ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകനും നടനുമായ പലാശ് മുച്ഛ ൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പലാശ് ഇക്കാര്യം അറിയിച്ചത്. സ്ഥിരീകരണമില്ലാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെയും വിലയിരുത്തരുതെന്ന് പലാശ് കുറിച്ചു. അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും പലാശ് വ്യക്തമാക്കി.
പലാശ് മുച്ഛലിന്റെ വാക്കുകൾ– ‘എന്റെ ജീവിതവുമായി മുന്നോട്ട് പോകാനും എന്റെ വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറാനും ഞാൻ തീരുമാനിച്ചു. ഞാൻ ഏറ്റവും പവിത്രമായി കണക്കാക്കിയിരുന്ന ഒരു കാര്യത്തെക്കുറിച്ച് ഉയർന്ന അടിസ്ഥാനരഹിതമായ കിംവദന്തികളോട് ആളുകൾ പ്രതികരിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടമാണിത്. എന്റെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ ഞാൻ അതിനെ മാന്യമായി നേരിടും. ഉറവിടങ്ങൾ ഇല്ലാത്ത, സ്ഥിരീകരിക്കാത്ത ഗോസിപ്പുകളുടെ അടിസ്ഥാനത്തിൽ ഒരാളെ വിലയിരുത്തുന്നതിന് മുൻപ് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അൽപ്പം ചിന്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ വാക്കുകൾ നമുക്ക് ഒരിക്കലും മനസ്സിലാകാത്ത വിധത്തിൽ മറ്റുള്ളവരെ മുറിവേൽപ്പിച്ചേക്കും.
ഇത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കുമ്പോഴും ലോകത്ത് നിരവധി ആളുകൾ ഇതിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്. വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ എന്റെ ടീം കർശനമായ നിയമനടപടി സ്വീകരിക്കും. ഈ ദുഷ്കരമായ സമയത്ത് എന്നോടൊപ്പം ദയയോടെ നിന്ന എല്ലാവർക്കും നന്ദി.'
വിവാഹത്തിൽ നിന്ന് പിൻമാറിയ വിവരം സ്മൃതി മന്ഥാനയും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾ മുൻപാണ് നടനും സംവിധായകനും ഗായകനുമായ പലാശ് മുച്ഛലിന്റെയും ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുടെയും വിവാഹം ഇന്ത്യയൊട്ടാകെ ചർച്ചയായത്. പലാശിന്റെയും സ്മൃതിയുടെയും വിവാഹദിവസം സ്മൃതിയുടെ പിതാവ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാശും അന്നേ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെയാണ് വിവാഹം മുടങ്ങിയെന്ന വാർത്തകൾ പ്രചരിച്ചത്.
പലാശ് മുച്ഛലിന്റേതെന്ന പേരിൽ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേരി ഡി കോസ്റ്റ എന്ന ഡാൻസ് കൊറിയോഗ്രാഫറുമായി പലാശ് നടത്തിയെന്ന് പറയപ്പെടുന്ന ചാറ്റുകളാണ് പ്രചരിച്ചത്.
പലാശിന്റെയും സ്മൃതിയുടെയും സ്ക്രീന്‍ഷോട്ടുകളില്‍ പലാശിന്റെ പേരും ഐഡിയുമുണ്ട്. സ്മൃതിയും പലാശും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേരി ചോദിക്കുമ്പോള്‍, ആ ബന്ധം ഏകദേശം അവസാനിച്ചതുപോലെയാണ് എന്നാണ് പലാശിന്റെ മറുപടി. ‘ഡെഡ് മോസ്റ്റ്’ എന്നും ‘ലോങ്- ഡിസ്റ്റൻസ്’ ബന്ധം എന്നും പലാശ് മേരിയോട് പറയുന്നുണ്ട്. നേരിട്ട് കാണാൻ മേരിയെ നിര്‍ബന്ധിക്കുന്നതും ചാറ്റില്‍ കാണാം. യുവതിയെ ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്പായിലേക്കും ബീച്ചിലേക്കും ക്ഷണിക്കുന്നതും ചാറ്റിലുണ്ട്. ഈ ചാറ്റുകളാകാം വിവാഹം മുടങ്ങാനുള്ള കാരണം എന്നും പറയപ്പെടുന്നു. സ്ക്രീൻഷോട്ടുകൾ ആദ്യം പങ്കുവച്ച യഥാർത്ഥ റെഡ്ഡിറ്റ് ത്രെഡ് നീക്കം ചെയ്തിരുന്നു. അതേസമയം ഈ വിഷയത്തിൽ സ്മൃതിയോ പലാശോ ഇരുവരുടെയും കുടുംബമോ പ്രതികരിച്ചിട്ടില്ല.