എറണാകുളം ജില്ലയില്‍ ചിക്കുന്‍ഗുനിയ കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
കുന്നുകരയും ചെങ്ങമനാട് പഞ്ചായത്തുകളിലും ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടൊപ്പം, രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 19 പേരെ നിരീക്ഷണത്തിലാക്കി. പ്രത്യേകിച്ച് കുന്നുകര പഞ്ചായത്തില്‍ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 പേരില്‍ ആറുപേര്‍ക്ക് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
പനി, സന്ധിവേദന, തലവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് രോഗബാധിതരില്‍ കൂടുതലായി കാണുന്നത്. മഴക്കാലത്ത് കൊതുകുകളുടെ വര്‍ധനവാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. വീടുകളുടെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ വീടുതോറും സന്ദര്‍ശനം നടത്തി ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളും പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ സമീപത്തെ ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സ്ഥിതി ഗുരുതരമാകാതിരിക്കാനായി ജനങ്ങളുടെ സഹകരണവും ശുചിത്വപരിപാലനവും നിര്‍ണായകമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.