മരണത്തിലും പിരിയാത്ത സൗഹൃദം; ഇനി ഓർമകളിൽ ഒരുമിച്ച് നവീനും മൃദുലയും
മൂവാറ്റുപുഴ: ഒരേ ക്ലാസ് മുറിയിലിരുന്ന് അവർ കണ്ട സ്വപ്നങ്ങളെല്ലാം ഒരേ നിറമായിരുന്നു. സൗഹൃദത്തിന്റെ ആഴം അളന്ന കലാലയകാലം മുതൽ തിരുവനന്തപുരത്തെ ഐടി ലോകത്തെ തിരക്കുകൾക്കിടയിൽ എത്തിനിൽക്കുമ്പോഴും ആ കൂട്ടുകെട്ടിന് മാറ്റമൊന്നും സംഭവിച്ചില്ല. ഒടുവിൽ വാഹനാപകടത്തിന്റെ രൂപത്തിൽ കടന്നുവന്ന മരണത്തിനും അവരെ വേർപെടുത്താനായില്ല. ഇന്നലെ നവീന്റെ 25-ാം ജന്മദിനമായിരുന്നു. ആ സന്തോഷം പങ്കിടാനുള്ള യാത്രക്കിടെയാണ് തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ച് വിധി കാറിന്റെ രൂപത്തിൽ ഇവരുടെ ബൈക്കിന്റെ പിന്നിലിടിച്ചത്.
മൂവാറ്റുപുഴ വാഴപ്പിള്ളി വലിയവീട്ടിൽ പറമ്പിൽ നവീൻ സിബിയും (25), തൊടുപുഴ മുട്ടം മ്രാല അരികുപുറത്തിൽ വീട്ടിൽ മൃദുല ആൻ ഉമ്മനും (25) തമ്മിൽ സ്കൂൾ തലത്തിൽ തുടങ്ങിയ സൗഹൃദമാണ്. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ ബിടെക് ഇൻഫർമേഷൻ ടെക്നോളജിക്കും ഇരുവരും ഒരുമിച്ചായിരുന്നു. ജോലി തേടിയുള്ള യാത്രയും അവരെ എത്തിച്ചത് ഒരേ നഗരത്തിൽ. നവീൻ തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ എഞ്ചിനീയറായി ചുവടുറപ്പിച്ചപ്പോൾ, മൃദുല കിൻഫ്രയിലെ ഐടി സ്ഥാപനത്തിലാണ് ജോലിയിൽ പ്രവേശിച്ചത്.
പ്രിയപ്പെട്ടവരുടെ വേർപാട് ഉൾക്കൊള്ളാനാകാതെ തകർന്നിരിക്കുകയാണ് ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. നവീന്റെ സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വാഴപ്പിള്ളി നിരപ്പ് മാക്സ്മില്യൻ കോൾബേ പള്ളിയിൽ നടത്തി. മൃദുലയുടെ സംസ്കാരം ഇന്ന് (ഞായർ) കഴിഞ്ഞു 3 മണിക്ക് തൊടുപുഴ മാർത്തോമാ പള്ളിയിൽ നടക്കും.
നവീന്റെ പിതാവ് : സിബി ജോസഫ്, മാതാവ് : ശാലിനി (അധ്യാപിക, നിർമല ജൂനിയർ സ്കൂൾ, മൂവാറ്റുപുഴ), സഹോദരി: നവ്യ
കടപ്പാട് : NCV News