മാനന്തവാടി: പുരുഷ യാത്രക്കാരനു പ്രിയദർശിനി ഫ്രീ ട്രാവൽ (പി.എഫ്.ടി.) ടിക്കറ്റ് നൽകിയെന്നപേരിൽ സസ്പെൻഷൻഷനിലായ താൻ നിരപരാധിയെന്ന് കണ്ടക്ടർ. സംഭവം അന്വേഷിച്ച് നടപടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ എ.വി. മാത്യു കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർക്ക് പരാതി നൽകി. സെപ്റ്റംബർ 28നായിരുന്നു സസ്പെൻഷന് ആധാരമായ സംഭവം. തോല്പെട്ടിയിൽനിന്നു മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിൽ ഇരുമ്പുപാലത്തുനിന്നു കാട്ടിക്കുളത്തേക്ക് കയറിയ പുരുഷ യാത്രക്കാരനിൽനിന്നു പണം വാങ്ങിയ ശേഷം സ്ത്രീകൾക്കു നൽകുന്ന സൗജന്യ ടിക്കറ്റു നൽകി യാത്രക്കാരനേയും കോർപ്പറേഷനേയും മാത്യു കബളിപ്പിച്ചെന്ന കാരണത്താലാണ് സസ്പെൻഡ് ചെയ്തത്.രണ്ടരപ്പതിറ്റാണ്ടായി സത്യസന്ധമായും അർപ്പണ മനോഭാവത്തോടെയും ജോലി ചെയ്യുന്ന തന്നെ കള്ളനാക്കി ചിത്രീകരിക്കാനാണ് വയനാട് സി.എം.ഡി. സ്ക്വാഡ് ഇൻസ്പെക്ടർ ശ്രമിച്ചതെന്നാണ് മാത്യുവിൻ്റെ പരാതി. നൂറിലധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. സ്റ്റെപ്പിൽപോലും ആൾക്കാരുമായി ബസ്സ് തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു. യാത്രക്കാരുടെ അടുത്തെത്തി ടിക്കറ്റ് നൽകുന്നത് പ്രയാസമായതിനാൽ പിന്നിലായിരുന്ന താൻ മുൻഭാഗത്തുണ്ടായിരുന്നവരുടെ ടിക്കറ്റ് യാത്രക്കാരുടെ സഹായത്തോടെയാണ് മുന്നിലെത്തിച്ചതെന്നും ടിക്കറ്റ് പരസ്പരം കൈമാറുമ്പോൾ സംഭവിച്ച പിശകാവാനാണ് സാധ്യതയെന്നും മാത്യു പറഞ്ഞു.
ഹൃദ്രോഗിയായ തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ കാര്യമറിയിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ ഇൻസ്പെക്ടർ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ബസ്സിൽ നിന്നിറങ്ങി സമീപത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടേണ്ടി വന്നതെന്നും മാത്യു പറഞ്ഞു. ഇതേ ഇൻസ്പെക്ടർ കഴിഞ്ഞ മാസം സഹോദരനും
സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടറുമായ ജോബിക്കെതിരേ വ്യാജ റിപ്പോർട്ട് നൽകി സസ്പെൻഡ് ചെയ്യിച്ചതായും മാത്യു പറഞ്ഞു. എം.എസ്.സി, ബി.എഡ് ബിരുദധാരിയായ തനിക്ക് ചെയ്യാത്ത തെറ്റിൻ്റെ പേരിൽ അപമാനിതനായി ജീവിക്കാൻ പ്രയാസമുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി ഇൻസ്പെക്ടറുടെ പേരിൽ നടപടി വെണമെന്നുമാണ് മാത്യുവിന്റെ ആവശ്യം. ബസ്സിൽ കയറി ടിക്കറ്റ് പരിശോധിക്കേണ്ട ഇൻസ്പെക്ടർ കാട്ടിക്കുളം ബസ് സ്റ്റാൻഡിൽ ബസ്സിനു പുറത്തുനിന്നാണ് പരിശോധിച്ചത്. മുഴുവൻ ടിക്കറ്റുകളും പരിശോധിക്കണമെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഇൻസ്പെക്ടർ അതിനു തയ്യാറായില്ലെന്നും എ.വി. മാത്യു പറഞ്ഞു.