തൊടുപുഴ : കുട്ടികൾക്കിടയിൽ മുണ്ടിനീര് അസുഖം പടരുന്നു. ചെറിയ കുട്ടികളിലാണ് കൂടുതലായി ഈ അസുഖം കാണപ്പെടുന്നത്. കഴിഞ്ഞ മാസം 19 പേർക്കാണ് ഈ അസുഖം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന മുണ്ടിനീര് ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. നീരുള്ള ഭാഗത്ത്ത് കടുത്ത വേദന അനുഭവപ്പെടാം. ചെറിയ പനിയും തല വേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വായ തുറക്കുന്നതിനും, ചവക്കുന്നതിനും, ഉമിനീർ ഇറക്കുന്നതിനും പ്രയാസം അനുഭവപ്പെടും. വിശപ്പില്ലായ്മ, തൊണ്ട വേദന, പേശീ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
മുണ്ടിനീരിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ അധികൃതരെ അറിയിക്കുക.
കുട്ടികളെ രോഗം ബാധിച്ചാൽ അവരെ സ്കൂളിൽ വിടാതിരിക്കുക, ധാരാളം വെള്ളം കുടിക്കാൻ നൽകുക, വിശ്രമം നൽകുക എന്നിവയാണ് ചെയ്യേണ്ടത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും പുറത്തു വരുന്ന സ്രവങ്ങളും, ഉമിനീരും വായുവിൽ കലരുന്നത് മൂലം രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും, രോഗി കൈകാര്യം ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുവാൻ ഇടയുണ്ട്. രോഗബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.