തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖ രാജി സംബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സന്ദേശം പിൻവലിച്ചു. ബിജെപി നേതൃത്വം നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് രാജി തീരുമാനത്തിൽ നിന്ന് ശ്രീലേഖ പിന്മാറിയത്. രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രീലേഖയുടെ രാജി നീക്കം തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന സാഹചര്യം നിലനിന്നിരുന്നു. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. ശ്രീലേഖ രാജിവച്ചിരുന്നെങ്കിൽ അംഗബലം കുറയുകയും ഭരണസ്ഥിരത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു.
പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് രാജി സന്ദേശം പിൻവലിച്ചത്. ആരോഗ്യപരമായ അസ്വസ്ഥതകളും ജനപ്രതിനിധി എന്ന നിലയിൽ ചുമതലകൾ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടായിരുന്നുവെന്ന വിശദീകരണവും ബിജെപി നേതാക്കൾ നൽകിയിട്ടുണ്ട്.
മുൻ കേരള ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറാണ്. രാജി നീക്കം പിൻവലിച്ചതോടെ തിരുവനന്തപുരം കോർപറേഷൻ ഭരണവുമായി ബന്ധപ്പെട്ട് ബിജെപി നേരിട്ടിരുന്ന അടിയന്തര പ്രതിസന്ധി തൽക്കാലം ഒഴിവായിരിക്കുകയാണ്.