മദ്യപിച്ച് വാഹനമോടിച്ച സസ്പെൻഷനിലുള്ള പോലീസുകാരനെതിരെ വീണ്ടും കേസ്
ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു; തുടർനടപടി ഉടൻ
തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ചതിന് സസ്പെൻഷനിലായിരുന്ന പോലീസുകാരൻ വീണ്ടും മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായും ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും തൊടുപുഴ ഡിവൈഎസ്പി അറിയിച്ചു.
കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന ജിജോ ആന്റണിയെയാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ വെച്ച് തൊടുപുഴ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈയിൽ മങ്ങാട്ടുകവലയിൽ ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നാണ് ജിജോ ആന്റണിയെ സസ്പെൻഡ് ചെയ്തത്. അന്ന് ഒപ്പമുണ്ടായിരുന്ന എസ്ഐ എൻ.എസ്. റോയിയെയും മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.