തൊടുപുഴ : ജില്ലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ കാർഷിക-വ്യവസായ-നിർമാണ-ഹോട്ടൽ മേഖലകൾ കടുത്ത പ്രതിസന്ധിയിൽ. പശ്ചിമ ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായാണ് തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഉടൻ തിരിച്ചെത്തും എന്ന് അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ തിരികെ എത്താത്ത സാഹചര്യമാണ്. ആവശ്യത്തിന് വേനൽ മഴ ലഭിച്ചതോടെ കാർഷിക മേഖല സജീവമായി. പൈനാപ്പിൾ തോട്ടങ്ങളിൽ ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. . ഇവർ തിരികെ എത്താതായതോടെ പൈനാപ്പിൾ കർഷകരും കടുത്ത ദുരിതത്തിലാണ്. നിരവധി തോട്ടങ്ങളിൽ വിളവെടുപ്പും, വള പ്രയോഗവും, കള നീക്കലും പ്രതിസന്ധിയിലായിട്ടുണ്ട്. റബര്‍ തോട്ടങ്ങളിൽ റെയിൻ ഗാർഡിങ് നടത്തിയെങ്കിലും, കാട് മൂടി കിടക്കുന്നതു കൊണ്ട് ടാപ്പിംഗ് ആരംഭിക്കാൻ സാധിക്കുന്നില്ല. ഇവ വെട്ടി നീക്കാൻ തൊഴിലാളികളെ കിട്ടാത്തത് റബർ കർഷകർക്കും തിരിച്ചടിയായിട്ടുണ്ട്. തൊടുപുഴ മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി നൽകുന്ന നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഉടമയുടെയും കീഴിൽ 10-25 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. ബക്രീദ് കൂടി കഴിഞ്ഞതിനു ശേഷമേ അതിഥി തൊഴിലാളികൾ തിരികെ ഏതാണ് സാധ്യത ഉള്ളൂ എന്നാണ് ഇപ്പോൾ അറിയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ തിരികെ വന്നില്ലെങ്കിൽ പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ട സാഹചര്യമാണു നിലവിൽ ഉള്ളതെന്ന് വ്യാപാരികൾ പറഞ്ഞു. ഇതേ സ്ഥിതി വിശേഷം ആണ് മറ്റു തൊഴിൽ മേഖലകളിലും ഉള്ളത്.