ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെ ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ മീനച്ചിലാറ്റിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നു. പാലാ–ഈരാറ്റുപേട്ട റോഡിലെ പനയ്ക്കപ്പാലം, അമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
ഈരാറ്റുപേട്ട–വാഗമൺ റോഡിലെ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും ചെളിയും കല്ലും ഒഴുകിയെത്തി. രണ്ട് കാറുകൾ മണ്ണിടിച്ചിലിൽപ്പെട്ടെങ്കിലും ആളപായമുണ്ടായില്ല. തുടർന്ന് റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
കനത്ത മഴയെ തുടർന്ന് സമീപത്തെ മലയോര മേഖലകളിലും സ്ഥിതി ഗുരുതരമായി. പൂഞ്ഞാർ, വാഗമൺ, തീക്കോയി മേഖലകളിൽ ശക്തമായ മഴ രേഖപ്പെടുത്തി. വാഗമണിൽ 219 മില്ലിമീറ്ററും പൂഞ്ഞാർ മണിയംകുന്നിൽ 226 മില്ലിമീറ്ററും മഴ ലഭിച്ചതായി റിപ്പോർട്ടുണ്ട്.
മഴക്കെടുതിയിൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വീടുകൾക്ക് നാശനഷ്ടവും റിപ്പോർട്ട് ചെയ്തു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. തീക്കോയി മംഗളഗിരിക്ക് സമീപം മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും ഒലിച്ചുപോയെങ്കിലും വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മഴ തുടരുന്ന സാഹചര്യത്തിൽ മലയോര റോഡുകളിലൂടെയുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴയോരങ്ങളിലും വെള്ളക്കെട്ടുള്ള റോഡുകളിലും അനാവശ്യ യാത്ര ഒഴിവാക്കുന്നതാണ് സുരക്ഷിതം.