ജിഎസ്ടി നിയമം അനുസരിച്ച് ഇനി അറസ്റ്റ് ഇല്ല. നിയമത്തിൽ നിലവിൽ ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം പൂർണമായി ഒഴിവാക്കാൻ 57-ാമത് ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തു. ഇതിനായി കേന്ദ്ര ജിഎസ്ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കും.
അതേസമയം, നികുതി തട്ടിപ്പുകൾക്കും വെട്ടിപ്പിനുമെതിരായ നടപടി തുടരും. ജിഎസ്ടി നിയമ പ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ പരിധി ഒരു കോടിയിൽനിന്ന് 5 കോടി രൂപയായി ഉയർത്താനും തീരുമാനിച്ചു. സാധനങ്ങളോ സേവനങ്ങളോ ലഭിക്കാതെയും ഇൻവോയ്സ്/ബിൽ ഇല്ലാതെയും വ്യാജമായി ഐടിസി നേടിയെടുക്കുന്ന കേസുകൾ പ്രധാനമായും പ്രോസിക്യൂഷന്റെ പരിധിയിൽ വരും.
ശുപാർശകൾ 2027 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാകും. ജിഎസ്ടി സംബന്ധിച്ചുള്ള പൊതുവായ പിഴ 25,000 രൂപയായിരുന്നത് 10,000 രൂപയാക്കി കുറയ്ക്കും. വിവിധ ജിഎസ്ടി കുറ്റങ്ങൾക്കുള്ള ശിക്ഷയും കുറ്റത്തിന്റെ ഗൗരവമനുസരിച്ച് യുക്തിസഹമാക്കാനും കൗൺസിൽ ശുപാർശ ചെയ്തു.
നികുതി നിരക്കുകളിൽ മാറ്റങ്ങളൊന്നും നിർദേശിക്കാതെയാണ് 57–ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്നലെ സമാപിച്ചത്. നിരക്ക് പരിഷ്കാരം ഇനി വർഷത്തിലൊരിക്കൽ മാത്രമേ പരിഗണിക്കൂ എന്നും കൗൺസിൽ തീരുമാനിച്ചു. വർഷത്തിൽ ഒരു യോഗം നിരക്കു പരിഷ്കരണത്തിനു വേണ്ടി മാത്രമായി മാറ്റിവയ്ക്കും. തൊട്ടടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യദിവസമായ ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരുന്ന തരത്തിലായിരിക്കും ഇത് നടപ്പാക്കുക. ഫലത്തിൽ ഇനിയെല്ലാ ജിഎസ്ടി യോഗങ്ങളിലും നിരക്ക് വർധനയെക്കുറിച്ച് ആകംക്ഷ വേണ്ടെന്നു ചുരുക്കം. ഇതിനു മുൻപ് 2025 സെപ്റ്റംബറിൽ നടന്ന 56–ാമത് യോഗത്തിലാണ് വൻ തോതിലുള്ള നിരക്കു പരിഷ്കരണം നടത്തിയത്. അതുകൊണ്ട് ഇക്കുറി നടപടികളിലെ പരിഷ്ക്കരണത്തിനാണ് ഊന്നൽ നൽകിയത്. ബിസിനസ്സുകളെ വിശ്വാസത്തിലെടുത്തുള്ള നികുതി സംവിധാനമാക്കി ജിഎസ്ടിയെ മാറ്റുകയായിരുന്നു പല പരിഷ്ക്കാരങ്ങളുടെയും ലക്ഷ്യം.
വൈകി റിട്ടേൺ നൽകുകയോ പിഴവ് വരുത്തുകയോ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ കുടിശികയും പലിശയും ആനുപാതിക പിഴയും മാത്രം ഈടാക്കും. അതിനു മുകളിലേക്കുള്ള നടപടികളുണ്ടാകില്ലെന്നു ചുരുക്കം.
പുതിയ നിർദേശങ്ങൾ ∙
10,000 രൂപയിൽ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട കേസുകളിൽ നോട്ടിസ് നൽകില്ല. കേസുകളിലെ ശിക്ഷ പിഴയോ തടവോ അതോ രണ്ടുമോ എന്നത് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് നൽകാനും ശുപാർശയുണ്ട്.
ഒന്നിലധികം സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള നികുതിദായകർക്ക് നികുതി ഉദ്യോഗസ്ഥനെ നേരിട്ടു കാണാതെ ഓൺലൈൻ പോർട്ടൽ വഴി നടപടിക്രമം പൂർത്തിയാക്കുന്ന ‘ഫെയ്സ്ലെസ് സ്കീം’ കൊണ്ടുവരും.
ചരക്കു കൊണ്ടുപോകുന്ന ട്രക്കുകൾ കൃത്യമായ രഹസ്യ വിവരമില്ലാതെ തടയാൻ ഉദ്യോഗസ്ഥർക്ക് ഇനി അനുമതിയില്ല. ഒപ്പം ഇതിനായി ഇനി ജോയിന്റ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയും വേണം.
ഏതെങ്കിലുമൊരു സംസ്ഥാനത്തുകൂടി ട്രക്ക് കടന്നുപോകുന്നു എന്ന കാരണത്താൽ വെറുതെ പരിശോധിക്കാനാകില്ല. അതേസമയം, ഇ–വേ ബിൽ അടക്കമുള്ള രേഖകളില്ലെങ്കിൽ നടപടി സ്വീകരിക്കാം.
ബിസിനസ്സുകൾക്ക് ജിഎസ്ടി റീഫണ്ടിന്റെ 90% 13 ദിവസത്തിനുള്ളിൽ ലഭ്യമാക്കും. റീഫണ്ട് ക്ലെയിം അംഗീകരിക്കുന്നതിനുള്ള സമയപരിധി 15 ദിവസമായിരുന്നത് 10 ആയി കുറയ്ക്കും.