കരിങ്കുന്നം : ഇടുക്കിയുടെ കായിക ഭൂപടത്തിൽ കരിങ്കുന്നം എന്ന ഗ്രാമത്തെ അടയാളപ്പെടുത്തിയ കായികാധ്യാപകൻ നടുപ്പറമ്പിൽ N K കുരുവിള (പാപ്പ സർ ) വിട വാങ്ങിയിട്ട് ഇന്ന് 50 വര്ഷം തികയുന്നു. കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിന്റെ പ്രാരംഭ ഘട്ടത്തിൽ 20 വർഷത്തോളം കായികാധ്യാപകനായിരുന്ന കുരുവിള സർ, ഒരു നാടിന്റെ കായിക സംസ്കാരത്തിന് അടിത്തറ പാകിയ വ്യക്തിത്വമാണ്. തന്റെ കായിക പാരമ്പര്യം മക്കളിലൂടെയും കുരുവിള സർ നിലനിർത്തി. മകൻ പരേതനായ ലൂക്കാച്ചൻ വോളിബോളിൽ മികവ് തെളിയിക്കുകയും, അമേരിക്കയിൽ ജിമ്മി ജോർജ്ജ് ടൂര്ണമെന്റ്റ് ആരംഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു മകൻ N K ബിജു സീനിയർ നാഷണൽ വോളീബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടു തവണ കേരളത്തെ പ്രതിനിധീകരിച്ച മുൻ ഏജീസ് താരമാണ്.
പാപ്പ സർ തെളിച്ച വഴിയിലൂടെ നടന്ന് കായിക ലോകത്ത് വിസ്മയം തീർത്തവർ നിരവധിയാണ്. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് പ്രീജ ശ്രീധരന്റെ പരിശീലകൻ രണേന്ദ്രൻ, ഏഷ്യാഡിൽ തിളങ്ങിയ ബിബു പാമ്പക്കൽ, ഇന്ത്യൻ വോളിബോൾ താരം ഷാജി M ജോർജ്ജ്, അത് ലറ്റിക് താരം ജോളി ജെയിംസ്, വോളിബോൾ താരവും, എഴുത്തുകാരനുമായ നെല്ലാപ്പാറ ബേബി, നാഷണൽ വോളിബോൾ പാനൽ അംഗം റെജി P തോമസ്. ഇവർക്ക് പുറമെ വടം വലി മേഖലയിൽ ശ്രദ്ധേയയരായ ഭായി മാത്യു കറുത്തേടത്ത്, ജെയിംസ് ആനക്കല്ലാമല തുടങ്ങിയവർക്കും വഴി കാട്ടിയത് പാപ്പ സാറിന്റെ ശിക്ഷണമായിരുന്നു. കായിക വിനോദം ഒരു ജീവിതചര്യയാക്കി മാറ്റിയ കുരുവിള സർ ഇന്നും കരിങ്കുന്നത്തെ കായിക പ്രേമികളുടെ മനസ്സിൽ കേടാ വിളക്കായി നിൽക്കുന്നു.