ന്യൂനമർദത്തിന്റെ സ്വാധീനം: കേരളത്തിൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തുലാവർഷത്തിനൊപ്പം ന്യൂനമർദവും രൂപപ്പെട്ടതോടെ കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്നുമുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയും അതിശക്തമായ മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.