ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സന്ദേശവുമായി ഒരു വിഷുക്കാലം കൂടി വിരുന്നെത്തി. വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകൾ പൂത്തു. കണിയുടെ നിരക്കാഴ്ച ഒരുക്കിയെത്തുന്ന വിഷുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും. വിഷുക്കണിയും, സദ്യയും ഒരുക്കുന്നതിനായി ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വിപണിയിൽ തിരക്ക് കൂട്ടുന്നു.
15-)0 തിയതി ബുധനാഴ്ചയാണ് വിഷു ആഘോഷം.
കണിയൊരുക്കാനുള്ള വിഭവങ്ങൾ ധാരാളമായി വില്പനക്ക് കടകളിൽ എത്തിയിട്ടുണ്ട്. കൃഷ്ണന്റെ പ്രതിമകളും മറ്റും കടകൾക്ക് പുറമെ പാതയോരങ്ങളിലും ലഭ്യമാണ്. വിഷു വിപണി ലക്ഷ്യമിട്ട് പൊന്നിൽ നിറമുള്ള കണി വെള്ളരിയും വലിയ തോതിലാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ വാങ്ങാൻ എത്തുന്നവർക്കായി ഒട്ടേറെ ഓഫാറുകളാണ് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്വർണ്ണ നാണയങ്ങളുമായി ജൂവല്ലറികളും, വമ്പൻ ഓഫറുകളും, വിലക്കിഴിവും ആയി ഗൃഹോപകരണ വില്പന സ്ഥാപനങ്ങളും വിഷു വിപണി കൊഴുപ്പിക്കാനുണ്ട് . വിഷു പടിവാതിൽക്കൽ എത്തിയതോടെ പടക്ക വിപണിയും സജീവമായി.