യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് നിരക്ക് (MDR) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഡിജിറ്റൽ പണമിടപാടുകൾക്ക് അധിക നിരക്ക് ഈടാക്കുന്നത് വ്യാപാരികൾക്ക് സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്നും ചെറുകിട വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
13 ന് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം.
15ന് ലോകഭവനിലേക്ക് മാർച്ച്. ഇടുക്കിയിൽ നിന്നും 1000 പേർ പങ്കെടുക്കും
അടിമാലി: യുപിഐ ഇടപാടുകൾക്ക് എംഡിആർ (MDR) ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 13-ന് വൈകിട്ട് സംസ്ഥാനത്തെ ഏകോപന സമിതിയുടെ നാലായിരത്തോളം യൂണിറ്റുകളിലും പന്തംകൊളുത്തി പ്രതിഷേധ പരിപാടി നടത്തും. ഒക്ടോബർ 15-ന് ലോക്ഭവൻ മാർച്ചും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായതോടെ ചെറുകിട, ഇടത്തരം വ്യാപാരികൾ ഉൾപ്പെടെ വലിയൊരു വിഭാഗം കച്ചവടക്കാരും ദൈനംദിന വ്യാപാരത്തിനായി യുപിഐ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരമേഖലയ്ക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമെന്നും പ്രവർത്തനച്ചെലവ് വർധിപ്പിച്ചത് വ്യാപാരികളുടെ ലാഭത്തെ ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഓൺലൈൻ വ്യാപാരത്തിന്റെ ശക്തമായ മത്സരത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തികഭാരം ഏൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനയുടെ നിലപാട്. വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും നിലവിലുള്ള സൗജന്യ യുപിഐ ഇടപാട് സംവിധാനം തുടരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി നടക്കുന്ന ലോക്ഭവൻ മാർച്ചിൽ ഇടുക്കി ജില്ലയിൽനിന്ന് ആയിരം പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി അറിയിച്ചു.
മാർച്ചിനും ജില്ലാതല പ്രതിഷേധ പ്രവർത്തനങ്ങൾക്കും മുന്നോടിയായി നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി. എം. ബേബി, നേതാക്കളായ ജെ.എസ്.പി., സാൻ്റി മാത്യു തുടങ്ങിയവർ സംസാരിച്ചു.