തിരുവനന്തപുരം: പഠിപ്പിക്കാൻ ആളില്ലെങ്കിൽ കോളേജുകളിൽ ഇനി വിരമിച്ച അധ്യാപകരെയും നിയമിക്കാൻ വ്യവസ്ഥ. അക്കാദമികയോഗ്യതയില്ലെങ്കിലും വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരെ അധ്യാപകരായി നിയോഗിക്കാനുള്ള 'പ്രൊഫസർ ഓഫ് പ്രാക്ടീസ്' നടപ്പാക്കാമെന്നും നാലുവർഷബിരുദം പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ചു. വിദഗ്ധസമിതി ശുപാർശചെയ്തു.
നാലുവർഷബിരുദത്തിൻ്റെ പേര് 'ഫ്ളെക്സിബിൾ ഗ്രാഡ്വേറ്റ് പ്രോഗ്രാം' എന്നാക്കി മാറ്റും. മൂന്നുവർഷബിരുദത്തിന് 132, നാലുവർഷത്തിന് 176 എന്നിങ്ങനെ ക്രെഡിറ്റ് പരിഷ്കരിച്ചു. ക്രെഡിറ്റിൻ്റെ 40 ശതമാനം മൊത്തം ഓൺലൈൻ കോഴ്സുകൾവഴി നേടാമെന്നതാണ് മറ്റൊരു മാറ്റം. ഒരു പേപ്പറിന് നാലു ക്രെഡിറ്റാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നുവർഷം പൂർത്തിയാക്കുന്നവർക്ക് നാലാംവർഷത്തേക്കുകടക്കാൻ യു.ജി.സി. വ്യവസ്ഥയനുസരിച്ച് 120 ക്രെഡിറ്റ് നേടിയാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ. അതായത്, മൂന്നുപേപ്പർ തോട്ടവർക്കും നാലാംവർഷത്തേക്കുചേരാൻ തടസ്സമില്ല.
സഹകരണ, തദ്ദേശ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് ചെയ്യാനും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടാകും. സംസ്ഥാനതലത്തിലുള്ള ഇൻ്റേൺഷിപ്പ് പാനൽവഴിമാത്രം പ്രായോഗിക പരിശീലനം നൽകുന്നതിനുള്ള അപര്യാപ്തത പരിഹരിക്കാനാണ് ഈ ശുപാർശ.
കോളേജുകൾക്ക് അതതു ജില്ലയിലെ സൊസൈറ്റികൾ, തദ്ദേശവ്യവസായം, അക്ഷയ-ഐ.ടി. ഹബ്ബുകൾ തുടങ്ങിയവയൊക്കെ ഇൻ്റേൺഷിപ്പിനായി അധികാരപ്പെടുത്താം. വിവിധ മേഖലകളിൽ പ്രാഗൽഭ്യമുള്ളവരെ പഠിപ്പിക്കാൻ നിയോഗിക്കുന്ന സംവിധാനമാണ് യു.ജി.സി. നിർദ്ദേശിച്ചിട്ടുള്ള പ്രൊഫസർ ഓഫ് പ്രാക്ടീസ്.