കൽപ്പറ്റ: ദുരന്തങ്ങളുടെയും പ്രതികൂല സംഭവങ്ങളുടെയും വാർത്തകളിൽ ‘വയനാട്’ എന്ന പേര് വ്യാപകമായി ഉപയോഗിക്കുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നതിനാൽ, ജില്ലയിൽ അനുയോജ്യമായ ഒരു പ്രധാന ടൗണിന് ‘വയനാട്’ എന്ന പേര് നൽകണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി ആവശ്യപ്പെട്ടു.
കൽപ്പറ്റ സിവിൽ സ്റ്റേഷൻ, ജില്ലാ കളക്ടറേറ്റ്, ജില്ലാ കോടതി തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കേന്ദ്രീകരിച്ച് ‘വയനാട്’ എന്ന പേരിലുള്ള ഭരണ-നഗര കേന്ദ്രം വികസിപ്പിക്കുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘വയനാട്’ എന്ന പേര് പ്രശ്നങ്ങളുടെ തലക്കെട്ടായി മാത്രം മാറാതെ ടൂറിസത്തിന്റെയും വികസനത്തിന്റെയും പോസിറ്റീവ് ബ്രാൻഡായി ഉയർത്തണമെന്നാണ് ആവശ്യം.
കേരളത്തിലെ വയനാട് ഒഴികെ എല്ലാ ജില്ലകൾക്കും ആ ജില്ലയുടെ പേരുള്ള ഒരു സ്ഥലമുണ്ട്. പക്ഷേ വയനാടിന് മാത്രം അങ്ങനെ ഒരു സ്ഥലപ്പേരുള്ള ഗ്രാമമോ, മുനിസിപ്പാലിറ്റിയോ, സിറ്റിയോ ഇല്ല.