പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ഇംഗ്ലീഷ് അധ്യാപകനെ ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനിയുടെ സഹപാഠികൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞയാഴ്ചയാണ് സ്കൂളിൽ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സ്കൂളിലെ ലിഫ്റ്റിൽ വച്ചാണ് വിദ്യാർഥിനി ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമത്തെക്കുറിച്ച് വിദ്യാർഥിനി സഹപാഠികളെ അറിയിച്ചതോടെയാണ് വിദ്യാർത്ഥികൾ പ്രകോപിതരായത്. തുടർന്ന് പെൺകുട്ടിയുടെ സഹപാഠികളായ ആൺകുട്ടികൾ സംഘം ചേർന്ന് അധ്യാപകനെ സ്കൂളിനുള്ളിൽ ഇട്ട് മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.
പൊലീസിൽ അറിയിക്കാതെ സ്കൂൾ അധികൃതർ; ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ തകൃതി സ്കൂൾ ക്യാമ്പസിനുള്ളിൽ വച്ച് അധ്യാപകൻ വിദ്യാർത്ഥിനിയെ അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവം വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് വഴി വെച്ചിട്ടും സംഭവം ഒത്തുതീർപ്പ് ആകുവാനുള്ള ശ്രമങ്ങളാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കോർപ്പറേറ്റ് മാനേജർ ആയ വൈദികന്റെ വലം കൈയായി അറിയപ്പെടുന്ന അധ്യാപകന് വേണ്ടി പ്രമുഖർ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ അടക്കം സ്വാധീനിച്ചും വിദ്യാർത്ഥികളോട് മാപ്പ് പറഞ്ഞും കേസ് ഒതുക്കാൻ ആണ് ശ്രമം.