പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചക എണ്ണക്ക് വില കുതിക്കുന്നു. സൺഫ്ലവർ ഓയിലിന് ഒരാഴ്ചക്കുള്ളിൽ കൂടിയത് ലിറ്ററിന് 5 രൂപ. റൈസ് ബ്രാൻ ഓയിൽ മിശ്രിത എണ്ണകള്‍ക്ക് ലിറ്ററിന് 10 രൂപാ വരെയാണ് വർധിച്ചത്.
രാജ്യത്ത് സൺഫ്ലവർ ഓയിൽ മഹാരാഷ്ട്രയും, ആന്ധ്രയും ഉൾപ്പെടെ പല സംസ്ഥാനങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ഉത്പാദനത്തിൽ മുന്നിൽ നില്കുന്നത് കർണാടകയാണ്. ഈ ഉത്പാദനം രാജ്യമെങ്ങുമുള്ള സൺഫ്ലവർ ഓയിൽ ഉപയോഗത്തിന് ആനുപാതികമല്ല. അതുകൊണ്ടു തന്നെ നമുക്ക് വേണ്ട സൺഫ്ലവർ ഓയിലിന്റെ നല്ലൊരു ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഉക്രൈൻ, റഷ്യ, അര്‍ജന്റീന, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സൺഫ്ലവർ ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഈ ഇറക്കുമതിയെ ഇറാൻ യുദ്ധവും, പശ്ചിമേഷ്യൻ പ്രതിസന്ധിയും ബാധിച്ചിരിക്കുകയാണ്.