തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം ഊർജിതമാക്കണമെന്നും തട്ടിപ്പിന് പിന്നിലുള്ള മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ട പണം എത്രയും വേഗം തിരികെ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി.
ആയിരക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യവും പ്രതീക്ഷകളും തകർത്ത ഈ തട്ടിപ്പ് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും, അന്വേഷണം അനാവശ്യമായി നീണ്ടുപോകാതെ കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തട്ടിപ്പിനിരയായവരുടെ പണം വീണ്ടെടുക്കുന്നതിനും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി അലി സുജാദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹേമരാജ്, ഇടുക്കി ജില്ലാ പ്രസിഡന്റും പാതിവില തട്ടിപ്പ് സമരസമിതി കൺവീനറുമായ അഡ്വ. ബേസിൽ ജോൺ എന്നിവർ പരാതി സമർപ്പണത്തിൽ പങ്കെടുത്തു