ന്യൂഡല്‍ഹി∙ പൈലറ്റ് ക്ഷാമംമൂലം ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞ സംഭവത്തിൽ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയാറെടുക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.
വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തി. ഇൻഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു.. ഇന്ന് 850ൽ താഴെ സർവീസുകളാണ് റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു. വെള്ളിയാഴ്ച ആയിരത്തിലേറെ സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിരുന്നു. ഇതോടെ ടിക്കറ്റ് നിരക്കുകൾക്ക് കേന്ദ്ര സർക്കാർ പരിധി ഏർപ്പെടുത്തി..
ഇൻഡിഗോ ടിക്കറ്റ് കാൻസലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി 8നു മുൻപായി യാത്രക്കാർക്ക് നൽകണമെന്നു കേന്ദ്രം ഉത്തരവിട്ടു. റീഷെഡ്യൂളിങ് ചാർജുകൾ ഈടാക്കാൻ പാടില്ല. റീഫണ്ടിൽ കാലതാമസം വരുത്തിയാൽ കർശന നടപടിയുണ്ടാകും. നവംബർ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളിൽ 2026 ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് ഇളവു നൽകി. അസാധാരണമായ യാത്രാപ്രതിസന്ധി കണക്കിലെടുത്താണിത്.
ഡിജിസിഎ നൽകിയ ഇളവിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 10നും 15നും ഇടയിൽ സർവീസുകൾ പൂർവസ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘ഒറ്റരാത്രി കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നമല്ലെന്നാണ്’ ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സംഭവം അന്വേഷിക്കാനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നാലംഗ ഉന്നതതലസമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.