈഫ് ഭവന പദ്ധതിക്കായി 87.56 ലക്ഷം രൂപാ, മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി 6 കോടി രൂപാ, നെൽകൃഷി കൂലി ചെലവ് 3.5 ലക്ഷം, കാലിത്തീറ്റ വിതരണം 14 ലക്ഷം, പാൽ സബ്സിഡി 12 ലക്ഷം, പാലിയേറ്റീവ് ഹോം കെയർ 12 ലക്ഷം, മുട്ടം - പുറപ്പുഴ CHC കളിലെ മരുന്ന് വാങ്ങൽ 7.5 ലക്ഷം, ഭിന്ന ശേഷി സ്കോളർഷിപ്പ് 16 ലക്ഷം, പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറി 30 ലക്ഷം, ഈസി കിച്ചൻ 15 ലക്ഷം, വനിതാ സ്വയം തൊഴിൽ സംരംഭങ്ങൾ 25 ലക്ഷം, സ്ട്രീറ്റ് ലൈൻ സ്ഥാപിക്കൽ 15 ലക്ഷം, കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ വാങ്ങാൻ 5.65 ലക്ഷം എന്നിങ്ങനെ തരാം തിരിച്ചിരിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. എം പി, എം എൽ എ ഫണ്ടുകൾ ഉൾപ്പെടുത്തി പശ്ചാത്തല വികസനത്തിനായി 1.3 കോടി രൂപാ കൂടി വിനിയോഗിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസുകുട്ടി ജോസഫ്, കെ കെ തോമസ്, ഷൈനി ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് അമീർ (ഇടവെട്ടി), ഷൈനി ജോമോൻ (കരിംകുന്നം), ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സിയാദ് ടി ഇ എന്നിവരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.