തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയും മുള്ളും സൂക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. ബീഹാര്‍ സ്വദേശിയായ സിലാസ് എംബാറാംമാണ് പിടിയിലായത്. ഇയാള്‍ക്ക് നെടുങ്കണ്ടം തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപം വാഹനം ഇടിച്ച് ചത്ത നിലയില്‍ മുള്ളന്‍പന്നിയെ ലഭിച്ചിരുന്നു. മുള്ളന്‍പന്നിയെ താമസസ്ഥലത്തുകൊണ്ടുപോയി കറി വയ്ക്കുന്നതിനായി ഒരുക്കി
തുടര്‍ന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ ഇറച്ചി ലഭിച്ച വിവരമറിയിച്ചെങ്കിലും അവര്‍ മുള്ളന്‍പന്നിയുടെ ഇറച്ചിയാണെന്ന് വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിക്കുകയും ഇറച്ചി പാകം ചെയ്തു കഴിക്കുന്നതിനുമായി കട്ടപ്പനയ്ക്ക് ഇറച്ചിയും ചാക്കിലാക്കി പുറപ്പെടുകയായിരുന്നു. സുഹുത്തുക്കളുടെ വിശ്വാസ്യത നേടാന്‍ മുള്ളന്‍ പന്നിയുടെ മുള്ളുകളും ഇറച്ചിക്കൊപ്പം സൂക്ഷിച്ചു.
കട്ടപ്പനയില്‍ പോലീസിന്റെ വാഹന പരിശോധന നടക്കുന്നതിനിടെ ചാക്ക് ശ്രദ്ധയില്‍പ്പെടുകയും ഇറച്ചി കണ്ടെത്തുകയുമായിരുന്നു. തുടർന്നു പോലീസ് കുമളി റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയും പ്രതിയെ ഇവര്‍ക്ക് കൈമാറുകയും ചെയ്തു. അഞ്ചു കിലോ മുള്ളന്‍പന്നിയിറച്ചിയും മുള്ളുകളും ഇറച്ചി പാകപ്പെടുത്താന്‍ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനം വകുപ്പ് പിന്നീട് നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളില്‍നിന്ന് കേരളത്തില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് വന്യജീവി നിയമത്തെക്കുറിച്ചുള്ള കൃത്യമായ അറിവില്ലെന്നും തൊഴിലുടമകള്‍ വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച് ഇവര്‍ക്ക് അവബോധം നല്‍കണമെന്നും വനംവകുപ്പധികൃതര്‍ പറഞ്ഞു.